scorecardresearch

'കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞതിനു പല കാരണങ്ങളുണ്ടാകാം'; മന്ത്രിയെ പിന്തുണച്ച് എം വി ഗോവിന്ദന്‍

പ്രത്യേക ഉദ്ദേശത്തോടെയല്ല തന്റെ പരാമർശമെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് എൺ വി ഗോവിന്ദൻ പറഞ്ഞു

പ്രത്യേക ഉദ്ദേശത്തോടെയല്ല തന്റെ പരാമർശമെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് എൺ വി ഗോവിന്ദൻ പറഞ്ഞു

author-image
WebDesk
New Update
MV Govindan, V Abdhurahiman, India-Sri Lanka ODI Thiruvananthapuram ticket charge controversy, Shashi tharoor, Pannian Raveendran

തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനു കാണികള്‍ കുറഞ്ഞതിനു പല കാരണങ്ങളുണ്ടാകാമെന്നും അവ പരിശോധിക്കപ്പെടേണ്ടതാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മന്ത്രിയുടെ പ്രസ്താവനകൊണ്ടാണ് ആളുകള്‍ കുറഞ്ഞതെന്ന് ആരോപിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രസ്താവനയാണു കാണികള്‍ കുറയാന്‍ കാരണമെന്ന് ആരോപിച്ച് ഭരണപക്ഷ-പ്രതികക്ഷ നേതാക്കള്‍ രൂക്ഷവിമര്‍ശം തുടരുന്നതിനിടെയാണ് അദ്ദേഹത്തെ പിന്തുണച്ച് എം വി ഗോവിന്ദന്‍ രംഗത്തുവന്നിരിക്കുന്നത്.

ഏതെങ്കിലും ഒരു കാര്യം കൊണ്ടാണ് കാണികള്‍ കുറഞ്ഞതെന്നു പറയുന്നത് ശരിയല്ലെന്നു മന്ത്രിയുടെ പ്രസ്താവനക്കെതിരായ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ വിമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറുപടിയായി ഗോവിന്ദന്‍ പറഞ്ഞു.

Advertisment

പട്ടിണിക്കാര്‍ കളികാണേണ്ടെന്ന മന്ത്രിയുടെ പ്രസ്താവന ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നുണ്ടായതാണ്. പ്രത്യേക ഉദ്ദേശത്തോടെയല്ല താനതു പറഞ്ഞതെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''പട്ടിണിക്കാരനായാലും സമ്പന്നനായാലും കായിക മത്സരങ്ങളെന്നത് ഏറ്റവും പ്രധാനപ്പെട്ട മൗലിക അവകാശങ്ങളില്‍പ്പെട്ടതാണ്. അതിനു സാമ്പത്തിക ഘടന മാത്രം തിരിച്ചുകൊണ്ട് അവതരിപ്പിക്കുന്നതല്ല ശരി. മന്ത്രി അത് ഉദ്ദേശിച്ചിട്ടില്ല. ടിക്കറ്റ് നിരക്കോ മറ്റോ പറഞ്ഞുവന്നപ്പോള്‍ പറഞ്ഞതു മാത്രമാണത്. അല്ലാതെ പാവപ്പെട്ടവരൊന്നും ക്രിക്കറ്റ് കാണാന്‍ പാടില്ലെന്ന് ആരെങ്കിലും പറയുമോ? അങ്ങനെയല്ല മന്ത്രി ഉദ്ദേശിച്ചത്,'' ഗോവിന്ദന്‍ പറഞ്ഞു.

കാണികള്‍ കുറഞ്ഞതിനു പല കാരണങ്ങളുണ്ടാകാം. ഞങ്ങളതു വിശകലനം ചെയ്തിട്ടില്ല. പരിശോധിക്കപ്പെടേണ്ടതാണ്. മന്ത്രിയുടെ പ്രസ്താവന കൊണ്ടാണ് ആളുകള്‍ കുറഞ്ഞതെന്നു പറയുന്നതില്‍ കാര്യമില്ല. കുരുടന്‍ ആനയെ കണ്ടപോലെ ഓരോന്നു പറഞ്ഞിട്ട് കാര്യമില്ല. മൊത്തം ആനയെ കാണണം. പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായങ്ങള്‍ രാഷ്ട്രീയം മാത്രമാണ്.

ഏറ്റവും ഉജലമായ കളിയാണ് ഇന്ത്യ കാര്യവട്ടത്ത് കാഴ്ചവച്ചത്. രാജ്യത്തിന്റെ എല്ലാഭാഗത്തു നിന്നുള്ളവരും ആ കളി ടെലിവിഷന്‍ ചാനലുകളിലൂടെ കണ്ടിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, പട്ടിണിപ്പാവങ്ങള്‍ കളി കാണേണ്ടെന്ന നിലപാട് ശരിയല്ലെല്ലെന്നു സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. പട്ടിണിക്കാരനും അല്ലാത്തവനും കാണേണ്ട കളിയാണ് ക്രിക്കറ്റെന്നും അദ്ദേഹം പറഞ്ഞു.

പട്ടിണിക്കാര്‍ കളി കാണേണ്ടെന്ന മന്ത്രിയുടെ പരാമര്‍ശമാണു വിനയായതെന്നും നാല്‍പതിനായിരത്തോളം ടിക്കറ്റ് വിറ്റിടത്ത് ആറായിരമായി ചുരുങ്ങിയതില്‍ വന്ന നഷ്ടം കെസിഎയ്ക്ക് മാത്രമല്ല സര്‍ക്കാരിന് കൂടിയാണെന്ന് പരാമര്‍ശക്കാര്‍ ഇനിയെങ്കിലും മനസിലാക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാജ്യാന്തര മത്സരങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണെന്നും പന്ന്യന്‍ പറഞ്ഞു.

പ്രതിപക്ഷത്തുനിന്നു ശശി തരൂര്‍ എം പി, പ്രതിക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തി. മന്ത്രി വിവരക്കേട് പറഞ്ഞതുകൊണ്ട് ചിലര്‍ സ്റ്റേഡിയം ബഹിഷ്‌കരിച്ചുവെന്നും യഥാര്‍ഥത്തില്‍ പ്രതിഷേധക്കാര്‍ ബഹിഷ്‌കരിക്കേണ്ടിയിരുന്നത് മന്ത്രിയെയായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യത്തിന്റെയൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കുന്ന അവസ്ഥയുണ്ടായി. ഒരു മനുഷ്യന്‍ ചെയ്ത തെറ്റിനാണ് ക്രിക്കറ്റിനെയും സ്റ്റേഡിയത്തെയും ബഹിഷ്‌കരിക്കുന്ന അവസ്ഥ കേരളത്തിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണു കാര്യവട്ടത്ത് കണ്ടതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ് കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.

India Srilanka Thiruvananthapuram Odi M V Govindan Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: