/indian-express-malayalam/media/media_files/qhdXrB896XFIB0FvVyiu.jpg)
ഫൊട്ടോ: അമിത് ചക്രവർത്തി
ലോകത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നത് ഭീഷണിയാകുന്നു. ചൈനയും ഇന്ത്യയും ഉൾപ്പെടെ 40ഓളം രാജ്യങ്ങളിൽ ഒമിക്രോൺ ഉപവകഭേദമായ ജെഎൻ.1 സാന്നിധ്യം കണ്ടെത്തിയിരുന്നു. സിംഗപ്പൂരിലാണ് ഏറെ ഗുരുതരമായ സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നത്. 56,000 കോവിഡ് കേസുകളാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. ഡിസംബർ മൂന്ന് മുതൽ 9 വരെയുള്ള, ഒരാഴ്ചത്തെ കാലയളവിൽ കോവിഡ് രോഗികളുടെ എണ്ണം 32,035ൽ നിന്ന് 56,043 ആയി കുതിച്ചുയർന്നിരിക്കുകയാണ്.
ചൈനയിൽ വെറും ഏഴ് പേർക്ക് മാത്രമാണ് ജെഎൻ.1 കോവിഡ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ കണ്ടെത്തിയ പുതിയ ജെഎൻ.1 വകഭേദങ്ങൾക്ക് വ്യാപനത്തോത് കുറവാണെന്നാണ് ചൈനീസ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, പുതിയ ജെഎൻ.1 കോവിഡ് വകഭേദത്തെ കുറിച്ച് ആഗോളതലത്തിൽ ജാഗ്രത വേണമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. വൈറസിന്റെ രോഗതീവ്രത കുറവാണെന്നും പൊതുജനാരോഗ്യത്തിന് ഇത് വലിയ ഭീഷണി ഉയർത്തില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
അതേസമയം, അമേരിക്കയിലെ 17 സ്റ്റേറ്റുകളിൽ കണ്ടെത്തിയ ജെഎൻ.1 കോവിഡ് വകഭേദം "ഉയർന്നതും", "വളരെ ഉയർന്നതുമായ" ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. അമേരിക്കയിൽ കോവിഡ് രോഗബാധിതരിൽ ആശുപത്രിയിൽ കിടത്തിചികിത്സ വേണ്ടിവരുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. യുഎസിൽ 23,432 പേരെയാണ് കഴിഞ്ഞ ആഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. തുടർച്ചയായി നാലാമത്തെ ആഴ്ചയാണ് ഇത്തരത്തിൽ കാൽലക്ഷത്തോളം പേർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്.
സംസ്ഥാനത്ത് 111 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു; ഇന്നലെ ഒരു മരണം
സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. കേരളത്തിൽ ഇന്നലെ 111 കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. കേരളത്തിൽ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. രാജ്യത്തെ ആകെ ആക്ടീവ് കേസുകൾ 1,828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1,634 കേസുകളുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കര്‍ണാടകയിൽ നിലവിൽ 60 ആക്ടീവ് കേസുകളാണുള്ളത്. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിൽ ഇന്നലെ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനം കോവിഡ് ജാഗ്രതയിൽ; ഇന്ന് ഉന്നതതല യോഗം ചേരും; പരിശോധനകൾ കൂട്ടിയേക്കും
സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദമായ ജെഎൻ.1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതിഗതികൾ വിലയിരുത്താൻ ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കേരളത്തിൽ കോവിഡ് പരിശോധനകൾ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളേക്കാൾ പരിശോധന കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കൊവിഡ് കണക്ക് എന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ അതിവേഗം പടരുന്ന ജെ എൻ 1 വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കടുപ്പിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ എക്സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാൾ ജെഎൻ 1 വകഭേദം വളരെ വേഗത്തിൽ പടരുന്നതും, പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധർ പറയുന്നത്. കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും.
ജെഎൻ 1ന്റെ രോഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുക.
Read More Related News Stories:
- ഗവര്‍ണറുടേത് പ്രോട്ടോക്കോള്‍ ലംഘനം, കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവം ശ്രമിച്ചു: മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം പടരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി
- ലളിത് ഝാ നിർണായക തെളിവുകൾ നശിപ്പിച്ചു; രാജസ്ഥാനിൽ തിരച്ചിൽ നടത്തി പൊലിസ്
- സോഷ്യൽ മീഡിയയിലെ 'വിപ്ലവകാരി'യോ, മൃദുഭാഷിയായ മാഷോ?; അറിയാം, പാർലമെന്റ് പ്രതിഷേധത്തിന്റെ 'സൂത്രധാരൻ' ലളിത് ഝായെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.