വെള്ളിയാഴ്ച്ച കേരളത്തെ ദുഖത്തിലാഴ്ത്തിയ വിമാന അപകടം കരിപൂര്‍ വിമാനത്താവളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കരിപ്പൂരിന്റെ പ്രാധാന്യം കുറയ്ക്കുന്നുവെന്ന വാദം നിലനില്‍ക്കവേയാണ് തിരിച്ചടിയായി അനുഭവ സമ്പത്തുള്ള പൈലറ്റ് അടക്കം 18 പേര്‍ മരിച്ച അപകടമുണ്ടായത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളില്‍ ഒന്നാണ് കരിപ്പൂര്‍ വിമാനത്താവളം.
മറ്റൊരു ടേബിള്‍ ടോപ് വിമാനത്താവളമായ മംഗളുരുവില്‍ 2010-ല്‍ രാജ്യത്തെ നടുക്കിയ വിമാന ദുരന്തം കരിപ്പൂരിന്റെ പ്രവര്‍ത്തനങ്ങളേയും വര്‍ഷങ്ങളോളം ബാധിച്ചിരുന്നു. മെയ് 2010-ല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737 വിമാനം മംഗളുരു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ റണ്‍വേയില്‍ നിന്നും തെന്നി പുറത്തേക്ക് പോയി സമീപത്തെ താഴ് വരയിലേക്ക് കൂപ്പുകുത്തിയാണ് അപകടമുണ്ടായത്. 158 പേരാണ് മരിച്ചത്. സമാനമായ രീതിയിലാണ് കരിപ്പൂരിലും വെള്ളിയാഴ്ച്ച അപകടമുണ്ടായത്.
റണ്‍വേയുടെ നീളം കുറവ്, സുരക്ഷാ മേഖലയും കുറവ്
മംഗളരുവിലെ അപകടത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മെയ് 2015 മുതല്‍ കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ (വൈഡ് ബോഡീഡ് വിമാനങ്ങള്‍) സര്‍വീസ് നിരോധിച്ചിരുന്നു. കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേയ്ക്ക് 2,850 മീറ്റര്‍ ദൂരമേ ഉള്ളൂവെന്നും അത് ചെറിയ വിമാനങ്ങള്‍ക്ക് (നാരോ ബോഡീഡ്-കോഡ്-ഡി) പറന്നുയരാനും ഇറങ്ങാനുമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
Read Also: വിസ കാലാവധി കഴിഞ്ഞത് അറിയുന്നത് വിമാനത്താവളത്തിൽ എത്തിയ ശേഷം; അഫ്‌സൽ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
കൂടാതെ, റണ്‍വേ അവസാനിക്കുന്ന ഇടത്തെ സുരക്ഷാ മേഖലയും കോഡ് ഇ വിമാനങ്ങള്‍ ഇറക്കുന്നതിന് പര്യാപ്തമായിരുന്നില്ല. ഇരുവശങ്ങളിലും 75 മീറ്റര്‍ ദൂരമാണ് സുരക്ഷാ മേഖലയായി ഉള്ളതെന്നും കുറഞ്ഞത് 150 മീറ്റര്‍ ദൂരം വേണമെന്ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അഡൈ്വസറി കമ്മിറ്റിയില്‍ ഉണ്ടായിരുന്ന മോഹന്‍ രംഗനാഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. “കൂടാതെ റണ്‍വേയുടെ അവസാനം 90 മീറ്ററാണുള്ളത്. കുറഞ്ഞത് 200 മീറ്റര്‍ എങ്കിലും വേണം,” അദ്ദേഹം പറഞ്ഞു. അനുകൂലമല്ലാത്ത കാലാവസ്ഥയില്‍ റണ്‍വേ 10-ല്‍ വിമാനം ഇറക്കുന്നത് സുരക്ഷിതമല്ലെന്ന് രംഗനാഥന്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യോമയാന അധികൃതര്‍ക്ക് കത്തെഴുതിയിരുന്നു.
കുന്നു വെട്ടിയാണ് ടേബിള്‍ടോപ്പ് റണ്‍വേകള്‍ സാധാരണയായി നിര്‍മ്മിക്കുന്നത്. റണ്‍വേയില്‍ നിന്നും തെന്നിപ്പോയാല്‍ സുരക്ഷിതമായി നിര്‍ത്താനുള്ള സ്ഥലം ഇല്ലാത്തതിനാല്‍ ഇവിടത്തെ ലാന്‍ഡിംഗുകള്‍ അപകടകരമാണ്. ഇറങ്ങുമ്പോള്‍ വേഗത കുറയ്ക്കാനായി ഉയര്‍ന്ന പേലോഡുകള്‍ ഉള്ള ഇത്തരം വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഉള്ളതിനേക്കാള്‍ ദൂരം ആവശ്യമാണ് എന്നത് കണക്കിലെടുത്തായിരുന്നു നിരോധനം.
കോഴിക്കോട് റണ്‍വേയ്ക്ക് ചുറ്റും ഇരുവശത്തും ആഴത്തിലുള്ള മലയിടുക്കുകളുണ്ട്. ഇന്നലെ നടന്ന അപകടത്തില്‍ വിമാനത്തിനു തീ പിടിക്കാത്തതിനാല്‍ അപകടങ്ങള്‍ കുറയുമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ‘വിമാനം താഴേക്കിറങ്ങിയപ്പോള്‍ സാധാരണയില്‍ കവിഞ്ഞ വേഗത ഉണ്ടായിക്കാണും അത് കൊണ്ട് തന്നെ പൈലറ്റുമാര്‍ക്ക് റണ്‍വേ ഉദ്ദേശിച്ചയിടത്ത് നിര്‍ത്താനാവാതെ പോയി,’ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പൈലറ്റുമാരുടെ അഭിപ്രായത്തില്‍, ടേബിള്‍ടോപ്പ് റണ്‍വേകളില്‍ ലാന്‍ഡിംഗ് ചെയ്യുന്നതിന് കൃത്യമായ മുന്നൊരുക്കം ആവശ്യമാണ്.
ഈ നിരോധനത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ, സൗദി അറേബ്യന്‍ എയര്‍ലൈന്‍, എമിറേറ്റ്‌സ് എയര്‍ലൈനുകളുടെ വലിയ വിമാനങ്ങളുടെ സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയത് കരിപ്പൂരിന് മാത്രമല്ല മലബാറിലെ വിമാന യാത്രക്കാര്‍ക്ക് മുഴുവന്‍ തിരിച്ചടിയായി. അവര്‍ മംഗ്ലൂരിനേയും കൊച്ചിയേയും യാത്രയ്ക്കായി ആശ്രയിക്കേണ്ടി വന്നു.
കോഡി-ഇ വിമാനങ്ങള്‍ വീണ്ടും പറന്നു, പക്ഷേ ആശങ്കകള്‍ അവശേഷിച്ചു
ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കൂട്ടുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ശക്തമായ ആവശ്യവും പ്രക്ഷോഭവും ഉയര്‍ന്നു വന്നു. കൂടെ, വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണം എന്ന ആവശ്യവും ഉണ്ടായി. ഇതേതുടര്‍ന്ന്, എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കരിപ്പൂരിലെ റണ്‍വേ റീകാര്‍പ്പറ്റ് ചെയ്യുകയും മറ്റ് സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയശേഷം 2018 ഡിസംബറില്‍ സൗദി അറേബ്യന്‍ എയര്‍ലൈനിന് വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അനുമതി കൊടുത്തു. തുടര്‍ന്ന് 2019 ജൂലായില്‍ എയര്‍ ഇന്ത്യയ്ക്കും ദുബായിലെ എമിറ്റേറ്റ്‌സിനും അനുമതി ലഭിച്ചു.
Read Also: ‘യാത്ര പറയാൻ അവൻ എത്തിയിരുന്നു, പാവപ്പെട്ടവർക്ക് ഭക്ഷണം നൽകണമെന്ന് പറഞ്ഞ് ഒരു സംഖ്യ ഏൽപ്പിച്ചു’
രണ്ട് കമ്പനികളും സുരക്ഷാ പരിശോധനകള്‍ നടത്തിയിരുന്നു. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിന് സഹായകരമായി ടച്ച്-ഡൗണ്‍ സോണ്‍ ലൈറ്റുകള്‍ വയ്ക്കുകയും ചെയ്തു. കോഡ്-ഇ വിഭാഗത്തില്‍പ്പെട്ട ബോയിങ് 777-200, എയര്‍ബസ് 330-300, ബോയിങ് 777-400, ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്.
തര്‍ക്കങ്ങളില്‍ കുടുങ്ങി റണ്‍വേ വികസനം
കരിപ്പൂരിലെ റണ്‍വേ ആയിരം മീറ്റര്‍ കൂടെ വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് നടന്നത്. അതിനായി, 256 ഏക്കര്‍ ഭൂമി ആവശ്യമായി വരുമെന്ന് തിട്ടപ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഭൂമിയേറ്റെടുക്കലിന് എതിരെ പ്രതിഷേധം ഉയര്‍ന്നു. ഇതേതുടര്‍ന്ന്, 137 ഏക്കര്‍ ഭൂമി ഏറ്റെടുക്കാം എന്നതിലേക്ക് അധികൃതര്‍ തീരുമാനം മാറ്റി. പള്ളിക്കല്‍ വില്ലേജിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിനായി സാമൂഹിക ആഘാത പഠനം നടത്തുകയും ചെയ്തു. കൂടാതെ, പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി മാന്യമായ നഷ്ടപരിഹാരം നല്‍കി മാത്രമേ ഭൂമിയേറ്റെടുക്കുകയുള്ളൂവെന്നും 2019 ഫെബ്രുവരിയില്‍ കളക്ടറായിരുന്ന അമിത് മീണ ഉറപ്പ് നല്‍കിയിരുന്നു.
മത്സരം ഉയര്‍ത്തി കണ്ണൂര്‍
രണ്ട് ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങള്‍ക്കിടയില്‍ കിടക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തെ യാത്രക്കാര്‍ ആശ്രയിച്ചാല്‍ കുറ്റംപറയാന്‍ ആകില്ല. രണ്ടിടത്തും അപകടങ്ങള്‍ ഉണ്ടായത് യാത്രക്കാരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. മാംഗ്ലൂര്‍ അപകടത്തെ തുടര്‍ന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി ഇല്ലാതിരുന്ന കാലം കൊണ്ട് കൊണ്ട് കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണം ഏറെ മുന്നോട്ട് പോകുകയും 2018 ഡിസംബറില്‍ ഉദ്ഘാടനം നടത്തുകയും ചെയ്തു.
Read Also: കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തമായി കരിപ്പൂര്‍
ഒരു വര്‍ഷം 26 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് കരിപ്പൂരില്‍ നിന്നും പറക്കുന്നത്. ആഭ്യന്തര യാത്രക്കാരുടെ കണക്ക് കൂടെ എടുക്കുമ്പോള്‍ 30 ലക്ഷം കടക്കും. അതേസമയം, പ്രവര്‍ത്തനം തുടങ്ങി ഒമ്പത് മാസങ്ങള്‍ കൊണ്ട് 10 ലക്ഷം യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു. 2025 ഓടു കൂടി അതിന്റെ അഞ്ചിരട്ടിയാകുമെന്നാണ് കരുതുന്നത്.