scorecardresearch

Kottayam Murder Case: കോട്ടയം ഇരട്ടക്കൊലപാതകം;ദമ്പതികളുടെ ഫോണുകൾ കാണാനില്ല; ആസൂത്രിത കൊലപാതകമെന്ന് പോലീസ്

Kottayam Double Murder Case: മൂന്ന് ഫോണുകളിലായി നാല് സിം കാർഡുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ കൊലപാതകം നടന്ന വീട് മുഴുവൻ പരിശോധിച്ചിട്ടും ഫോണുകൾ പോലീസിന് കണ്ടെത്താനായിട്ടില്ല

Kottayam Double Murder Case: മൂന്ന് ഫോണുകളിലായി നാല് സിം കാർഡുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ കൊലപാതകം നടന്ന വീട് മുഴുവൻ പരിശോധിച്ചിട്ടും ഫോണുകൾ പോലീസിന് കണ്ടെത്താനായിട്ടില്ല

author-image
WebDesk
New Update
Vijayakumar Murder case

കൊല്ലപ്പെട്ട മീരയും വിജയകുമാറും

Kottayam Thiruvathukal Double Murder Case: കോട്ടയം: തിരുവാതുക്കൽ ഇരട്ടകൊലപാതകം നടന്ന വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടവരുടെ ഫോണുകളും നഷ്ടപ്പെട്ടെന്ന് കണ്ടെത്തി. മൂന്ന് സ്മാര്ട്ട് ഫോണുകളാണ് വീട്ടിലുണ്ടായിരുന്നത്. മൂന്ന് ഫോണുകളിലായി നാല് സിം കാർഡുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ കൊലപാതകം നടന്ന വീട് മുഴുവൻ പരിശോധിച്ചിട്ടും ഫോണുകൾ പോലീസിന് കണ്ടെത്താനായിട്ടില്ല. 

Advertisment

നേരത്തെ, പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്‌കും നഷ്ടമായെന്ന് കണ്ടെത്തിയിരുന്നു. കൊലയാളി ദൃശ്യങ്ങൾ നശിപ്പിക്കാൻ ഹാർഡ് ഡിസ്‌കിനൊപ്പം മൊബൈൽ ഫോണുകളും കൊണ്ടുപോയതാകാമെന്നാണ് പോലീസിന്റെ നിഗമനം.ഇതോടെയാണ് ആസൂത്രിത കൊലപാതകമെന്ന് നിഗമനത്തിലേക്ക് പോലീസ് എത്തിചേർന്നത്. 

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. 

തിരുവാതുക്കൽ  സ്വദേശി വിജയകുമാറും ഭാര്യ മീരയും ആണ് മരിച്ചത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ്  മരിച്ച വിജയകുമാർ. രണ്ട് പേരെയും കോടാലി ഉപയോഗിച്ച് വെട്ടി കൊല്ലുകയായിരുന്നു. വീട്ടിൽ മുമ്പ് ജോലിക്ക് ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. 

Advertisment

വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. 

മരണകാരണം തലക്കേറ്റ ക്ഷതം

തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിലെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. വിജയകുമാറിന്റെയും മീരയുടെയും മരണത്തിന് കാരണം തലക്കേറ്റ ക്ഷതമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേൽപിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലക്കേറ്റ ക്ഷതം മൂലം രക്തസ്രാവം ഉണ്ടായി. വിജയകുമാറിന്റെ നെഞ്ചിലും ക്ഷതമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കോടാലിക്കൈ കൊണ്ട്  മുഖത്തടിച്ച ശേഷം വെട്ടിപ്പരിക്കേൽപിച്ച നിലയിലായിരുന്നു മൃതദേഹങ്ങളുണ്ടായിരുന്നത്. വിവസ്ത്രമായ മൃതദേഹങ്ങളുടെ മുഖം വികൃതമാക്കിയിരുന്നു.

മകന്റെ മരണവും ദുരൂഹം

ഏഴുവർഷം മുമ്പ് വിജയകുമാറിൻറെ മകൻ ഗൗതമിനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മകൻറെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്.

കൊല്ലപ്പെട്ട വിജയകുമാർ ആണ് മകനെ കാണുന്നില്ലെന്ന പരാതി പൊലീസിന് നൽകിയത്. പിന്നീട് കോട്ടയം- ഏറ്റുമാനൂർ റോഡിലുള്ള കാരിത്താസ് ആശുപത്രിയ്ക്ക് സമീപമുള്ള  റെയിൽവേ പാളത്തിന് സമീപത്ത് നിന്നാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തുന്നത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി വിജയകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതുടർന്നാണ് ഗൗതമിന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം ഹൈക്കോടതി സി.ബി.ഐ.യെ ഏൽപ്പിക്കുന്നത്. 

ഗൗതം ട്രെയിൻ തട്ടി മരിച്ചു എന്നായിരുന്നു കേസ്. എന്നാൽ കഴുത്തിലും ശരീരത്തിലും ഉണ്ടായ മുറിവുകൾ സംശയമുണ്ടാക്കിയതിനെ തുടർന്നാണ് മകന്റേത് കൊലപാതകമാണെന്ന വിലയിരുത്തലിൽ ദമ്പതികൾ ഇരുവരും നിയമപോരാട്ടത്തിന് ഇറങ്ങി തിരിച്ചത്. ദമ്പതികൾക്ക് ഒരു മകൾ കൂടി ഉണ്ട് അവർ വിദേശത്തായതിനാൽ ഇരുവരും വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്.

Read More

Murder Case Kottayam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: