തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക കാര്യവട്ടം ഏകദിനത്തിലെ വിവാദങ്ങളില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാന്. “ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനാണ് (കെസിഎ). സംസ്ഥാന സര്‍ക്കാരിന് കെസിഎയ്ക്ക് മുകളില്‍ നിയന്ത്രണങ്ങളില്ല. പാവപ്പെട്ടവര്‍ കളി കാണേണ്ടെന്നാകും കെസിഎയുടെ നിലപാടെന്നാണ് പറഞ്ഞത്. പക്ഷെ അത് വളച്ചൊടിച്ചു,” മന്ത്രി വിശദമാക്കി.
“ടിക്കറ്റ് നിരക്കിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അതു കുറയ്ക്കാന്‍ ബന്ധപ്പെട്ട ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍, അനുകൂല നടപടി ഉണ്ടായില്ല. വാക്കുകള്‍ വളച്ചൊടിച്ച് ചില എതിരാളികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം വികലമായി അവതരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ വിനോദ നികുതിയാണ് നിരക്ക് കൂടാന്‍ കാരണം എന്ന വാദവുമായി ക്രിക്കറ്റ് അധികാരികളുമെത്തി,” മന്ത്രി വ്യക്തമാക്കി.
കാര്യവട്ടത്ത് കളി നടക്കുമ്പോള്‍ നിയമപ്രകാരം വിനോദ നികുതി ഇനത്തില്‍ 50 മുതല്‍ 24 ശതമാനം വരെ കോര്പ്പറേഷന് നല്‍കണം. ഇത്തവണ അത് 12 ശതമാനമായി കുറച്ചു. ടിക്കറ്റ് നിരക്ക് കുറയാനും സാധാരണക്കാര്‍ക്ക് പ്രയാസമില്ലാതെ കാണാനും അവസരം ഒരുക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
“മുന്‍കാലങ്ങളില്‍ വലിയ ഇടവേളകളിലാണ് കേരളത്തില്‍ അന്താരാഷ്ട്ര മത്സരം നടന്നിരുന്നത്. അതിനാല്‍ അന്ന് നികുതി ഒഴിവാക്കുകയും വലിയ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മൂന്ന് മാസത്തിനിടയിലാണ് അടുത്ത കളി നടന്നത്. ഒരു വര്‍ഷം തുടര്‍ച്ചയായി വലിയ ഇളവ് നല്‍കുക പ്രയാസമാണ്, അത് വലിയ ബാധ്യതയാകും,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞത് സര്‍ക്കാരിന്റെ തലയില്‍ വയ്ക്കേണ്ടതില്ലെന്ന് മന്ത്രി എം ബി രാജേഷും വ്യക്തമാക്കി. “വിനോദ നികുതി കൂട്ടി എന്നതും ശരിയല്ല. വിനോദ നികുതി 24 ശതമാനത്തിൽ നിന്നും 12 ആക്കി ഇളവ് നൽകിയിരുന്നു. അത് കെസിഎയ്ക്ക് അറിയാം. മറിച്ചുള്ള പ്രചാരണം തെറ്റാണ്,” മന്ത്രി പറഞ്ഞു.
കാര്യവട്ടം ഏകദിനത്തില്‍ കാണികളുടെ എണ്ണത്തില്‍ ഉണ്ടായ ഇടിവില്‍ കായിക മന്ത്രിയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത് 37,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ എത്തിയത് പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമായിരുന്നു.