/indian-express-malayalam/media/media_files/2025/08/04/kerala-fish-landings-down-2025-08-04-16-24-05.jpg)
ചിത്രം: സിഎംഎഫ്ആർഐ
കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് 34.7 ലക്ഷം ടൺ മത്സ്യം പിടിച്ചതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ട്. മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ രണ്ടു ശതമാനവും കേരളത്തിൽ നാലു ശതമാനവും സമുദ്രമത്സ്യ ലഭ്യത കുറഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.
കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. 7.54 ലക്ഷൺ ടൺ മീൻ പിടിച്ച ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. തമിഴ്നാടിനാണ് (6.79 ലക്ഷം ടൺ) രണ്ടാം സ്ഥാനം. ദേശീയ തലത്തിൽ കുറഞ്ഞെങ്കിലും കേരളത്തിൽ മത്തിയുടെ ലഭ്യത 7.9 ശതമാനം വർധിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യവും മത്തിയാണ്(1.49 ലക്ഷം ടൺ). എന്നാൽ, രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ്- 2.63 ലക്ഷം ടൺ.
മത്തി കഴിഞ്ഞാൽ, അയല (61,490 ടൺ), ചെമ്മീൻ (44,630 ടൺ), കൊഴുവ (44,440 ടൺ), കിളിമീൻ (33,890 ടൺ) എന്നിങ്ങനെയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ. കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യതയിൽ സംസ്ഥാനത്ത് അസാധാരണാംവിധം ഏറ്റക്കുറിച്ചുലുണ്ടായ വർഷമാണ് 2024. കഴിഞ്ഞ വർഷത്തെ ആദ്യമാസങ്ങളിൽ വളരെ കുറവായിരുന്നു മത്തി. അതിനാൽ വില കിലോക്ക് 400 രൂപവരെ എത്തിയിരുന്നു. എന്നാൽ സെപ്തംബർ-ഡിസംബർ മാസങ്ങളിൽ ഒരു ലക്ഷം ടണ്ണിലേറെ മത്തി ലഭ്യമായി. വില കിലോക്ക് 20-30 വരെ കുറയുകയും ചെയ്തു.
Also Read: ഇനി 5 ദിവസം അതിശക്തമായ മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
മുൻ വർഷത്തെ അപേക്ഷിച്ച്, 2024ൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ മീൻ ലഭ്യത കുറഞ്ഞു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ ലഭ്യത വർധിച്ചു. രാജ്യത്താകെ വിവിധ യാനങ്ങളിൽ മീൻപിടുത്തത്തിന് പുറപ്പെടുന്ന രണ്ടര ലക്ഷം മത്സ്യബന്ധന ട്രിപ്പുകൾ പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചു.
Also Read: ഞാൻ വരത്തനല്ല, 60 വർഷമായി സിനിമയിലുള്ള എനിക്ക് അഭിപ്രായം പറയാം: അടൂര്‍ ഗോപാലകൃഷ്ണൻ
ഒരു ട്രിപ്പിൽ യന്ത്രവൽകൃത യാനങ്ങൾ ശരാശരി 2959 കിലോഗ്രാം മത്സ്യവും മോട്ടോർ യാനങ്ങൾ ശരാശരി 174 കിലോഗ്രാം മത്സ്യവും പിടിച്ചതായി കണ്ടെത്തി. മോട്ടോർ-ഇതര വള്ളങ്ങൾ ശരാശരി 41 കിലോ മത്സ്യമാണ് ഒരു ട്രിപ്പിൽ പിടിച്ചത്. സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ്, ഇക്കണോമിക്സ് ആന്റ് എക്സ്റ്റൻഷൻ വിഭാഗമാണ് വാർഷിക സമുദ്രമത്സ്യ ലഭ്യത കണക്കാക്കി റിപ്പോർട്ട് തയ്യാറാക്കിയത്.
Read More: യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ലായിരുന്നു; രാഹുലിന് സുപ്രീം കോടതിയുടെ വിമർശനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.