/indian-express-malayalam/media/media_files/2025/02/22/u7uJAYSqZ9YvgBvY3L7R.jpg)
ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ ഐടി രംഗത്തെ പ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ച
കൊച്ചി : വമ്പൻ നിക്ഷേപ പ്രഖ്യാപനത്തോടെ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു.
ഇതിനോടകം കേരളത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ 374 കമ്പനികൾ നിക്ഷേപ താത്പര്യ കരാറിൽ ഒപ്പിട്ടു. ആകെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. 24 ഐടി കമ്പനികൾ നിലവിലുള്ള സംരഭങ്ങൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചു.
കേരളത്തിൽ നിക്ഷേപിക്കാൻ നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് പി രാജീവ് വ്യക്തമാക്കി. നിക്ഷേപ സൗഹൃദ ഐക്യ കേരളമായി നാട് മാറി. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തിൽ നിക്ഷേപങ്ങൾക്ക് ഹിഡൻ കോസ്റ്റ് ഇല്ല. വ്യവസായ മേഖലയുടെ ആവശ്യ പ്രകാരം വിദ്യാഭ്യാസ കോഴ്‌സുകളിൽ മാറ്റം വരുത്താം. കേരളത്തിന്റെ തൊഴിൽ സംസ്കാരം മാറി. കമ്പനികളുടെ നിക്ഷേപത്തിന് സമയമെടുക്കുമെന്നും രാജീവ് വ്യക്തമാക്കി.
പുതിയ സ്ഥാപനങ്ങളുടെ പുതിയ പദ്ധതികളും നിലവിലുള്ള സ്ഥാപനങ്ങളുടെ വികസന പദ്ധതികളും ചേർത്താണ് ഒന്നര ലക്ഷം കോടിക്കപ്പുറമുള്ള സംരംഭ പ്രഖ്യാപനം വ്യവസായ മന്ത്രി നടത്തിയത്. നിലവിൽ പ്രവർത്തിക്കുന്ന 24 ഐടി കമ്പനികളുടെ പദ്ധതി വിപുലീകരണവും ഇതിൽപ്പെടും.
അദാനി ഗ്രൂപ്പിന്റെ മുപ്പതിനായിരം കോടിയും ലുലു ഗ്രൂപ്പിൻറെയും ഷറഫ് ഗ്രൂപ്പിന്റെ 5000 കോടിയും ആസ്റ്റർ ഗ്രൂപ്പിന്റെ 850 കോടിയും ഉൾപ്പെടും. നിക്ഷേപവുമായി ബന്ധപ്പെട്ട അന്തിമധാരണയല്ല മറിച്ച് താൽപര്യപത്രമാണ് ഈ സ്ഥാപനങ്ങളുമായെല്ലാം ഒപ്പിട്ടിരിക്കുന്നത്. നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രം ചേർത്താണ് അന്തിമ കണക്കെന്നാണ് മന്ത്രിയുടെ അവകാശവാദം.
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മുസ്ലിം ലീഗ് നേതാവും മുൻ വ്യവസാന മന്ത്രിയുമായ പികെ കുഞ്ഞാലികുട്ടി എന്നിവർ സമാപന വേദിയിലെത്തി. വികസനത്തിന് വേണ്ടി കേന്ദ്രത്തിനും കേരളവും ഒരുമിച്ച് നിൽക്കാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്രം അനുവദിച്ച ഗെയിൽ, വിഴിഞ്ഞം, ഹൈപ്പർ ലൈൻ, ദേശീയ പാത വികസനം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കിയ കേരളത്തെ കേന്ദ്രമന്ത്രി അഭിനന്ദനിച്ചു.
സാധ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കും - മുഖ്യമന്ത്രി
കേരളത്തിലേക്ക് എത്തുന്ന നിക്ഷേപകർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഐ. ടി മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി നടത്തിയ റൗണ്ട് ടേബിൾ മീറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സർക്കാർ ഐടി മേഖലയിലുള്ള നിക്ഷേപങ്ങൾക്ക് വളരെ പ്രാധാന്യമാണ് നൽകുന്നത്. ഭൂമിയും, പ്രകൃതി വിഭവങ്ങളും ആവശ്യമില്ലാത്ത ഐ.ടി വ്യവസായം കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് അനുയോജ്യമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുന്ന മേഖലകളിൽ ഒന്നാണ് ഐ. ടി. കേരളത്തിലെ മൂന്ന് ഐടി പാർക്കുകളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ 2000 ത്തോളം രജിസ്റ്റർ ചെയ്ത കമ്പനികളിലായി ഏകദേശം 2 ലക്ഷത്തോളം ഐ ടി പ്രൊഫഷണലുകൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 30 ശതമാനത്തിൽ അധികം സ്ത്രീ തൊഴിലാളികളാണ്. ഐ. ടി വ്യവസായം പരോക്ഷമായി മറ്റു മേഖലയിലെ തൊഴിൽ സാധ്യതകൾക്കു കൂടിയാണ് വഴി തുറക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൂര്‍ണ പിന്തുണ നല്‍കും- പ്രതിപക്ഷ നേതാവ്
സുതാര്യമല്ലാതെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതിപക്ഷം ചോദ്യം ചെയ്യുമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉച്ചകോടിയുടെ ഉദ്ഘാടനദിനത്തിൽ വ്യക്തമാകകി. നല്ല കാര്യങ്ങള്‍ക്ക് പിന്തുണയും നല്‍കും. കേരളത്തില്‍ അവസാനം നടന്ന ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് അന്നത്തെ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. എന്നാല്‍ ഇപ്പോഴത്തെ പ്രതിപക്ഷം പിന്തുണ നല്‍കുകയാണ് ചെയ്തത്. സി.പി.എം പ്രതിപക്ഷത്ത് വരുമ്പോഴും ഈ സംസ്‌ക്കാരം തുടരണം.
കെ റെയില്‍ കേരളത്തില്‍ ദുരന്തമാകും എന്നതു കൊണ്ടാണ് എതിര്‍ത്തത്. ആ പദ്ധതിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ലഭിക്കുകയുമില്ല. അത് കേരളത്തെ സാമ്പത്തികമായും തകര്‍ക്കും. കേരളം വിട്ടുപോകുന്ന കുട്ടികളെ ഇവിടെ പിടിച്ചു നിര്‍ത്തുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണം. അതിന് മുന്‍കൈ എടുത്താല്‍ പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കുമെന്നും വിഡി സതീശൻ പറഞ്ഞു.
ഗ്ലോബല്‍ ഇൻവസ്റ്റേഴ്സ് മീറ്റിലെ നിക്ഷേപ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടത്
അദാനി ഗ്രൂപ്പ്
- അദാനി ഗ്രൂപ്പ് 30,000 കോടിയുടെ നിക്ഷേപം നടത്തും
- വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപം നടത്തും
- ഇ-കൊമേഴ്സ് ഹബ് പദ്ധതിക്ക് 5000 കോടി
- തിരുവനന്തപുരം വിമാനത്താവളത്തിന് 5000 കോടി
കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
- 3000 കോടിയുടെ നിക്ഷേപം നടത്തും
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
- 850 കോടി രൂപയുടെ നിക്ഷേപം നടത്തും
ലുലു ഗ്രൂപ്പ്
- 5000 കോടിയുടെ നിക്ഷേപം നടത്തും
- ഐടി ടവർ ,ഗ്ലോബൽ സിറ്റി, ഫുഡ് പ്രൊസസിംഗ് പാർക്ക്
ഷറഫ് ഗ്രൂപ്പ്
- ലോജിസ്റ്റിക്സ് രംഗത്ത് 5000 കോടിയുടെ നിക്ഷേപം
ബിപിസിഎൽ
- കൊച്ചിയില്‍ പോളി പ്രോപ്പിലിന്‍ യൂണിറ്റിന് 5000 കോടി
ജെയിൻ യൂണിവേഴ്സിറ്റി
- 350 കോടിയുടെ നിക്ഷേപം.
- കോഴിക്കോട് ആസ്ഥാനമാക്കി പുതിയ ഗ്ലോബൽ യൂണിവേഴ്സിറ്റി
Read More
- പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
- പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്; കൊല്ലത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം
- ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിമ്പ്യൻ ബീനാമോളുടെ സഹോദരിയും ഭർത്താവും അടക്കം 3 പേർ മരിച്ചു
- കേരളത്തിന് മൂന്നു ലക്ഷം കോടിയുടെ വികസന പദ്ധതികൾ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.