/indian-express-malayalam/media/media_files/Ab0ek4ZzmTMOgbwEK1QU.jpg)
കേരളത്തിൽ ടൂറിസം സുരക്ഷിതമല്ലെന്ന് അന്താരാഷ്ട്ര ഏജൻസി
Fodor's Travel's No List 2025: തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദസഞ്ചാരം സുരക്ഷിതമല്ലെന്ന് അന്താരാഷ്ട്ര ഏജൻസി. ഉരുൾപൊട്ടലും കായൽ മലിനീകരണവും ചൂണ്ടിക്കാട്ടിയാണ് കേരളത്തെ നോ ലിസ്റ്റ് 2025 പട്ടികയിൽ അന്താരാഷ്ട്ര ഏജൻസിയായ ഫോഡോഴ്സ് ട്രാവൽ ഉൾപ്പെടുത്തിയത്. കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ടൂറിസം ഇൻഫർമേഷൻ പ്രൊവൈഡർമാരാണ് 'ഫോഡോഴ്‌സ് ട്രാവൽ' .കേരളം വിനോദസഞ്ചാരത്തിന് പറ്റിയ ഇടമല്ലെന്ന് മുന്നറിയിപ്പാണ് ഏജൻസി നൽകിയിരിക്കുന്നത്. ലോകത്തെ 15 പ്രദേശങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സമീപകാലത്തുണ്ടായ വയനാട് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും കായലുകളിലെ മലിനീകരണത്തിന്റെ കണക്കും റിപ്പോർട്ടിൽ പറയുന്നുണ്ട്. നവംബർ 13-ന് പ്രസിദ്ധീകരിച്ച 'നോ ലിസ്റ്റ്' പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക സ്ഥലം കേരളമാണ്.
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലും കേരളത്തിലെ പുഴകളും ജലസ്രോതസ്സുകളും മലിനമാകുന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അമിതമായ ടൂറിസം പ്രവർത്തനങ്ങൾ ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചെന്നും ഉരുൾപൊട്ടൽ സാധ്യതകൾ കൂടിയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടിൽ പറയുന്നു.
ഏതാനും ദശാബ്ദങ്ങളായി ഉരുൾപൊട്ടൽ സാധ്യതയെപ്പറ്റി മുന്നറിയിപ്പുണ്ടായിട്ടും കാര്യമായി എടുത്തില്ല. 2015നും 2022നുമിടയിൽ രാജ്യത്തുണ്ടായ 3,782 ഉരുൾപൊട്ടലുകളുടെ 60 ശതമാനവും കേരളത്തിലാണു സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്തോനേഷ്യയിലെ ബാലി, വിനോദസഞ്ചാരത്തിനെതിരെ തദ്ദേശ ജനതയുടെ എതിർപ്പുകൾ രൂക്ഷമായ യൂറോപ്പിലെ ചില പ്രദേശങ്ങൾ, തായ്‌ലൻഡിലെ കോഹ്സമുയി, എവറസ്റ്റ് കൊടുമുടി എന്നിവയാണു സ്ഥിരമായി പ്രശ്നമുള്ള ഇടങ്ങളായി നോ ലിസ്റ്റിൽ ഉൾപ്പെട്ടത്.
സംസ്ഥാനത്ത് ടൂറിസം സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വന്ന 'നോ ലിസ്റ്റ്' പട്ടിക മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗത്തെയും സംസ്ഥാനത്തിന് വരുമാന മാർഗമായ ടൂറിസത്തെയും ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ലോകത്ത് കണ്ടിരിക്കേണ്ട പത്ത് നഗരങ്ങളിലൊന്നായി തിരുവന്തപുരത്തെ സ്‌കൈ സ്‌കാനർ ട്രാവലേഴ്സ് പുരസ്‌കാരം തിരുവനന്തപുരത്തിന് ലഭിച്ചിരുന്നു.
Read More
- ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി അടിയ്ക്കടിയുള്ള പ്രകൃതി ദുരന്തങ്ങൾ
- കൊട്ടിക്കൊട്ടി കയറി പാലക്കാടൻ പൂരം
- പാണക്കാട് തങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം, രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ്
- പാലക്കാട് ഇരട്ട വോട്ട് വിവാദം ശക്തമാകുന്നു, തടയാൻ നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടർ
- ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.