തിരുവനന്തപുരം: കേന്ദ്ര ഇളവുകൾ തൽക്കാലത്തേക്ക് വേണ്ടന്നുവച്ച് കേരളം. സമ്പൂർണ അടച്ചുപൂട്ടൽ രണ്ട് ആഴ്‌ച കൂടി നീട്ടിയെങ്കിലും ചില ഇളവുകൾ ആകാമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ മാർഗരേഖയിലുണ്ട്. എന്നാൽ, ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടരാനാണ് സംസ്ഥാന സർക്കാർ തീരുമാനം.

സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല. ഗ്രീൻ സോണിലും ബസ് സർവീസ് ഉണ്ടാകില്ല. നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയാൽ അത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ താറുമാറാക്കുമെന്നാണ് സർക്കാർ നിരീക്ഷണം.  മദ്യവിൽപ്പന ആരംഭിച്ചാൽ തിരക്ക് അനിയന്ത്രിതമാകുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി.

Read Also: ഇന്ന് മടങ്ങുന്നത് 3600 അതിഥി തൊഴിലാളികള്‍; യാത്രാച്ചെലവ് കേരളം വഹിക്കും

ഗ്രീന്‍ സോണുകളില്‍ പൊതുഗതാഗതമില്ല. ബസും മെട്രോയും ഓടില്ല. കേന്ദ്രമാനദണ്ഡപ്രകാരം ടാക്‌സി, ഓട്ടോ അനുവദിക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും അനുവദിക്കില്ലെന്ന് സൂചനയുണ്ട്. ഇന്ന് വൈകീട്ടുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കേന്ദ്ര മാനദണ്ഡങ്ങൾ പ്രകാരമുള്ള ഇളവുകൾ അനുവദിക്കാൻ സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിക്കാനാണ് സാധ്യത. ഗ്രീൻ സോണിലുള്ളവർക്ക് മാത്രമായിരിക്കും ഇളവുകൾ ലഭ്യമാകുക.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചില ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച്, ഗ്രീൻ സോണുകളിലാണ് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പൊതുഗതാഗതം തുറന്നുകൊണ്ടുള്ള നിർദേശമാണ്. ഗ്രീൻ സോണുകളിൽ ബസ് സർവീസുകൾക്ക് അനുമതിയുണ്ട്. എന്നാൽ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. പൊതുഗതാഗതം ഗ്രീൻ സോണുകളിൽ അനുവദിക്കാമെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും സംസ്ഥാനം വേണ്ടന്നുവച്ചിരിക്കുകയാണ്.

Read Also: ആളും ആരവങ്ങളുമില്ല, ചടങ്ങിലൊതുങ്ങി തൃശൂർ പൂരം

ഓറഞ്ച് സോണിൽ ഒരു യാത്രക്കാരനുമായി ടാക്സി സര്‍വീസ് ആകാം. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് മാത്രം ജില്ല വിട്ട് യാത്രയാകാം. കുടുങ്ങി കിടക്കുന്നവരുടെ മടക്കത്തിന് പ്രത്യേക അനുമതി. അതേസമയം വ്യോമ-റെയില്‍-മെട്രോ ഗതാഗതവും അന്തര്‍സംസ്ഥാന യാത്രകളും അനുവദനീയമല്ല. ഓറഞ്ച്, ഗ്രീൺ സോണുകളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം ചില നിയന്ത്രണങ്ങൾ പൊതുവായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.