/indian-express-malayalam/media/media_files/MM4G2zTI3RGinO2PuV3b.jpg)
ചിത്രം: ഫേസ്ബുക്ക്
കൊച്ചി: ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ‘കാതല്‍ ദ കോർ’എന്ന ചിത്രത്തിന് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകിയതിൽ കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെസിബിസി) ജാഗ്രതാ കമ്മീഷൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്വവർഗാനുരാഗത്തെ കുറിച്ചു സംസാരിക്കുന്ന ചിത്രത്തിന് ബഹുമതി നൽകുന്നതിലൂടെ സംസ്ഥാന സർക്കാർ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ജാഗ്രതാ കമ്മീഷൻ ആവശ്യപ്പെട്ടത്.
ഇപ്പോഴിതാ വിഷയത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കെസിബിസി. സ്വവർഗബന്ധങ്ങളെ കത്തോലിക്കാ സഭയും ഫ്രാൻസീസ് മാർപാപ്പയും അംഗീകരിച്ചിട്ടുണ്ടെന്ന തരത്തിൽ വ്യാപകമായ തെറ്റിദ്ധാരണ സമൂഹത്തിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും, സഭ ഇതുവരെയും സ്വവർഗബന്ധത്തെയും സ്വവർഗ്ഗ ലൈംഗിക പ്രവൃത്തികളെയും അംഗീകരിച്ചിട്ടില്ലെന്നും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ കെസിബിസി ജാഗ്രത കമ്മീഷൻ വ്യക്തമാക്കി.
കെസിബിസി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്
"പുരോഗമനവാദികൾ എന്ന് അവകാശപ്പെടുന്ന ചില പ്രസ്ഥാനങ്ങളും മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നവരുമായ ഏതാനും വ്യക്തികളും സ്വവർഗബന്ധങ്ങളെ കത്തോലിക്കാ സഭ അംഗീകരിച്ചു,ഫ്രാൻസീസ് മാർപാപ്പ അംഗീകരിച്ചു എന്നൊക്കെ വാദിച്ച് വ്യാപകമായ തെറ്റിദ്ധാരണ സമൂഹത്തിൽ പ്രചരിപ്പിക്കുകയാണ്.
സ്വവർഗ ബന്ധങ്ങളെ തികച്ചും സ്വാഭാവികമായ ബന്ധങ്ങൾ എന്ന നിലയിൽ അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 'കാതൽ ദ കോർ' എന്ന സിനിമയുടെ പ്രമേയത്തിലെ അപകടങ്ങളെ കത്തോലിക്കാ സഭയുടെ ധാർമിക - ദൈവശാസ്ത്ര പ്രബോധങ്ങളുടെ വെളിച്ചത്തിൽ സിനിമ റിലീസ് ചെയ്തപ്പോഴും ഇപ്പോൾ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയപ്പോഴും കെസിബിസി ജാഗ്രത കമ്മീഷൻ തുറന്നുകാട്ടിയിരുന്നു. ഇനിയും ഇത്തരം വിഷയങ്ങളിൽ സഭാ പ്രബോധനങ്ങൾക്കസൃതമായ നിലപാട് കമ്മീഷൻ സ്വീകരിക്കും.
വ്യക്തികളെ അവരുടെ ലൈംഗിക ആഭിമുഖ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒറ്റപ്പെടുത്താതെ, വിഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുള്ള വ്യക്തികളെയും കാരുണ്യത്തോടെ ഉൾക്കൊള്ളുന്ന സമീപനം സഭ സ്വീകരിക്കുന്നു. കൂദാശാപരമല്ലാത്ത ആശീർവാദം അവർ ആഗ്രഹിക്കുന്നെങ്കിൽ, മറ്റുള്ളവർക്ക് ഉതപ്പ് നൽകാത്ത രീതിയിൽ അത് നല്കാൻ പോലും സഭ വൈദികർക്ക് അനുവാദം നല്കിയിട്ടുണ്ട്.
ഈ സമീപനം സഭ സ്വീകരിക്കുന്നു എന്നതിനാൽ വിഭിന്ന ലൈംഗിക അഭിമുഖ്യങ്ങളെ സഭ അംഗീകരിക്കുന്നു എന്നു ചിലർ തെറ്റിദ്ധരിക്കുന്നു, ആ രീതിയിൽ വ്യാപകമായ പ്രചാരണം ഉണ്ടായിട്ടുണ്ട്. വാസ്തവം എന്താണ്? സഭ ഇതുവരെയും സ്വവർഗബന്ധത്തെയും സ്വവർഗ്ഗ ലൈംഗിക പ്രവൃത്തികളെയും അംഗീകരിച്ചിട്ടില്ല.
ഇത്തരം ബന്ധങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുമില്ല. ഇത്തരം വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ നിലപാടുകൾക്ക് യാതൊരു മാറ്റവും ഇന്നോളം സംഭവിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുതയെന്നും കാലാനുസൃതമായ വിശദീകരണങ്ങൾ പലപ്പോഴായി നൽകിയിട്ടുള്ളതിനെ സ്ഥാപിത താൽപ്പര്യങ്ങളോടെ ചിലർ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് അനേകരിൽ തെറ്റിദ്ധാരണകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്.
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിട്ടുള്ള കൃത്യമായ നിലപാടുകൾതന്നെയാണ് പലപ്പോഴായി ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിലൂടെയും പ്രബോധന രേഖകളിലൂടെയും ആവർത്തിച്ചിട്ടുള്ളത്. സ്വവർഗ്ഗ ബന്ധങ്ങൾ ധാർമ്മികാധഃപതനമെന്നും സ്വാഭാവിക നിയമങ്ങൾക്ക് എതിരെന്നും യാതൊരു സാഹചര്യത്തിലും അംഗീകരിക്കാൻ സാധ്യമല്ലാത്തതെന്നുമാണ് വ്യക്തമാക്കുന്നത്.
എന്നാൽ, ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടുംകൂടി അവരെ സ്വീകരിക്കണമെന്നും ഉദ്ബോധിപ്പിക്കുന്നു. വിവേചനം പുലർത്തി സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് അകറ്റിനിർത്തുന്നതിനു പകരം ഒരു തിരിച്ചുവരവിനുള്ള ശക്തി അവർക്കു നൽകാൻ എല്ലാവരും പരിശ്രമിക്കണമെന്നാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പറഞ്ഞുവയ്ക്കുന്നത്," കെസിബിസിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.
Read More
- മുല്ലപ്പെരിയാർ അണക്കെട്ട്; ആശങ്ക പങ്കുവെച്ച് സുരേഷ് ഗോപി
- മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലർട്ട് പിൻവലിച്ചു
- എം പോക്സ്; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
- എംപോക്സ് ഭീഷണി; രാജ്യത്തെ സാഹചര്യം അവലോകനംചെയ്ത് ആരോഗ്യ മന്ത്രാലയം
- കോച്ചിങ് സെന്റർ ദുരന്തം: പ്രതികളുടെ ജാമ്യാപേക്ഷ ശക്തമായി എതിർത്ത് സിബിഐ
- യുവഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക സമരം തുടങ്ങി
- കൊൽക്കത്ത ബലാത്സംഗം കൊല; മുൻ പ്രിൻസിപ്പലിനെ ചോദ്യംചെയ്ത് സിബിഐ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us