scorecardresearch

കരിപ്പൂരേക്കു വന്നത് കൂട്ടുകാരനുവേണ്ടി; തുണയായതും സൗഹൃദത്തിന്റെ കരങ്ങള്‍

ദുബായിലെ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നു നാട്ടിലേക്കു തിരിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശികളായ സഹോദരങ്ങൾ സഹിനും ആഷിക്കും സുഹൃത്തിനാപ്പം യാത്ര ചെയ്യാനാണ് നെടുമ്പാശേരിക്കുപകരം കരിപ്പൂരിലേക്കു ടിക്കറ്റെടുത്തത്

ദുബായിലെ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നു നാട്ടിലേക്കു തിരിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശികളായ സഹോദരങ്ങൾ സഹിനും ആഷിക്കും സുഹൃത്തിനാപ്പം യാത്ര ചെയ്യാനാണ് നെടുമ്പാശേരിക്കുപകരം കരിപ്പൂരിലേക്കു ടിക്കറ്റെടുത്തത്

author-image
WebDesk
New Update
air india plane crash, kerala news, air india news, air india plane crash today, air india plane accident, air india aircraft crash, air india aircraft crash news, air india plane crash in kerala, air india plane crash in kerala today, air india plane crash news, kerala plane crash latest news, kerala plane crash news, kerala plane crash today news, kerala news, kerala news update

കോഴിക്കോട്: സുഹൃത്ത് ഒപ്പമുള്ളതുകൊണ്ടാണ് ചങ്ങരംകുളം സ്വദേശി മുഹമ്മദ് സഹിനും സഹോദരന്‍ ആഷിക്കും ഇത്തവണത്തെ യാത്രയ്ക്കു നെടുമ്പാശേരി ഒഴിവാക്കി കരിപ്പൂര്‍ വിമാനത്താവളം തിരഞ്ഞെടുത്തത്. ആ യാത്രയില്‍ അപകടമൊളിഞ്ഞിരിപ്പുണ്ടെന്നു ഇരുവരുടെയും കുടുംബം കരുതിയില്ല.

Advertisment

ദുബായിലെ കമ്പനിയിലെ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണു മലപ്പുറം ചങ്ങരം കുളം സ്വദേശിയായ സഹിനും ആഷിക്കും നാട്ടിലേക്കു തിരിച്ചത്. ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തും കൂടെയുണ്ടായിരുന്നു. ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയായ കിങ്‌സിലെ ഡ്രൈവര്‍മാരാണു സഹിനും ആഷിക്കും.

Also Read: Karipur Plane Crash Live Updates: കരിപ്പൂർ വിമാനാപകടം; മരണം 18, പരുക്കേറ്റവരുടെ നില ഗുരുതരം

''സാധാരണ നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഇറങ്ങാറ്. ഇത്തവണ സുഹൃത്ത് ഒപ്പമുള്ളതിനാലാണ് കരിപ്പൂരിലേക്ക് ടിക്കറ്റെടുത്തത്. ആ യാത്ര അപകടത്തിലേക്കാകുമെന്ന് കരുതിയില്ല,''സഹിന്റെ ഭാര്യ ഷാബില ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Advertisment

നെറ്റിക്കു പരുക്കേറ്റ സഹിന്‍ കോട്ടക്കലിലെ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ പോയെങ്കിലും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഭര്‍ത്താവിനെ നേരിട്ടു കാണാന്‍ കഴിഞ്ഞില്ലെന്ന് ഷാബില പറഞ്ഞു. ബന്ധുവായ ഡോക്ടറുടെ ഫോണില്‍ വീഡിയോ കോള്‍ വഴിയാണു ഷാബില സഹിനോട് സംസാരിച്ചത്.

Also Read:റൺവേ വിപുലീകരിക്കേണ്ടതിന്റെ ആവശ്യം ഇപ്പോളെങ്കിലും ബോധ്യപ്പെട്ടിരിക്കും: മുൻ ഡിജിസിഎ ഇ.കെ ഭരത് ഭൂഷൺ

''അപകടത്തില്‍പ്പെട്ട വിമാനത്തിലാണ് ഭര്‍ത്താവ് വരുന്നതെന്ന് അറിയാമായിരുന്നു. സാധാരണഗതിയില്‍, വിമാനത്താവളത്തില്‍നിന്ന് കൂട്ടാനായി പേകാറുണ്ടായിരുന്നു. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണു പോകാതിരുന്നത്. അപകടവിവരം ടെലിവിഷന്‍ വാര്‍ത്തകളില്‍ കണ്ടതോടെ ആധിയായി. ഇതിനിടെ വിവരമറിഞ്ഞ് അയല്‍വാസികളൊക്കെ എത്താന്‍ തുടങ്ങി. ഒടുവില്‍ ഇന്നു രാവിലെയാണു സംസാരിക്കാന്‍ കഴിഞ്ഞത്. നല്ല ക്ഷീണമുള്ളതിനാല്‍ അധികം സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തിന്റെ ആഘാതത്തിലാണെന്നും മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമാണു ഡോക്ടര്‍ പറഞ്ഞത്,''ഷാബില പറഞ്ഞു.

അപകടത്തില്‍പ്പെട്ട വിമാനത്തില്‍നിന്ന് എമര്‍ജന്‍സി വാതില്‍ വഴി ചാടിയാണു സഹിനും സഹോദരനും സുഹൃത്തും രക്ഷപ്പെട്ടതെന്നു ഷാബില പറഞ്ഞു. അപകടം നടന്നതിനു പിന്നാലെ സുഹൃത്ത് വിമാനത്തില്‍നിന്ന് എടുത്തുചാടി. പിന്നാലെ അദ്ദേഹത്തിന്റെ സഹായത്തോടെ സഹിനും ആഷിക്കും എമര്‍ജന്‍സി വാതില്‍ വഴി പുറത്തേക്കു ചാടുകയായിരുന്നു.

Also Read:എയര്‍ ഇന്ത്യ വിമാന അപകടം: കരിപ്പൂരിന്റെ ഭാവിയെ ഇരുളില്‍ ആക്കാന്‍ സാധ്യത

രണ്ടു വര്‍ഷം മുന്‍പാണു സഹിന്‍ ദുബായിലേക്കുപോയത്. കമ്പനി വാര്‍ഷിക അവധി അനുവദിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബറില്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു. അതിനിടെയാണു കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് സഹിനും സഹോദരന്‍ ആഷിക്കിനും ജോലി നഷ്‌പ്പെട്ടത്. ഇവരുടെ ഇളയ സഹോദരന്‍ ഇതേ കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. സഹിനും ആഷിക്കും ഉള്‍പ്പെടെ ജോലി നഷ്ടപ്പെട്ട 26 പേരാണ് അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത്.

ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ഇന്നലെ രാത്രി എട്ടോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിനുശേഷം നിയന്ത്രണംവിട്ട് റണ്‍വേയില്‍നിന്നു തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്കു കുപ്പുകുത്തുകയായിരുന്നു. അപകടത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പിളര്‍ന്നുമാറി. ആറ് വിമാനജീവനക്കാരടക്കം 184 യാത്രക്കാരുമടക്കം 190 പേരാണു വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പൈലറ്റുമാരും 16 യാത്രക്കാരും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. പരുക്കേറ്റവര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Also Read:എയര്‍ ഇന്ത്യ വിമാന അപകടം: കരിപ്പൂരിന്റെ ഭാവിയെ ഇരുളില്‍ ആക്കാന്‍ സാധ്യത

Karipoor Airport Plane Crash Air India Express

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: