തിരുവനന്തപുരം: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ ചെലവുകളും കേന്ദ്ര സർക്കാരാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ എല്ലാ ചെലവുകളും കേന്ദ്രമാണ് വഹിക്കുന്നതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കരുതെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിഥി തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചെത്തിക്കാൻ ബസ് മാർഗം ഉപേക്ഷിച്ച് ട്രെയിൻ തിരഞ്ഞെടുത്ത നടപടി സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.

Read Also: മറ്റു ജില്ലകളിൽ കുടുങ്ങി പോയവർക്ക് വീടുകളിലെത്താം; ചെയ്യേണ്ടത് ഇതെല്ലാം

എന്നാൽ, റെയിൽവേ ചെലവുകൾ സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവയ്‌ക്കുന്നത് എന്തിനാണെന്ന് മന്ത്രി ചോദിച്ചിരുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തം കേന്ദ്രം വഹിക്കണം. ട്രെയിൻ ചെലവ് കേന്ദ്രസർക്കാർ തന്നെ വഹിക്കണം. അതോടൊപ്പം ഓരോ അതിഥി തൊഴിലാളിക്കും 7,500 രൂപ നൽകണമെന്നും മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ചെലവ് കേന്ദ്രം തന്നെയാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Read Also: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ചെലവ് കേന്ദ്രം വഹിക്കണം: തോമസ് ഐസക്

ഇതരസംസ്ഥാന തൊഴിലാളികളുടെ ബസിൽ വിടുക എന്ന ആശയം അപ്രായോഗികമാണെന്ന് തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. തൊഴിലാളികൾക്കുള്ള ഭക്ഷണം, വൈദ്യസഹായം എന്നിവയുടേതടക്കമുള്ള ചെലവ് കേന്ദ്രം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 7,500 രൂപ വീതം ഓരോ തൊഴിലാളിക്കും ട്രെയിനില്‍ നിന്നും ഇറങ്ങുമ്പോള്‍ നല്‍കണം. മൊത്തം ചെലവ് 7,500 കോടി രൂപയേ വരൂ. ഇതുവരെ അവരോട് കാണിച്ച അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തം ചെയ്യുന്നൂവെന്ന് കരുതിയാല്‍ മതിയെന്നും തോമസ് ഐസക് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.