/indian-express-malayalam/media/media_files/c6k5AVQuJJWBbO5OfhlL.jpg)
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കിടയിലൂടെ കടന്നുപോയ ലോകസഭാ തിരഞ്ഞെടുപ്പിൽ അനിഷേധ്യമായ വിജയം കൊയ്ത് യു ഡി എഫ്. 20 ൽ പതിനെട്ട് സീറ്റും യു ഡി എഫ് സ്വന്തമാക്കി. കോൺഗ്രസ് മത്സരിച്ച 16 സീറ്റിൽ 14ലും വിജയം നേടി. ആറ്റിങ്ങൽ, മാവേലിക്കര ഒഴികെയുള്ള മണ്ഡലങ്ങളിൽ തകർപ്പൻ വിജയമാണ് യു ഡി എഫ് സ്വന്തമാക്കിയത്.
2019ലെ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്നും കരകയറാനാകാതെ എൽ ഡി എഫ് ഒരു സീറ്റിലൊതുങ്ങി. ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ നേടിയ നിറംമങ്ങിയ വിജയം മാത്രമാണ് സി പി എമ്മിനും എൽ ഡി എഫിനുമുള്ള ആശ്വാസം.
ബി ജെ പിയുടെ ബാലികേറാമലയെന്ന് വിശ്വസിച്ചിരുന്ന കേരളത്തിൽ ബി ജെ പി സ്ഥാനാർത്ഥി ആദ്യമായി അക്കൗണ്ട് തുറന്നു. 2004ൽ എൻ ഡി എ സ്ഥാനാർത്ഥിയായ പി സി തോമസ് ജയിച്ചിരുന്നുവെങ്കിലും പിന്നീട് കോടതി ആ വിജയം റദ്ദാക്കുകയും സി പി എം സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും വിജയപ്രതീക്ഷപോലും നഷ്ടപ്പെട്ട ബി ജെ പിയാണ് ഇത്തവണ സിനിമാ നടൻ സുരേഷ് ഗോപിയെ രണ്ടാം തവണയും തൃശൂരിലിറക്കി ചരിത്ര വിജയം നേടിയത്.
കോൺഗ്രസിനെ സംബന്ധിച്ച് 2019ൽ ഒരു സീറ്റാണ് നഷ്ടമായതെങ്കിൽ ഇത്തവണ രണ്ട് സീറ്റുകൾ നഷ്ടമായി. ലീഗ് തങ്ങളുടെ രണ്ട് സീറ്റുകളിലും മികച്ച വിജയം നേടി. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് ഏക സീറ്റ് കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗത്തിനോട് തോറ്റു. ആർ എസ് പി തങ്ങളുടെ ഏക സീറ്റിൽ തുടർച്ചയായ വിജയം കൊയ്തപ്പോൾ സി പി ഐ മത്സരിച്ച നാല് സീറ്റിലും കഴിഞ്ഞ തവണത്തെ പോലെ തന്നെ തോൽവിയടഞ്ഞു.
കേരളത്തിൽ അതിശക്തമായ മത്സരം നടന്ന മണ്ഡലങ്ങളായ തിരുവനന്തപുരം, ആറ്റിങ്ങൽ, മാവേലിക്കര എന്നിവിടങ്ങളിൽ അവസാന നിമിഷം വരെ കടുത്ത പോരാട്ടമായിരുന്നു. തിരുവനന്തപുരത്ത് നാലാം തവണയും ശശി തരൂർ ജയിക്കുകയും നാലാം തവണയും ബി ജെ പി രണ്ടാം സ്ഥാനത്ത് വരുകയും ചെയ്തു.
ആറ്റിങ്ങലിലും ആലപ്പുഴയിലും കേന്ദ്രമന്ത്രി വി. മുരളീധരനും ശോഭാ സുരേന്ദ്രനും ഇതുവരെയില്ലാത്ത നിലയിൽ വോട്ട് സ്വന്തമാക്കി. വിജയിച്ച സുരേഷ് ഗോപി നാല് ലക്ഷത്തിലേറെ വോട്ട് നേടിയപ്പോൾ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്തിയ രാജീവ് ചന്ദ്രശേഖർ 3,42,078 വോട്ട് നേടി.
ആറ്റിങ്ങലിൽ മുരളീധരൻ 3,07, 133 വോട്ടുകളാണ് നേടിയത്. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ 2.95,841 വോട്ടുകളും നേടിയാണ് മൂന്നാമതെത്തിയത്. പാലക്കാട് സി . കൃഷ്ണകുമാർ 2,49,568 വോട്ടും നേടി എന്നത് ബി ജെ പിക്ക് ആശ്വാസം പകരുന്നതാണ്.
Read More
- KeralaLok Sabha Election Result 2024 Live: കേരളത്തിൽ യുഡിഎഫ് തരംഗം
- Lok Sabha Election Result 2024 Live: എക്സിറ്റ് പോളുകളെ എഴുതിത്തള്ളുന്ന പ്രകടനവുമായി ഇന്ത്യാ സഖ്യം; ഉത്തർ പ്രദേശിലടക്കം അട്ടിമറി മുന്നേറ്റം
- Lok Sabha Top Constituencies Result 2024 Live: തൃശൂരിൽ മുന്നേറ്റവുമായി സുരേഷ് ഗോപി, കേരളത്തിൽ താമര വിരിയുമോ?
- വോട്ടെണ്ണല് കേന്ദ്രത്തിൽ നടക്കുന്നത് എന്തെല്ലാമാണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.