/indian-express-malayalam/media/media_files/dwsNRcZZ0MO9b6egvPqJ.jpg)
ബ്ലീച്ചിംഗിന് വിധേയമായ അഗത്തി, കവരത്തി ദ്വീപുകളിലെ പവിഴപ്പുറ്റുകൾ (Photo: മീഡിയ സെൽ സിഎംഎഫ്ആർഐ)
കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിംഗിന് വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനത്തിൽ കണ്ടെത്തി.
സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയർന്നുനിൽക്കുന്ന അപൂർവ കാലാവസ്ഥാ സ്ഥിതിയാണ് ഉഷ്ണതരംഗം. ഇത്തരം ഉഷ്ണതരംഗങ്ങൾ സമുദ്രത്തിലെ ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. താപസമ്മർദ്ദം അളക്കുന്ന ഡിഗ്രി ഹീറ്റിങ് വീക്ക് (ഡി.എച്ച്.ഡബ്ല്യൂ) സൂചകം ലക്ഷദ്വീപിൽ 4 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകളുടെ നശീകരണത്തിനും അതുവഴി വൈവിധ്യമാർന്ന സമുദ്ര ജൈവസമ്പത്തിന്റെ തകർച്ചയ്ക്കും വഴിയൊരുക്കുന്നത്.
അമിതമായ താപസമ്മർദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആൽഗകൾ നശിക്കുന്നതാണ് ബ്ലീച്ചിംഗിന് കാരണമാകുന്നതെന്ന് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഡി.എച്ച്.ഡബ്ല്യൂ 12 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയാണെങ്കിൽ അത്യസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ കെ ആർ ശ്രീനാഥ് പറഞ്ഞു.
അന്തരീക്ഷത്തിലെ അമിതമായ ചൂടും സമുദ്രപ്രവാഹത്തിലെ മാറ്റവുമാണ് കടലിലെ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണങ്ങളെന്ന് സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ ഷൽട്ടൺ പാദുവ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 27 മുതൽ ലക്ഷദ്വീപിൽ ഈ സാഹചര്യമാണുള്ളത്.
പവിഴപ്പുറ്റ് പോലുള്ള സമുദ്രജൈവവൈവിധ്യങ്ങളുടെ തകർച്ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധന മേഖലകളെയും ബാധിക്കും. ഇത് തീരദേശസമൂഹത്തിന് ഉപജീവനത്തിന് ഭീഷണിയാണ്. കടൽപ്പുല്ല് പോലെയുള്ള മറ്റ് സമുദ്രസമ്പത്തിനും ഉഷ്ണതരംഗം ഭീഷിണി ഉയർത്തുന്നുണ്ട്. ഈ സാഹചര്യം കടൽ ഭക്ഷ്യശൃംഖലയെ സാരമായി ബാധിക്കും. മീനുകളുടെയും സസ്തനികളുടെയും നിലനിൽപ്പിനെ ഇത് അപകടത്തിലാക്കും.
പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങൾ സിഎംഎഫ്ആർഐ നടത്തിവരുന്നുണ്ട്. ഇന്ത്യയിലെ വിവിധ പവിഴപ്പുറ്റുകളുടെ പ്രതിരോധശേഷിയെക്കുറിച്ച് പഠിക്കാൻ ഒരു സമഗ്ര ദേശീയ ഗവേഷണ പദ്ധതി സിഎംഎഫ്ആർഐ തുടങ്ങിയിട്ടുണ്ട്. വിപുലമായ കാലാവസ്ഥാ മോഡലിംഗ്, പാരിസ്ഥിതിക ഗവേഷണം എന്നിവ സമന്വയിപ്പിച്ച് പവിഴപ്പുറ്റുകളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്ന പഠന-പരിപാലന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു.
Read More
- ഐഎസ്സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
- ചൂട് കുറയുമോ? സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു
- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ഇവയാണ്
- വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ജൂണിൽ: മന്ത്രി വി എൻ വാസവൻ
- കേരളം കണ്ട ഏറ്റവും വലിയ 'രാഷ്ട്രീയ വിഷം'; ഷാഫി പറമ്പിലിനെതിരെ എ.എ റഹീം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.