/indian-express-malayalam/media/media_files/wRMPTfE1o71vVturdgTn.jpg)
യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത് (ഫയൽ ചിത്രം)
തിരുവനന്തപുരം: വിവാദമായ മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്ക് എതിരെയും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു. മേയ് 9ന് തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നേമം സ്വദേശി എൽ.എച്ച്. യദു സമർപ്പിച്ച പരാതിയിലാണ് നടപടി.
മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എ ഡി.എൻ. സച്ചിൻ, അരവിന്ദ്, കണ്ടാലറിയാവുന്ന രണ്ട് പേർ എന്നിവർക്കെതിരെയാണ് പരാതി. ഏപ്രിൽ 27ന് കെഎസ്ആർടിസി ബസിന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രിൽ 27ന് രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്.എച്ച്.ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല.
ബസിന്റെ മുൻഭാഗത്തെ ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്നും യദു പരാതിയില്‍ പറയുന്നു. കന്റോൺമെന്റ് എസ്.എച്ച്.ഒയെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി, മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് യദുവിന്‍റെ ആവശ്യം.
ഒന്ന് മുതൽ അഞ്ച് വരെയുള്ള എതിർകക്ഷികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും തന്നെയും യാത്രക്കാരെയും സഞ്ചരിക്കാൻ അനുവദിക്കാത്തതിന് എതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
Read More
- പൊലീസ് മേയറേയും എംഎൽഎയേയും കണ്ട് വിറച്ചു പോയോ? വിമർശനവുമായി വി.ഡി സതീശൻ
- ഒരു കാരണവശാലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തില്ലെന്ന് പ്രതിഷേധക്കാർ; പരിഷ്ക്കാരങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രിയും
- മൈക്രോ ഫിനാൻസ് അഴിമതി; വെള്ളാപ്പള്ളി നടേശനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്
- ജയരാജൻ ജാവദേക്കറെ കണ്ടത് പൊളിറ്റിക്കൽ ഡീലിന്റെ ഭാഗമെന്ന് രമേശ് ചെന്നിത്തല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.