/indian-express-malayalam/media/media_files/uploads/2020/05/covid-1.jpg)
കോഴിക്കോട്: മാഹിക്കും ചെറുവാഞ്ചേരിക്കുമുള്ള 'യാത്ര'കളില്‍ കണ്ണൂര്‍ ജില്ലയിലെ ആരോഗ്യവകുപ്പ് ദിക്കറിയാതെ ചുറ്റിത്തിരിഞ്ഞത് ദിവസങ്ങളോളമായിരുന്നു. ഇരു സ്ഥലങ്ങളിലെയും ഓരോ വയോധികര്‍ക്ക് കോവിഡ് രോഗം പിടിപെട്ടത് എങ്ങനെയെന്നു കണ്ടെത്താനുള്ള അന്വേഷണം ഒരുപക്ഷേ പൊലീസിനെ വെല്ലുന്നതായിരുന്നു. മാഹിയും കടന്ന് കോഴിക്കോട് ജില്ലയില്‍ വരെ എത്തിയ അന്വേഷണമാണു കണ്ണൂരില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തുന്നതിലേക്ക് ആരോഗ്യവകുപ്പിനെ നയിച്ചത്.
കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് മരിച്ച എഴുപത്തിയൊന്നുകാരന്‍ മാഹി ചെറുകല്ലായി സ്വദേശി പി. മെഹ്‌റുഫിന്റെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരെ കണ്ടുപിടിക്കാന്‍ 56 പേരെയാണു പരിശോധനയ്ക്കു വിധേയമാക്കിയത്. ചെറുവാഞ്ചേരി സ്വദേശിയായ എണ്‍പത്തിയൊന്നുകാരന്‍ ഷംസുദ്ദീന്റെ കാര്യത്തില്‍ 71 പേരെയും പരിശോധിച്ചു. ഇവര്‍ക്കു രോഗം പിടിപെട്ടതിന്റെ ഉറവിടം കണ്ടെത്താന്‍ ആദ്യ ഘട്ടത്തില്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ സമൂഹവ്യാപനം നടന്നോ എന്നറിയാനാണ് ഇത്രയും പേരെ പരിശോധിച്ചത്.
/indian-express-malayalam/media/media_files/uploads/2020/05/kannur-covid-19.jpg)
കോവിഡ് ടെസ്റ്റിൽ പുതിയ മാതൃക
ഇതേപോലെ കുറേ രോഗികളെ ഇനിയും കണ്ടെത്താനുണ്ടാവില്ലേയെന്ന സംശയമാണു ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ രോഗലക്ഷണണമില്ലാത്തവരെ പോലും ടെസ്റ്റിനു വിധേയമാക്കാനുള്ള തീരുമാനത്തിലേക്ക് ആരോഗ്യവകുപ്പിനെ എത്തിച്ചത്. വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍, രോഗലക്ഷണമുള്ളവര്‍ക്കു ടെസ്റ്റ് നടത്തിയാല്‍ മതിയെന്നായിരുന്നു ഐസിഎംആറിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും മാര്‍ഗനിര്‍ദേശം.
Read Also: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കൽ: ചെലവ് വഹിക്കുന്നത് കേന്ദ്രമെന്ന് മുഖ്യമന്ത്രി
''നേരത്തെ കോവിഡ് പോസിറ്റീവായവര്‍ക്കു എവിടെനിന്നാണു രോഗം പിടിപെട്ടതെന്നും അവര്‍ ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തിയെന്നും കണ്ടുപിടിക്കാന്‍ പറ്റിയിരുന്നു. എന്നാല്‍ മാഹി, ചെറുവാഞ്ചേരി സ്വദേശികള്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. കാരണം ഈ രണ്ടു രോഗികളും പുറത്ത് യാത്ര ചെയ്തവരായിരുന്നില്ല. കുടുംബത്തില്‍ വിദേശത്തുനിന്ന് വന്നവരുണ്ടായിരുന്നെങ്കിലും അവര്‍ക്കു രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. കുടുംബത്തിലെ എല്ലാവരെയും ടെസ്റ്റ് ചെയ്തപ്പോഴാണു പലര്‍ക്കും രോഗമുണ്ടായിരുന്നതായി മനസിലായത്. ഈ അനുഭവപാഠത്തിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫില്‍നിന്നു വന്ന രോഗലക്ഷണങ്ങളില്ലാത്ത മുഴുവന്‍ പേരെയും സമ്പര്‍ക്കമുള്ളവരെയും ടെസ്റ്റ് ചെയ്തതോടെ കൂടുതല്‍ രോഗികളെ കണ്ടെത്തുകയായിരുന്നു,'' കോവിഡ് ചികിത്സാ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. എംഡി. അഭിലാഷ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
പ്രശ്‌നമല്ല, കൈവരിച്ചത് നേട്ടം
രോഗികളെ കണ്ടെത്തുന്ന കാര്യത്തില്‍ പുതിയ സമീപനം സ്വീകരിച്ചതാണു കണ്ണൂരില്‍ സ്ഥിതി വഷളാണെന്ന തോന്നലുണ്ടാക്കിയതെന്നു ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ (ഡിഎസ്ഒ) ഡോ.എം.കെ. ഷാജ് പറഞ്ഞു.
''ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുമായി പ്രാഥിക സമ്പര്‍ക്കത്തിലുള്ള മുഴുവന്‍ പേരയും മാര്‍ച്ച് 18നുശേഷം വിദേശത്തുനിന്നു വന്നവരെയും ടെസ്റ്റ് നടത്താന്‍ കഴിഞ്ഞതിനാലാണു ജില്ലയില്‍ കൂടുതല്‍ കേസ് സ്ഥിരീകരിച്ചത്. ഇത്രയും രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞത് നേട്ടമായാണു ഞങ്ങള്‍ കാണുന്നത്. അങ്ങനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, രോഗികളില്‍ അണുബാധയ്ക്കുള്ള കഴിവുണ്ടെങ്കില്‍ അത് സമൂഹത്തിനു ബുദ്ധിമുട്ടായേനെ. ഇനി പോസിറ്റീവ് കേസുകളുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഉണ്ടെങ്കില്‍ തന്നെ നിരീക്ഷണത്തിലുള്ള വിഭാഗങ്ങളില്‍നിന്നാകാനേ സാധ്യതയുള്ളൂ,'' ഡിഎസ്ഒ പറഞ്ഞു.
വിദേശത്തുനിന്ന് മകള്‍ വന്ന് 19-ാം ദിവസം പിതാവിന് രോഗം
ചെറുവാഞ്ചേരിയിലെ 17 അംഗ കുടുംബത്തിലെ 10 പേര്‍ക്കാണു രോഗം പിടിപെട്ടത്. എണ്‍പത്തിയൊന്നുകാരനായ ഗൃഹനാഥന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ചാണു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇദ്ദേഹത്തിന് എവിടെനിന്നാണ് അസുഖം കിട്ടിയതെന്ന അന്വേഷണമാണ് 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞാലും രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന അനുമാനത്തിലേക്ക് തങ്ങളെ എത്തിച്ചതെന്നു ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ (ഡിപിഎം) ഡോ. കെ.വി. ലതീഷ് പറഞ്ഞു. എണ്‍പത്തിയൊന്നുകാരന്റെ മകളും രണ്ട് പേരക്കുട്ടികളും മാര്‍ച്ച് 15ന് ഷാര്‍ജയില്‍നിന്നു വന്നിരുന്നു. എന്നാല്‍ ഇവര്‍ക്കു രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇവര്‍ വന്ന് 19-ാം ദിവസം ഏപ്രില്‍ അഞ്ചിനാണ് അദ്ദേഹം പോസിറ്റീവാകുന്നത്.
/indian-express-malayalam/media/media_files/uploads/2020/05/kannur-covid-19-cases.jpg)
പഞ്ചായത്തുകള്‍ അരിച്ചുപെറുക്കി അധികൃതര്‍
മാഹി സ്വദേശി മെഹറൂഫ് മരിച്ച് ഒരാഴ്ച കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരിലേക്ക് എത്താന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ന്യൂ മാഹി, ചൊക്ലി, പന്ന്യനൂര്‍ പഞ്ചായത്തുകള്‍ കടന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തുവരെ ആരോഗ്യവകുപ്പ് അരിച്ചുപെറുക്കി. ഒടുവില്‍, ഗള്‍ഫില്‍നിന്നുവന്ന അഴിയൂരിലെ യുവാവില്‍നിന്നാണ് മെഹ്‌റൂഫിന് രോഗം വന്നതെന്നു സ്ഥിരീകരിക്കുകയായിരുന്നു. മെഹറൂഫിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വരാതിരുന്ന ഇയാളില്‍ രോഗം ഒളിഞ്ഞുകിടക്കുകയായിരുന്നു. ഇതിനിടെ സമ്പര്‍ക്കപ്പട്ടികയിലെ ഒരാളുടെ സമ്പര്‍ക്കം കണ്ടെത്താന്‍ വല്ലാതെ പാടുപെട്ടു. ഇയാളില്‍നിന്ന് പൊലീസ് മാതൃകയില്‍ ചോദ്യവലി തയാറാക്കി ഉത്തരം തേടിയാണു മുന്നോട്ടുപോയത്.
''മെഹറൂഫിന്റെ പ്രൈമറി കോണ്‍ടാക്റ്റിലുള്ള രണ്ടു പേര്‍ പോസിറ്റീവായി. ഈ മൂന്നു പേരും പൊതുവായ വന്ന സ്ഥലം കണ്ടുപിടിച്ചു. അവിടെയുണ്ടായിരുന്ന മറ്റുള്ളവരുടെ ശ്രവം പരിശോധിച്ചപ്പോഴാണ് അതിലുണ്ടായിരുന്ന ഒരു ഹൈ റിസ്‌ക് കോണ്‍ടാക്റ്റ് പോസിറ്റീവായ വിവരം അറിയുന്നത്. ഇയാള്‍ എവിടെനിന്നു വന്നു, ഇവരെല്ലാം പൊതുവായ സ്ഥലത്ത് എപ്പോള്‍ വന്നു, അതിനുശേഷം ആര്‍ക്കൊക്കെ ലക്ഷണങ്ങള്‍ വന്നു എന്ന് പരിശോധിച്ചപ്പോഴാണു ലിങ്ക് കണ്ടുപിടിക്കാന്‍ പറ്റിയത്,'' ഡോ. ലതീഷ് പറഞ്ഞു.
പകല്‍ അന്വേഷണം, രാത്രി വിശകലനം
കോഴിക്കോട് ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ താരതമ്യമില്ലാത്ത ഒരു ടീം വര്‍ക്കാണു മെഹ്‌റൂഫിന്റെ ലിങ്ക് കണ്ടെത്തിയതിനുപിന്നിലുള്ളതെന്
ഗള്‍ഫില്‍നിന്ന് എത്തിയ 28 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാവാത്തവര്‍ പോസിറ്റീവോ സൈലന്റ് കാരിയര്‍മാരോ ആവാമെന്നതിനാല്‍ രോഗലക്ഷണങ്ങളില്ലാത്തവരുടെയും ശ്രവം പരിശോധിക്കാമെന്ന അഭിപ്രായം ജില്ലാ തല കോവിഡ് കോര്‍ കമ്മിറ്റിയിലാണ് ഉയര്‍ന്നത്. ഡിഎംഒ, ഡിഎസ്ഒ, ഡിപിഎം, ജില്ലാ നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണു കോര്‍ കമ്മിറ്റി.
Read Also: മറ്റു ജില്ലകളിൽ കുടുങ്ങി പോയവർക്ക് വീടുകളിലെത്താം; ചെയ്യേണ്ടത് ഇതെല്ലാം
''സൈലന്റ് കാരിയര്‍മാരുടെ ഏതു തരം സ്രവങ്ങളിലുടെയും അവരുടെ വീടുകളിലെ ദുര്‍ബല വിഭാഗങ്ങളില്‍ (കാന്‍സര്‍ ചികിത്സയിലുള്ളവര്‍, ഹൃദയസംബന്ധമായ അസുഖമുള്ളവര്‍, ഡയാലിസിസ് രോഗികള്‍, പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗമുള്ള പ്രായമായവര്‍, പ്രതിരോധ സംബന്ധമായ മരുന്നുകള്‍ കഴിക്കുന്നവര്‍ തുടങ്ങിയവര്‍)പ്പെട്ടവര്‍ക്ക് അണുബാധയുണ്ടാകാം. ഇവര്‍ ഇടപഴകുന്ന മുഴുവന്‍ ആളുകള്‍ക്കും വൈറസ് ബാധയുണ്ടാകുമെന്നതിനാല്‍ സമൂഹവ്യാപനത്തിനുള്ള സാധ്യതയുണ്ട്. ഈ സാധ്യത 0.01 ശതമാനമാണ് ഉള്ളൂവെങ്കില്‍ പോലും അത് ഒഴിവാക്കാനാണ് 28 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാത്തവരെ ടെസ്റ്റിനു വിധേയമാക്കാന്‍ തീരുമാനിച്ചത്,''ഡോ. ലതീഷ് പറഞ്ഞു.
നിശബ്ദ രോഗാണുവാഹകരെ തേടി
ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 773 പേരുടെ പട്ടികയാണു തയാറാക്കിയത്. ഇതില്‍ 28 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ 228 പേരെ ഒഴിവാക്കി ബാക്കിയുള്ള 529 പേരെ കണ്ടെത്തി. ഇവരെ അതതു പഞ്ചായത്തിലെ ആശുപത്രികള്‍ മുഖേനെ ഏതു ദിവസം ഏതു സമയത്തിന് എവിടെ വരണമെന്ന് അച്ചടിച്ച നോട്ടിസിലൂടെ അറിയിച്ച് വിളിച്ചുവരുത്തിയാണു ശ്രവം ശേഖരിച്ചത്. ഇവര്‍ക്കു യാത്ര ചെയ്യാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. ഇതുവഴി 34 പോസിറ്റീവ് കേസാണു സ്ഥിരീകരിച്ചത്.
കൂടാതെ, പ്രത്യേക നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഞായറാഴ്ച 340 പേരുടെ ശ്രവം ശേഖരിച്ചിരുന്നു. ഇതില്‍ 300 എണ്ണം 'ദുര്‍ബലവിഭാഗ'ങ്ങളില്‍ പെട്ടവരെ 10 കാറ്റഗറികളായി തിരിച്ചാണു ശേഖരിച്ചത്. ഇതില്‍ പോസിറ്റിവിാകുമെന്ന് പ്രതീക്ഷിച്ച ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ട സാമ്പിളുകളൊക്കെ അയച്ചത് തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലേക്കായിരുന്നു. ഇതില്‍നിന്നാണ് ഏപ്രില്‍ 28നു മൂന്നു പോസിറ്റീവ്് കേസ് സ്ഥിരീകരിച്ചത്. ബാക്കിയെല്ലാം നെഗറ്റീവാണ്.
ഈ മൂന്നു പേര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇതിലൊരാള്‍ ദുബായില്‍നിന്നുവന്ന 20 വയസുള്ള ഗര്‍ഭിണിയാണ്. മറ്റൊരാള്‍ ഗള്‍ഫില്‍നിന്നു തിരിച്ചുവന്ന 28 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ഇരുപത്തിയൊന്നുകാരന്‍. മൂന്നാമത്തെയാള്‍ നേരിട്ട് ഇടപഴകിയ ആള്‍.
Read Also: സെൻട്രൽ വിസ്റ്റ: രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയം അംഗീകാരം
''ഈ മൂന്നു കേസുകളും കാര്യമായി എടുക്കുന്നില്ല. പഠനാവശ്യത്തിനുവേണ്ടി നടത്തിയ ടെസ്റ്റുകളായിരുന്നു അവ. പത്താമത്തെ കാറ്റഗറിയില്‍ എടുത്ത സാമ്പികളുകള്‍ സമൂഹവ്യാപനമുണ്ടോ എന്നറിയാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. ഈ വിഭാഗത്തിലെ ഒരു സാമ്പിളും പോസിറ്റീവായിട്ടില്ല,'' ഡിപിഎം പറഞ്ഞു.
രോഗമുള്ള ഒരാളെ പോലും കണ്ടെത്താതെ പോവരുതെന്നായിരുന്നു ഞങ്ങളുടെ ഉറച്ച തീരുമാനമെന്നു ഡോ. അഭിലാഷ് പറഞ്ഞു. ''പരിശോധനയില്‍ 28 ദിവസത്തെ നിരീക്ഷണ കാലയളവിനുശേഷവും ചിലര്‍ പോസിറ്റീവായി. ഇതില്‍ ഭയപ്പെടാനില്ല. മുപ്പതാം ദിവസമോ അതിനുശേഷമോ ഒരാള്‍ക്കു രോഗം കണ്ടുപിടിച്ചതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. കാരണം അയാളില്‍നിന്ന് ഒരാള്‍ക്കും രോഗം വരാനിടയില്ല. അയാള്‍ക്കും രോഗംകൊണ്ട് ഒന്നും സംഭവിക്കാനുമില്ല. രോഗവ്യാപനത്തിന്റെ ആദ്യഘട്ടമായതുകൊണ്ടാണു നമുക്ക് ഈ രീതിയില്‍ രോഗികളെ കണ്ടെത്താന്‍ കഴിയുന്നത്,'' നോഡല്‍ ഓഫീസര്‍ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2020/05/kannur-covid-19-cases1.jpg)
നിലവില്‍ കണ്ണൂരിനെ പേടിക്കേണ്ടതില്ല
ചിലരില്‍ വെറസ് സാന്നിധ്യം 42 ദിവസം വരെ നിലനില്‍ക്കാമെന്നാണു നിലവിലെ പഠനങ്ങള്‍ പറയുന്നത്. പിസിആര്‍ പരിശോധനയില്‍ നേരിയ തോതിലുള്ള വൈറസ് സാന്നിധ്യം വരെ കണ്ടെത്താന്‍ കഴിയും. എന്നാല്‍ രോഗം പടര്‍ത്താനാവശ്യമായ അത്രയും വൈറസ് ശേഖരം ശരീരത്തിലുണ്ടാകണമെന്നില്ല.
നിലവില്‍ കോവിഡിനെക്കുറിച്ച് ഭയക്കേണ്ടതായ സാഹചര്യം കണ്ണൂരിലില്ലെന്നു ഡോ. അഭിലാഷ് പറഞ്ഞു. പക്ഷേ, വിദേശത്തുനിന്നും അന്യസംസ്ഥാനത്തുനിന്നും ആളുകള്‍ വരുമ്പോഴാണു കുറച്ച് കരുതല്‍ പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. ഗള്‍ഫില്‍ രോഗം പടര്‍ന്നുപിടിച്ച അവസ്ഥയായതിനാല്‍ വരുന്നവരെ 'ഹൈ റിസ്‌ക്' വിഭാഗത്തില്‍ തന്നെയാണു കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''വിദേശത്തുനിന്ന് വരുന്ന മുഴുവന്‍ പേരുടെയും ശ്രവം പരിശോധനയ്ക്ക് എടുക്കാനുള്ള ആലോചനയുണ്ട്. വരുന്നവരെ വിമാനത്താവളത്തില്‍നിന്നു നേരെ കൊറോണ കെയര്‍ സെന്ററിലേക്കു മാറ്റി ടെസ്റ്റ് നെഗറ്റീവ് ആയാല്‍ പുറത്തുവിടുക എന്നതാണ് ആഗ്രഹം. പക്ഷേ അത് പ്രായോഗികമല്ല. വരുന്നവരില്‍ രോഗലക്ഷണമില്ലാത്തവരായിരിക്കും കൂടുതലുണ്ടാവുക. ഇവരുടെ കൂടി സാമ്പിള്‍ എടുക്കുമ്പോള്‍ അത്രയും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടും. സുരക്ഷാ സംവിധാനങ്ങള്‍ തീരുന്നതു പിന്നീട് വരുന്ന രോഗലക്ഷണമുള്ളവരുടെ ശ്രവം ശേഖരിക്കാന്‍ കഴിയാതെ വരും. വിദേശത്തുനിന്ന് വരുത്താനുള്ള സാഹചര്യമില്ല. കാരണം അവിടങ്ങളിലും രോഗം പടര്‍ന്നുപിടിക്കുകയാണ്,'' ഡോ. അഭിലാഷ് പറഞ്ഞു.
ഒരുങ്ങുന്നത് പ്രവാസികളെ സ്വീകരിക്കാന്‍
ജില്ലയില്‍ പതിനയ്യായിരം മുതല്‍ ഇരുപതിനായിരം പേര്‍ ആദ്യഘട്ടത്തില്‍ വരുമെന്നാണു കണക്കുകൂട്ടല്‍. ഇത്രയും പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തേണ്ടത് വെല്ലുവിളിയാണ്. കുടുംബം ഒന്നാകെ തിരിച്ചവരുന്നവരുണ്ടാകും. അവര്‍ നാട്ടിലെ വീട്ടില്‍തന്നെ ക്വാറന്റൈനില്‍ കഴിയുന്നതുകൊണ്ട് പ്രശ്‌നമില്ലെന്നു ഡോ. അഭിലാഷ് പറഞ്ഞു.
''ചില കേസില്‍ തിരിച്ചുവരുന്നത് ഒരാളായിരിക്കും. വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും ഉണ്ടെങ്കില്‍ അവരെ മറ്റു മക്കളുടെ വീട്ടിലേക്കു മാറ്റാനുള്ള സാധ്യത (റിവേഴ്‌സ് ക്വാറന്റൈന്‍) ആരായാം. ഇക്കാര്യം തദ്ദേശഭരണ സ്ഥാപനങ്ങളുമായി ആലോചിച്ചു വരികയാണ്. അതേസമയം രോഗലക്ഷണങ്ങളുള്ളവരെ അപ്പോള്‍ തന്നെ ആശുപത്രിയിലേക്കു മാറ്റും,'' അദ്ദേഹം പറഞ്ഞു.
Read Also: മദ്യശാലകൾ തുറക്കില്ല, ഗ്രീൻ സോണിലും ബസ് സർവീസ് ഇല്ല; ഇളവുകൾ വേണ്ടന്നുവച്ച് കേരളം
/indian-express-malayalam/media/media_files/uploads/2020/05/PRP-246-2020-03-20-AJAY-2-1024x474.jpg)
ഗള്‍ഫില്‍നിന്നു വരുന്നവരുടെ കാര്യത്തില്‍ മൂന്നു പ്ലാന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചതായി ഡിപിഎം ഡോ. കെ.വി. ലതീഷ് പറഞ്ഞു. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തില്‍നിന്നു കോവിഡ് സെന്ററിലേക്കു മാറ്റും. പരിശോധനാ ഫലം വന്നശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
ലക്ഷണമില്ലാത്തവരുടെ കാര്യത്തില്‍ അഞ്ച് താലൂക്കുകള്‍ക്കായുള്ള കൗണ്ടറുകളിലേക്കു മാറ്റി അവിടെ ക്രമീകരിച്ച വാഹനത്തില്‍നിന്ന് ശ്രവം എടുത്തശേഷം വിമാനത്താവളത്തിനടുത്തുള്ള ക്വാറന്റൈന്‍ സെന്ററില്‍ താമസിപ്പിക്കാനാണ് ആലോചിക്കുന്നത്. പിറ്റേ ദിവസം ഫലം ലഭിക്കുന്നതോടെ പോസിറ്റീവാകുന്നവരെ കൊറോണ കെയര്‍ സെന്ററിലേക്കു മാറ്റും. നെഗറ്റീവ് ആകുന്നവരെ വീട്ടിലെ ദുര്‍ബല വിഭാഗങ്ങളുമായി ഇടപഴകരുതെന്ന നിര്‍ദേശത്തോടെ 28 ദിവസത്തെ ക്വാറന്റൈനില്‍ വിടുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെയുള്ള രോഗികളില്‍ ഭൂരിപക്ഷവും വിദേശത്തുനിന്നും എത്തിയവര്‍
ജില്ലയില്‍ ഇതുവരെ 117 പോസിറ്റീവ് കേസുകളാണു സ്ഥിരീകരിച്ചത്. ഇതില്‍ 87 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. ഒരാള്‍ നിസാമുദ്ദീനില്‍നിന്നും. സമ്പര്‍ക്കത്തിലൂടെ 29 പേര്‍ക്കാണു രോഗം പിടിപെട്ടത്. ചെറുവാഞ്ചേരിയിലെ ഒരു വീട്ടില്‍ 10 പേര്‍ക്കും കതിരൂരിലെ വീട്ടില്‍ അഞ്ചുപേര്‍ക്കും കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റിയിലെ വീട്ടില്‍ ആറുപേര്‍ക്കും രോഗം പിടിപെട്ടു. പെരളശേരി പഞ്ചായത്തിലെ ഒരു വീട്ടില്‍ നാലുപേര്‍ക്കും നടുവില്‍, മാടായി പഞ്ചായത്തുകളിലെ രണ്ടു വീടുകളിലായി മൂന്നുപേര്‍ക്കു വീതവും രോഗം ബാധിച്ചു.
ജില്ലയില്‍ മാര്‍ച്ച് 12നാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിലെ 36 പേര്‍ക്കു മാത്രമാണു നേരിയ രോഗലക്ഷണങ്ങളുണ്ടായിരുന്നത്. നിലവില്‍ രണ്ടു കാസര്‍ഗോഡ് സ്വദേശികള്‍ ഉള്‍പ്പെടെ 36 പേരാണു കണ്ണൂരില്‍ ചികിത്സയിലുള്ളത്. പരിയാരം മെഡിക്കല്‍ കോളേജ്, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. 81 പേര്‍ക്കു രോഗം ഭേദമായി. ജില്ലയില്‍ രോഗം ഭേദമാകുന്നവരുടെ നിരക്ക് കൂടുതലാണ്. ആരോഗ്യപ്രവര്‍ത്തകരെ രോഗം ബാധിച്ചിട്ടില്ല. രോഗികളാരും മരിച്ചിട്ടില്ല. കണ്ണൂര്‍ ചികിത്സയിലിരിക്കെ മരിച്ച മെഹറൂഫിന്റെ സ്വദേശമായ മാഹി കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ ഉള്‍പ്പെടുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us