തിരുവനന്തപുരം: കാര്യവട്ടം ഏകദിന മത്സരത്തിൽ കാണികൾ കുറഞ്ഞതിൽ കായിക മന്ത്രിയെ വിമർശിച്ച് ശശി തരൂർ എംപി. മന്ത്രി വിവരക്കേട് പറഞ്ഞതുകൊണ്ട് ചിലർ സ്റ്റേഡിയം ബഹിഷ്കരിച്ചു. പ്രതിഷേധക്കാർ ബഹിഷ്കരിക്കേണ്ടിയിരുന്നത് മന്ത്രിയെയാണ്. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യത്തിന്റെയൊട്ടാകെ ശ്രദ്ധയാകർഷിക്കുന്ന അവസ്ഥയുണ്ടായി. ഒരു മനുഷ്യൻ ചെയ്ത തെറ്റിനാണ് ക്രിക്കറ്റിനെയും സ്റ്റേഡിയത്തെയും ബഹിഷ്കരിക്കുന്ന അവസ്ഥ കേരളത്തിലുണ്ടായതെന്നും തരൂർ പറഞ്ഞു.
കായിക മന്ത്രി വി അബ്ദുറഹിമാനെ കുറ്റപ്പെടുത്തി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തുവന്നു. പട്ടിണിക്കാരനും അല്ലാത്തവരും കാണേണ്ട കളിയാണ് ക്രിക്കറ്റ്. പട്ടിണി പാവങ്ങൾ കളി കാണേണ്ടെന്ന് പറയരുതെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
കാര്യവട്ടത്ത് കണ്ടത് മന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലമാണ് കാര്യവട്ടം ഏകദിനത്തിൽ കാണികൾ കുറഞ്ഞതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.
കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ കാണികളുടെ പങ്കാളിത്തം കുറഞ്ഞതിൽ കായിക മന്ത്രിയെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും വിമർശിച്ചു. പട്ടിണിക്കാര്‍ കളി കാണേണ്ടെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിനയായത്. നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റിടത്ത് ആറായിരമായി ചുരുങ്ങിയതിൽ വന്ന നഷ്ടം കെസിഎയ്ക്ക് മാത്രമല്ല സർക്കാരിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലും മനസിലാക്കണം. രാജ്യാന്തര മത്സരങ്ങൾ നഷ്ടപ്പെട്ടാൽ നഷ്ടം ക്രിക്കറ്റ് ആരാധകർക്കും സംസ്ഥാന സർക്കാരിനുമാണെന്ന് പന്ന്യൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ നടപടിയെ ന്യായീകരിച്ചുകൊണ്ടായിരുന്നു കായിക മന്ത്രി വി.അബ്ദുറഹിമാന്റെ വിവാദ പരാമർശം. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്.