തിരുവനന്തപുരം: അന്തർസംസ്ഥാന യാത്രകൾക്ക് പ്രത്യേക അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം വീട്ടിലെത്താൻ സാധിക്കാതെ മറ്റു ജില്ലകളിൽ കുടുങ്ങി പോയവർക്കാണ് പ്രത്യേക അനുമതിയോടെ യാത്ര ചെയ്യാൻ സാധിക്കൂ. റെഡ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും ഒഴികെയാണ് ആനുകൂല്യം.

സംസ്ഥാനത്ത് ഇനി മുതലുള്ള നിയന്ത്രണങ്ങൾ എങ്ങനെ, ഇളവുകൾ എന്തെല്ലാം? പൂർണമായി അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

റെഡ് സോണുകളിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിൽ അന്തർസംസ്ഥാന യാത്ര അനുവദിക്കും. ഇവർ ജില്ലാ അധികാരികളിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയശേഷം മാത്രമായിരിക്കണം യാത്ര ചെയ്യേണ്ടത്. ഇവർ അതാത് സ്ഥലത്തെ സാഹചര്യത്തിനനുസരിച്ച് ക്വാറന്റെെനിൽ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോട്ട് സ്പോട്ട് ഒഴികെ ഗ്രീൻ, ഓറഞ്ച് സോൺ ജില്ലകളിൽ പ്രത്യേക അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് കാറുകളിൽ അന്തർ ജില്ലാ യാത്രക്ക് അനുമതിയുണ്ട്. കാറിൽ ഡ്രൈവർക്കും പരമാവധി രണ്ടുപേർക്ക് യാത്രചെയ്യാം.

Read Also: കോവിഡ്-19: സംസ്ഥാനത്ത്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെ

അതേസമയം, സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തോളം പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലാതിരുന്ന വയനാട്ടിൽ വീണ്ടും രോഗബാധ സ്ഥിരീകരിച്ചത് പ്രത്യേക സ്ഥിതിവിശേഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ ഗ്രീൻ സോണിലായിരുന്നു വയനാട് ജില്ല. കണ്ണൂർ ജില്ലയിൽ ആറ് പേർക്കും ഇടുക്കിയിൽ രണ്ട് പേർക്കുമാണ് ഇന്ന് കോവിഡ് ഫലം പോസിറ്റീവ് ആയതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 499 ആയി. ഇപ്പോൾ ചികിത്സയിലുള്ളത് 96 പേർ. 21,494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 80 പേരെ ആശുപത്രികളിൽ നിരീക്ഷണത്തിലേക്ക് കൊണ്ടുവന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Read Also: വയനാട് ഓറഞ്ച് സോണില്‍

ഗ്രീൻ സോണുകളിൽ കടകമ്പോളങ്ങൾ രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കാം. ആഴ്‌ചയിൽ ആറ് ദിവസമാണിത്. ഞായറാഴ്‌ച പൂർണ ഒഴിവുദിവസം ആയിരിക്കും. അതേസമയം, ഗ്രീൻ സോണിൽ പൊതുഗതാഗതം അനുവദിക്കില്ല. മദ്യവിൽപ്പനശാലകളും ബാർബർ ഷോപ്പുകളും തുറക്കില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രെെവർക്ക് പുറമേ രണ്ട് പേർക്ക് മാത്രമേ യാത്ര ചെയ്യാവൂ. രാത്രിയാത്ര പൂർണമായും ഉപേക്ഷിക്കണം. ബെെക്കുകളിൽ പിൻസീറ്റ് യാത്ര അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.