/indian-express-malayalam/media/media_files/2024/11/09/7ANfxMe19dBkkgubAORE.jpg)
കുറുവാദ്വീപിൽ കണ്ടെത്തിയ വയൽ തുമ്പി (ചിത്രങ്ങൾ-വിവേക് ചന്ദ്രൻ)
കൊച്ചി: നാല് ഗവേഷകരുടെ ഒരുവർഷം നീണ്ടുനിന്ന പഠനം. കണ്ടെത്തിയത് 54 ഇനം തുമ്പികൾ. അവയിൽ അപൂർവ്വങ്ങളും വംശനാശ ഭീഷണി നേരിടുന്നവയും വരെ. തുമ്പികളുടെ പറുദീസയായി മാറുകയാണ് വയനാട് ജില്ലയിലെ കുറുവാ ദ്വീപ്.
/indian-express-malayalam/media/media_files/2024/11/09/SWL0MTXInb1P2BzAjchX.jpg)
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ)വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനായി നടത്തിവരുന്ന 'സേവ് അവർ സ്പീഷീസ്' എന്ന പദ്ധതിയുടെ ധനസഹായത്താൽ നടത്തിയ പഠനത്തിലാണ് ഇത്രയധികം തുമ്പികളെ കണ്ടെത്തിയത്.
/indian-express-malayalam/media/media_files/2024/11/09/t9kzkOa8Nei3m0LGiuqP.jpg)
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷക വിദ്യാർഥി വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ.ജോസ്, ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി അംഗങ്ങളായ മുനീർ തോൽപ്പെട്ടി, എം. മാധവൻ എന്നിവരായിരുന്നു ഗവേഷക സംഘത്തിലുണ്ടായിരുന്നത്.
59 ഇനം തുമ്പികൾ
കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവാദ്വീപിൽ ഒരു വർഷമാണ് സംഘം പഠനം നടത്തിയത്. പഠനത്തിൽ 59 ഇനം തുമ്പികളെയാണ് സംഘം കണ്ടെത്തിയത്. ഇതിൽ 32 ഇനം കല്ലൻത്തുമ്പികളും 27 ഇനം സൂചിത്തുമ്പികളുമാണ്. ഇതിൽ 12 ഇനം തുമ്പികൾ അപൂർവ്വ ഇനങ്ങളിൽപ്പെട്ടവയാണെന്ന് പഠനസംഘത്തിലുണ്ടായിരുന്ന വിവേക് ചന്ദ്രൻ പറഞ്ഞു.
/indian-express-malayalam/media/media_files/2024/11/09/Dom7YQTbtZl2nqqlNv5O.jpg)
സൂചിവാലൻ സന്ധ്യാത്തുമ്പി, ചുട്ടിച്ചിറകൻ തണൽത്തുമ്പി,തുലാത്തുമ്പി,പച്ച വ്യാളി,തവിടൻ തുരുമ്പൻ,വയനാടൻ കടുവ, പുള്ളി വിരിച്ചിറകൻ,പച്ച ചേരാച്ചിറകൻ,നീർമാണിക്യൻ, പുഴക്കടുവ, കരിഞ്ചിറകൻ മുളവാലൻ, മരതകരാജൻ എന്നിവയാണ് അപൂർവ്വമായ ഇനങ്ങൾ.അപൂർവ്വമായി മാത്രമേ ഇവയെ കണ്ടുകിട്ടാറുള്ളെന്നും വിവേക് പറയുന്നു.
ചുട്ടിച്ചിറകൻ മുളവാലൻ ഇവിടെ മാത്രം
കുറുവാദ്വീപിൽ മാത്രം കാണപ്പെടുന്ന തുമ്പിയാ​ണ് ചുട്ടിച്ചിറകൻ മുളവാലൻ. കുറുവാദ്വീപും അതിനോട് ചേർന്നുള്ള തെക്കേ കർണാടക വനമേഖലയിലുമാണ് ഇവ അധിവസിക്കുന്നത്. പുഴയോരക്കാടുകളിലെ മരങ്ങളുടെ മുങ്ങിക്കിടക്കുന്ന വേരുകളിൽ മുട്ടയിടുന്ന ഇവയുടെ പ്രധാന ആകർഷണം പേരുസൂചിപ്പിക്കുന്നത് പോലെ ചുട്ടികളാണ്.
/indian-express-malayalam/media/media_files/2024/11/09/5Tl3kdDQzczGIydVmnbX.jpg)
ചിറകിൻറ അഗ്രഭാഗത്ത് കറുപ്പു നിറമുള്ള പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു മുളവാലൻ സൂചിത്തുമ്പിയാണ് ചുട്ടിച്ചിറകൻ. ചിറകിലെ കറുപ്പുനിറവും ചുട്ടിയുമാണ് ഇവയെ തിരിച്ചറിയാനുള്ള പ്രധാന മാർഗം.
കണ്ണുകളുടെ കീഴ്ഭാഗം മഞ്ഞയും മുകൾ ഭാഗം ഇളം ചുവപ്പും അതിൽ രണ്ട് വെളുത്ത വളയവുമുണ്ട്. കഴുത്തും തലയും കറുത്ത നിറത്തിലാണ്. കറുത്ത നിറമുള്ള ഉരസ്സിൽ നേർത്ത പച്ച നിറവും അതിൽ ഇഷ്ടിക ചുവപ്പ് നിറത്തിലുള്ള നേർത്ത വരയും കാണുവാൻ കഴിയും. പ്രായമാകും തോറും ഈ വര അപ്രത്യക്ഷമായിക്കൊണ്ടിരിക്കും.
/indian-express-malayalam/media/media_files/2024/11/09/D7nd7He49EzUxafQOcTd.jpg)
കാലുകൾ കറുത്ത നിറത്തിലാണ്. കറുത്ത നിറമുള്ള ഉദരത്തിൽ വെള്ള നിറത്തിലുള്ള ചെറിയ വളയങ്ങൾ കാണാം. സുതാര്യമായ വളയങ്ങളുടെ അഗ്രഭാഗം കറുപ്പാണ്. ഇളം തവിട്ട് നിറത്തിലുള്ള ഇവയുടെ ശരീരത്തിൽ കറുത്ത വരകളും കലകളുമുണ്ട്. ചിറകുകളിൽ കറുത്ത പൊട്ടുകൾ കാണുകയില്ല. മൺസൂൺ മഴയ്ക്ക് തൊട്ടുമുൻപും അതിനു ശേഷവുമാണ് ഈ തുമ്പിയെ ഏറ്റവുംമധികം കാണുവാൻ സാധിക്കുന്നത്.
എന്ത് കൊണ്ട് കുറുവാദ്വീപിൽ ഇത്രയധികം തുമ്പികൾ
കുറുവാ ദ്വീപിലെ സസ്യഘടനയാണ് ഇത്രയധികം തുമ്പികളെ പ്രദേശത്ത് കാണുന്നതിന് കാരണമെന്ന് ഗവേഷക സംഘത്തിലെ അംഗമായ ഡോ. സുബിൻ കെ.ജോസ് പറഞ്ഞു. ജലത്തിന്റെ അമ്ലത്വം, അന്തരീക്ഷതാപം എന്നിവ തുമ്പികളുടെ വൈവിധ്യത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളാണ്. കുറുവാദ്വീപിൽ അവ ലഭ്യമാണ്. തുമ്പികളെ കൂടുതലായി കുറുവാ ദ്വീപിൽ കാണുന്നതിൻറ പ്രധാന കാരണം ഇവയാണ്- ഡോ. സുബിൻ കെ ജോസ് വ്യക്തമാക്കി.
/indian-express-malayalam/media/media_files/2024/11/09/WQdqwfy6hE1mLsMeB3CZ.jpg)
സംഘത്തിൻറ പഠനഫലങ്ങൾ ജേർണൽ ഓഫ് ഇൻസ്‌ക്ട് ബയോഡൈവേർസിറ്റി ആൻഡ് സിസ്റ്റമാറ്റിക്‌സ് എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തുമ്പികളെപ്പറ്റിയുള്ള പഠനത്തിന് കുറുവാദ്വീപിൽ സാധ്യതകളേറെയാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.ഇതിനുള്ള സാധ്യത പ്രയോജനപ്പെടുത്തണം. സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട കുറുവാദ്വീപിൽ പൊതുജനങ്ങളിൽ തുമ്പികളെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തെ പറ്റിയും അവബോധം സൃഷ്ടിക്കാൻ വന സംരക്ഷണ സമിതിയിലെ ജീവനക്കാരെ ഉപയോഗിക്കാം എന്നാണ് ഗവേഷണസംഘം അഭിപ്രായപ്പെടുന്നത്.
/indian-express-malayalam/media/media_files/2024/11/09/5VCjceYM3bpDFjwdRiR9.jpg)
ഇതിനായി വന സംരക്ഷണ സമിതിയിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകാവുന്നതാണെന്നും സംഘം കൂട്ടിച്ചേർത്തു.
കുറുവാ ദ്വീപിലെത്താം
വയനാട് ജില്ലയില്‍ കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. ചെറുതുരുത്തുകളിലായി 950 ഏക്കറില്‍ വൈവിധ്യമേറിയ സസ്യജീവിജാലങ്ങളാല്‍ സമൃദ്ധമാണീ പ്രദേശം. ഈ ചെറുതുരുത്തുകൾക്കിടയിൽ രണ്ടു ചെറിയ തടാകങ്ങളും ഉണ്ട്.തുമ്പികളെ കൂടാതെ വേഴാമ്പലുകള്‍, തത്തകള്‍, തുടങ്ങിയവയുടെയും ആവാസമേഖലയാണിത്. ചില ദേശാടന പക്ഷികള്‍ക്കും ഈ മേഖല അത്താണിയാണ്.
/indian-express-malayalam/media/media_files/2024/11/09/lfY6XcikhrLp5LyjeUiv.jpg)
മാനന്തവാടിയിൽ നിന്ന് 17 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 58 കിലോമീറ്റർ അകലെയുമായാണ് കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയിൽ നിന്ന് മൈസൂരിലേക്കുള്ള പാതയിൽ കാട്ടിക്കുളം കഴിഞ്ഞ് ഒരു കിലോമീറ്റർ പോകുമ്പോൾ കുറുവ ദ്വീപിലേക്ക് പ്രവേശന കവാടം കാണാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us