വിസ കാലാവധി കഴിഞ്ഞത് അറിയുന്നത് വിമാനത്താവളത്തിൽ എത്തിയ ശേഷം; അഫ്‌സൽ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

അപകടത്തിനിരയായ എയർ ഇന്ത്യ എക്‌സ്‌പ്രസ് ടേക്ക് ഓഫ് ചെയ്യുന്നതിനു മുൻപ് അഫ്‌സലിനു വിമാനത്താവളത്തിൽ എത്താൻ സാധിച്ചില്ല. പിന്നീട് നിരാശനായി റൂമിലേക്ക് മടങ്ങുകയായിരുന്നു

Afsal Plane Crash Air India Express

ദുബായ്: കരിപ്പൂർ വിമാനാപകട വാർത്ത അറിഞ്ഞതു മുതൽ വലിയ ഞെട്ടലിലാണ് അഫ്‌സൽ. അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. കൃത്യ സമയത്തിനു വിമാനത്താവളത്തിൽ എത്താൻ കഴിയാതെ വന്നതോടെ അപകടത്തിൽ നിന്നു രക്ഷപ്പെടുകയായിരുന്നു.

വിവാഹ ഒരുക്കത്തിനായാണ് കണ്ണൂർ സ്വദേശിയായ അഫ്‌സൽ നാട്ടിലേക്ക് മടങ്ങാനിരുന്നത്. മട്ടന്നൂർ പെരിയാട്ടിൽ സ്വദേശിയാണ് പാറമ്മൽ അഫ്‌സൽ. അപകടത്തിനിരയായ എയർ ഇന്ത്യ എക്‌സ്‌പ്രസ് ടേക്ക് ഓഫ് ചെയ്യുന്നതിനു മുൻപ് അഫ്‌സലിനു വിമാനത്താവളത്തിൽ എത്താൻ സാധിച്ചില്ല. പിന്നീട് നിരാശനായി റൂമിലേക്ക് മടങ്ങുകയായിരുന്നു.

Read Also: ‘നിങ്ങൾ അഭിമാനമാണ്; രക്ഷാപ്രവർത്തകർക്ക് കോവിഡ് വന്നാൽ ഞങ്ങൾ നോക്കും’

യാത്രയ്‌ക്കായി നേരത്തെ വിമാനത്താവളത്തിൽ എത്തിയിരുന്നു. അപ്പോഴാണ് വിസ കാലാവധി തീർന്ന വിവരം അറിയുന്നത്. ഉടൻ റൂമിലേക്ക് മടങ്ങിപ്പോയി. താമസസ്ഥലത്തേക്ക് തിരിച്ചുപോയി ആവശ്യമായ രേഖകളെല്ലാം കയ്യിലെടുത്ത് അഫ്‌സൽ വിമാനത്താവളത്തിലേക്ക് വീണ്ടും വന്നു. എന്നാൽ, അപ്പോഴേക്കും വിമാനം പുറപ്പെട്ടു.

അപകടവിവരം അറിഞ്ഞ അഫ്‌സൽ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. വീട്ടുകാർ അഫ്‌സലിനെ വിളിച്ചപ്പോഴാണ് അപകടം നടന്ന വിമാനത്തിൽ ഇല്ലെന്ന കാര്യം അറിയുന്നത്. ഒരു വർഷം മുൻപാണ് അഫ്‌സൽ അബുദാബിയിലേക്ക് ജോലിക്ക് പോയത്.

അതേസമയം, കരിപ്പൂർ വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് മരണം 19 ആയി. ഇനിയും മരണസംഖ്യ ഉയർന്നേക്കും. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. ഒരു ഗർഭിണിയടക്കം അഞ്ച് പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും രണ്ട് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിലും ഉണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വൃദ്ധർക്കും യുവാക്കൾക്കുമടക്കം നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലർ അപകടനില തരണം ചെയ്‌തു. മരിച്ചവരിൽ 16 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൂന്ന് പേരുടെ കൂടി തിരിച്ചറിയാനുണ്ട്.

Read Also; വിമാനാപകടത്തിൽ മരിച്ചയാൾക്ക് കോവിഡ്; രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ ശ്രദ്ധിക്കുക

വെള്ളിയാഴ്‌ച രാത്രി എട്ടു മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നിട്ട വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. 35 അടി താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിന്റെ മുൻഭാഗം വേർപെട്ടു.

കുട്ടികളടക്കം അടക്കം 184 യാത്രക്കാരും രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് 7.27 ഓടെ കരിപ്പൂരിലെത്തേണ്ട വിമാനമാണ് അര മണിക്കൂറോളം വൈകി എത്തിയത്. ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചശേഷം സാധിക്കാത്തതിനാല്‍ തിരികെ പറന്നുയര്‍ന്ന വിമാനം ആകാശത്ത് വട്ടമിട്ട് പറന്നശേഷം തിരികെ രണ്ടാമതും ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വലിയ ശബ്ദം കേട്ടിരുന്നുവെന്നും ഒന്നും കാണാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Karipoor plane crash afsal air india express

Next Story
Kerala Floods: വരും ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്ക് സാധ്യത
The moderation of comments is automated and not cleared manually by malayalam.indianexpress.com