തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ കാണികളുടെ പങ്കാളിത്തം കുറഞ്ഞതിൽ കായിക മന്ത്രിയെ വിമർശിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പട്ടിണിക്കാര്‍ കളി കാണേണ്ടെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിനയായതെന്നും അദ്ദേഹം പറഞ്ഞു.
നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റിടത്ത് ആറായിരമായി ചുരുങ്ങിയതിൽ വന്ന നഷ്ടം കെസിഎയ്ക്ക് മാത്രമല്ല സർക്കാരിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലും മനസിലാക്കണം. രാജ്യാന്തര മത്സരങ്ങൾ നഷ്ടപ്പെട്ടാൽ നഷ്ടം ക്രിക്കറ്റ് ആരാധകർക്കും സംസ്ഥാന സർക്കാരിനുമാണെന്നും പന്ന്യൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കാര്യവട്ടത്തെ കളിയിലെ ഓരോ ഓവറും പ്രത്യേകതകൾ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മത്സരങ്ങൾ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരിച്ചടിയാകും. കളിയെ പ്രോത്സാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്തിതിക്ക് കാരണമായിട്ടുണ്ട്. കായികരംഗത്തെ പരമാവധി പ്രോത്സാഹിപ്പിക്കാൻ ബാധ്യതപ്പെട്ടവർ കായികപ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്. വിവാദങ്ങൾക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാര്യവട്ടത്ത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ നേടിയത്. 317 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. വിരാട് കോഹ്ലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും സെഞ്ചുറി ഇന്നിങ്സുകളുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറായ 390 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 73 റണ്‍സ് എടുക്കുന്നതിനെ എല്ലാവരെയും നഷ്ടമായി.