/indian-express-malayalam/media/media_files/KTvhRVwJAdA5JsQMZZmk.jpg)
സിദ്ദിഖ്
കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനെതിരെ മാധ്യമങ്ങളിൽ അടക്കം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. മലയാളത്തിലെയും ഇംഗ്ലീഷിലെയും വിവിധ ദിനപത്രങ്ങളിൽ സിദ്ദിഖിന്റെ ഫോട്ടോ അടക്കമാണ് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നുവെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. സിദ്ദിഖിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
എന്താണ് ലുക്ക്ഔട്ട് സർക്കുലർ?
കുറ്റവാളികളെ പിടികൂടുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പുറപ്പെടുവിക്കുന്ന ഒരു അലർട്ടാണ് ലുക്ക്ഔട്ട് സർക്കുലർ. ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ട വ്യക്തി അന്താരാഷ്ട്ര അതിർത്തികൾ, അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ, സമുദ്ര മേഖലകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലൂടെ രാജ്യം വിടുന്നത് തടയുന്നതിനുള്ള മുൻകരുതലാണ്. ലുക്ക്ഔട്ട് സർക്കുലറിലെ വ്യക്തിയുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യുക, ലോക്കൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുക, ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക, തടങ്കലിൽ വയ്ക്കുക എന്നിങ്ങനെ നടപടികളിൽ വ്യത്യാസം വരാം.
കേന്ദ്ര സർക്കാരിലെ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥൻ, സംസ്ഥാന തലത്തിൽ ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ, ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് സൂപ്രണ്ട്, വിവിധ നിയമപാലകരുടെയും സുരക്ഷാ ഏജൻസികളുടെയും നിയുക്ത ഉദ്യോഗസ്ഥർ, ഇന്റർപോളിലെ നിയുക്ത ഉദ്യോഗസ്ഥൻ എന്നിവർക്കാണ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ അധികാരമുള്ളത്.
സാമ്പത്തിക കുറ്റകൃത്യമാണെങ്കിൽ, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ (എസ്എഫ്ഐഒ) അഡീഷണൽ ഡയറക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ ചെയർമാൻ/മാനേജിംഗ് ഡയറക്ടർ/ചീഫ് എക്സിക്യൂട്ടീവ് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഏതെങ്കിലും ക്രിമിനൽ കോടതിയുടെ നിർദേശങ്ങൾ പ്രകാരമാണ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കുക.
സെപ്റ്റംബർ 24 ന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ സിദ്ദിഖ് ഒളിവിലാണ്. സിദ്ദിഖിനെതിരെ കഴിഞ്ഞ മാസമാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും അറസ്റ്റ് ചെയ്യുന്നതിനുള്ള ഒരു നടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെ യുവ നടിയാണ് സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. ആരോപണത്തിനുപിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പോലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ മലയാള സിനിമയിലെ സംവിധായകരും, നടന്മാരും അടക്കമുള്ളവർക്കെതിരെ പീഡന ആരോപണങ്ങൾ ഉന്നയിച്ച് നടിമാർ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ സിദ്ദിഖ് ഒഴികെയുള്ളവർക്കെല്ലാം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
തനിക്കെതിരെയുളള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ ആവശ്യം. എന്നാൽ, ഇക്കാര്യങ്ങൾ തള്ളികൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
മലയാള സിനിമാ മേഖലയിലെ സംഘടനകളായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്നും ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയതെന്നുമാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിയിൽ സിദ്ദിഖ് ആരോപിച്ചിട്ടുള്ളത്. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സുപ്രീം കോടതിയില്‍ സിദ്ദിഖിനായി മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്.
2022 ൽ പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്.
Read More
- അൻവറിന്റെ ഉദ്ദേശ്യം വ്യക്തം, ആരോപണങ്ങളെല്ലാം പൂർണമായും തള്ളുന്നു: മുഖ്യമന്ത്രി
- മുഖ്യമന്ത്രി എന്നെ കള്ളനാക്കാന്‍ ശ്രമിച്ചു, പാര്‍ട്ടിയിലെ രണ്ടാമൻ ആകണമെന്ന റിയാസിന്റെ മോഹം നടക്കില്ല: പി.വി.അൻവർ
- തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കവര്‍ച്ച; നഷ്ടമായത് 60 ലക്ഷത്തോളം
- സുജിത് ദാസും സംഘവും പിടിച്ചെടുത്ത സ്വർണം കടത്തുന്നു; അന്വേഷണത്തിനു വെല്ലുവിളിച്ച് പി.വി അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.