scorecardresearch

ബ്രൂവറിയിൽ സർക്കാരിന്റെ സമീപനം സുതാര്യം: എം.ബി. രാജേഷ്

സ്പിരിറ്റ്, എഥനോൾ,വിദേശമദ്യം എന്നിവ തദ്ദേശീയമായി ഉത്പാദിപ്പിക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഈ വരുമാനം സംസ്ഥാനത്തിന്റെ വികസനത്തിനും തൊഴിൽ അവസരങ്ങൾ സ്രഷ്ടിക്കുന്നതിനും ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്

സ്പിരിറ്റ്, എഥനോൾ,വിദേശമദ്യം എന്നിവ തദ്ദേശീയമായി ഉത്പാദിപ്പിക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഈ വരുമാനം സംസ്ഥാനത്തിന്റെ വികസനത്തിനും തൊഴിൽ അവസരങ്ങൾ സ്രഷ്ടിക്കുന്നതിനും ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്

author-image
WebDesk
New Update
Varthamanam With M B Rajesh

M.B Rajesh on Varthamanam

തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുതാര്യമായ സമീപനം മാത്രമാണ് ഉള്ളതെന്ന് തദ്ദേശ-എക്‌സൈസ്-പാർലമെന്റ് കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. എക്‌സൈസ് വകുപ്പിൽ ചട്ടപ്രകാരം നിയമപരമായും മാത്രമാണ് കാര്യങ്ങൾ മുന്നോട്ടുനീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് മന്ത്രി തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്.

Advertisment

പാലക്കാട് ബ്രൂവറി യുണിറ്റിനുള്ള സർക്കാർ തീരുമാനത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. "ബ്രൂവറിയിൽ സുതാര്യമായ നയമാണ് സർക്കാരിനുള്ളത്. കേരളത്തിൽ ഒരുവർഷം മദ്യം ഉത്പാദിപ്പിക്കുന്നതിന് മാത്രം 9.26കോടി ലിറ്റർ സ്പിരിറ്റ് പുറത്തുനിന്ന് വാങ്ങണം. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമുള്ള എഥനോൾ ബ്ലെൻഡിങിന് 30 കോടി സ്പരിറ്റ് വാങ്ങണം. ഈ സ്പിരിറ്റ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നതിൽ എന്താണ് കുഴപ്പം"- മന്ത്രി ചോദിച്ചു

ബ്രൂവറിയിൽ എൽഡിഎഫ് സർക്കാരിന്റെ നയമാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സ്പിരിറ്റ്, എഥനോൾ,വിദേശമദ്യം എന്നിവ തദ്ദേശീയമായി ഉത്പാദിപ്പിക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഈ വരുമാനം സംസ്ഥാനത്തിന്റെ വികസനത്തിനും തൊഴിൽ അവസരങ്ങൾ സ്രഷ്ടിക്കുന്നതിനും ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. - എംബി രാജേഷ് പറഞ്ഞു.

ഒരു തുള്ളി ഭൂഗർഭജലം ബ്രൂവറി പ്ലാന്റിനായി ഉപയോഗിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ മുന്നണിക്കുള്ളിലെ പാർട്ടികളെ ആശങ്കകളെപ്പറ്റിയുള്ള ചോദ്യത്തിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്. "മലമ്പുഴ ഡാമിൽ നിന്ന് കിൻഫ്രക്ക് അനുവദിച്ച 10എംഎൽഡി (മെഗാ ലിറ്റേഴ്‌സ് പെർഡേ) വെള്ളം ഉപയോഗിച്ചാണ് ബ്രൂവറി പ്രവർത്തിക്കുക. ഇതിനുപുറമേ മഴവെള്ള സംഭരണികളെയും ആശ്രയിക്കും. ഒരുതുള്ളി ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് പാലക്കാട് ബ്രൂവറി പ്ലാന്റിന് അനുമതി നൽകിയത്"- എംബി രാജേഷ് പറഞ്ഞു.

Advertisment

പ്ലാച്ചിമടയിലെ സമരത്തിന് കാരണം മറ്റൊന്ന്

പ്ലാച്ചിമട സമരവും ബ്രൂവറിയുമായി കൂട്ടിചേർക്കേണ്ടെന്ന് എം.ബി.രാജേഷ് പറഞ്ഞു. പ്ലാച്ചിമടയിൽ ജലചൂഷണമാണ് നടന്നത്. കോളകമ്പിനി ജലസോത്രസ്സുകളെ മലിനമാക്കി. ഇതിനുപുറമേ വ്യാപകമായി ഭൂഗർഭജലം ഉപയോഗിച്ചു. ഇതിനെ തുടർന്നാണ് താൻ ഉൾപ്പടെയുള്ളവർ അന്ന് സമരത്തിന് മുന്നിട്ടിറങ്ങിയതെന്ന് എം.ബി.രാജേഷ് പറഞ്ഞു. 

കേരളത്തിന്റെ മുഖ്യവരുമാനം മദ്യമല്ല

മദ്യത്തിൽ നിന്നുള്ള വരുമാനമാണ് കേരളത്തിന്റെ മുഖ്യ വരുമാനം എന്നത് തെറ്റായ പ്രചാരണമാണെന്ന് എം.ബി.രാജേഷ് പറഞ്ഞു. "ഏറ്റവുമധികം മദ്യം,ലഹരി പദാർത്ഥങ്ങളുടെ ഉപയോഗമുള്ള സംസ്ഥാനം കേരളമെന്ന് തരത്തിൽ പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്. ഇത് തികച്ചും തെറ്റാണ്. ഏറ്റവുമധികം മദ്യം-മയക്കുമരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ ആദ്യ അഞ്ചെണ്ണത്തിന്റെ പട്ടികയിൽപോലും കേരളമില്ല"- മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ പുതിയ ജിഎസ്ടി നയം വന്നതിന് ശേഷം സംസ്ഥാന സർക്കാരിന് വളരെ പരിമിതമായ വസ്തുക്കൾക്ക് മാത്രമേ നികുതി ചുമത്താൻ കഴിയു. മദ്യം, പെട്രോളിയം വസ്തുക്കൾ, സ്റ്റാമ്പ് ഡ്യൂട്ടി രജിസ്‌ട്രേഷൻ തുടങ്ങിയവയ്ക്ക് മാത്രമേ സംസ്ഥാന സർക്കാരിന് നികുതി ഈടാക്കാൻ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. 

കിഫ്ബി ടോൾ മറ്റ് നിർവ്വാഹമില്ലാത്തിനാൽ

കിഫ്ബി വഴി നിർമിക്കുന്ന റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുന്നത് പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി മാത്രമാണെന്ന് എംബി രാജേഷ് വ്യക്തമാക്കി. "കേന്ദ്ര സർക്കാരിന്റെ വിഹിതം കുറയുകയും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം തികയാതെ വന്നപ്പോഴാണ് കിഫ്ബി രൂപവത്കരിച്ചത്. നേരത്തെ കിഫ്ബി വായ്പയെ ബജറ്റിന് പുറത്തുള്ള വായ്പയായാണ് കണക്കായിരുന്നത്. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കിഫ്ബിയെയും ഈ പരിധിയിൽ കൊണ്ടുവന്നു. ഇതിനുപുറമേ പഴയവായ്പകളെയും ഈ പരിധിയിൽ കൊണ്ടുവന്നു. ഇതോടെ കിഫ്ബിയുടെ പ്രവർത്തനം താറുമാറാകുമെന്ന് അവസ്ഥ വന്നപ്പോഴാണ് നാമമാത്രമയാണ് ടോൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിരായത്". 

മേയിൽ അർബൻ കോൺക്ലേവ് സംഘടിപ്പിക്കും

സംസ്ഥാനത്ത് മേയ് മാസം അർബൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്.കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് നഗരവത്കരണമെന്ന് എംബി രാജേഷ് പറഞ്ഞു.

"കേരളത്തെ മൊത്തം ഒറ്റനഗരമായി കാണാം. നഗരവത്കരണത്തിന് ഒരുപാട് സാധ്യതകളും വെല്ലുവിളികളുമുണ്ട്. സംസ്ഥാനത്ത് നഗരനയം രൂപീകരിക്കുന്നതിന് നഗരനയ  കമ്മിഷൻ രൂപീകരിച്ചിരുന്നു. വരുന്ന 25 വർഷത്തെ കേരളത്തിന്റെ നഗരവികസനം സംബന്ധിച്ചുള്ള കൃത്യമായ നയം രൂപീകരിക്കുന്നതിനാണ് കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്റെ ഇടക്കാല പഠനറിപ്പോർട്ട് ലഭിച്ചിരുന്നു. പൂർണ റിപ്പോർട്ട് മാർച്ചിൽ ലഭിക്കും. ഇതിനുപിന്നാലെ മേയിൽ  സംസ്ഥാനത്ത് അർബൻ കോൺക്ലേവ് സംഘടിപ്പിക്കും"-എം.ബി. രാജേഷ് പറഞ്ഞു.

പൊതുസ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും

സംസ്ഥാനത്ത് എല്ലാ പൊതുഇടങ്ങളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുമെന്ന് എംബി രാജേഷ് പറഞ്ഞു. മാലിന്യം വലിച്ചെറിയുന്നത് തടയാൻ ശക്തമായ നിയമനടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. മാലിന്യ നിർമാജ്ജനത്തിൽ, ഇന്ത്യയിൽ ഒരു സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്നും എംബി രാജേഷ് അഭിപ്രായപ്പെട്ടു. 

മന്ത്രിയെന്ന് നിലയിൽ തന്റെ പകുതിയിലേറെ സമയവും മാലിന്യ നിർമാജ്ജനം പദ്ധതികൾക്കായാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ബ്രഹ്മപുരം തീപിടുത്തം ഉണ്ടായപ്പോൾ സർക്കാർ അതിനെയൊരു അവസരമായി വിനിയോഗിച്ചു. ഇത്തരം സംഭവങ്ങൾ ഇനി സംസ്ഥാനത്ത് ഉണ്ടാകരുതെന്നതിന് സർക്കാർ മുഖ്യപരിഗണന നൽകി. വിവിധ പദ്ധതികളും ക്യാമ്പയിനുകളും നടപ്പിലാക്കി. തീപിടുത്തം ഉണ്ടായ ബ്രഹ്മപുരത്തെ മാസങ്ങൾക്കുള്ളിൽ മനോഹരമാക്കാനായതും ഈ പ്രവർത്തനം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. 

സിപിഎം നേതാക്കളുടെ പാർട്ടിയല്ല

സിപിഎം നേതാക്കളുടെ പാർട്ടിയല്ലെന്നും എല്ലാവരും പാർട്ടിയുടെ നേതാക്കളാണെന്നും എംബി രാജേഷ് പറഞ്ഞു. "ഇഎംഎസിന് ശേഷം പാർട്ടിയെ നയിക്കാൻ ആരെന്ന് ചോദ്യം വന്നു. പിന്നാലെ നായനാർ വന്നു. നായനാരെ പോലെ വ്യക്തി പ്രഭാവവുള്ള നേതാവ് ഇനി ഉണ്ടാകില്ലെന്നായിരുന്നു അന്ന് പലരും പറഞ്ഞത്. എന്നാൽ വിഎസ് അച്യുതാനന്ദൻ വന്നു. വിഎസിനെപ്പോലെ ജനകീയനായ നേതാവ് ഉണ്ടാകില്ലെന്നായിരുന്നു പിന്നീടുള്ള വിമർശമം. എന്നാൽ പിണറായി വിജയൻ വന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായ തുടർഭരണം നേടിയാണ് പിണറായി മുന്നോട്ട് നീങ്ങുന്നത്. എല്ലാ കാലത്തും പാർട്ടിക്കുള്ളിൽ നിന്ന് നേതാക്കൾ ഉണ്ടാകും"-എംബി രാജേഷ് പറഞ്ഞു.

തുടർഭരണം ഉറപ്പ്

എൽഡിഎഫ് സർക്കാരിന് തുടർഭരണം ഉറപ്പാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. "ഇത്രയേറെ പരിമിതികൾക്കുള്ളിൽ നിന്ന് ഇതിനേക്കാൾ നന്നായി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഉണ്ടാകില്ലെന്ന് എല്ലാവർക്കും അറിയാം. ഈ ബോധ്യം ജനങ്ങൾക്ക് നന്നായിട്ടുണ്ട്"- രാജേഷ് അഭിപ്രായപ്പെട്ടു. 

Read More

Mb Rajesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: