/indian-express-malayalam/media/media_files/uRUdNgkXORwnwHOSWjWD.jpg)
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 3.58 അടി കൂടി
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത്, ഈ കാലവർഷ സീസണിലെ റെക്കോർഡ് മഴ. ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച രാവിലെ 8.30 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 84.5 മില്ലിമീറ്റർ മഴയാണ് പെയ്തത്. കാലവർഷം തുടങ്ങി ജൂൺ ഒന്നുമുതലുള്ള കണക്കുപരിശോധിക്കുമ്പോൾ ഇത് ഏറ്റവും കൂടിയ കണക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവുമധികം മഴ പെയ്തത് തൃശൂർ പെരിങ്ങൽകുത്തിലാണ്. പെരിങ്ങൽകുത്തിൽ 234 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വയനാട് തേറ്റമലയിൽ 231 മില്ലിമീറ്ററും കോഴിക്കോട് കക്കയത്ത് 229 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ജില്ലാടിസ്ഥാനത്തിൽ ഏറ്റവുമധികം മഴ ലഭിച്ചത് തൃശൂരാണ്. 117.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇടുക്കിയിൽ 106.7 മില്ലിമീറ്ററും കോഴിക്കോട് 103.5മില്ലി മീറ്റർ മഴയും ലഭിച്ചു. ശക്തമായ മഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 3.58 അടി കൂടി 42.16ശതമാനമായി ഉയർന്നു.
ജൂൺ 26നാണ് ഇതിനുമുമ്പ് ഈ സീസണിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത്. അന്ന് 71.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ജൂലൈ 13 നാണ് അതിന് ശേഷം ഏറ്റവുമധികം മഴ സംസ്ഥാനത്ത് ലഭിച്ചത്. അന്ന് 46.2 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാൽ ഈ വർഷത്തെ കാലവർഷത്തിന്റെ മൊത്തം കണക്കെടുക്കുമ്പോൾ സംസ്ഥാനത്ത് ഇതുവരെ മഴയിൽ 16ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
/indian-express-malayalam/media/media_files/lYiBKJUSa3mnL9nUQzw7.jpg)
സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ ജൂലൈ 16 വരെ പെയ്ത മഴയുടെ കണക്ക്
ഇതുവരെ 992.6മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് ഇതുവരെ ആകെ പെയ്തത് 832.2 മില്ലിമീറ്റർ മഴ മാത്രമാണ്. എറ്റവും കൂടുതൽ മഴ ഇതുവരെ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്. 1312.1 മില്ലിമീറ്റർ മഴയാണ് ഇതുവരെ കണ്ണൂർ ജില്ലയിൽ ലഭിച്ചത്. ആകെ ലഭിക്കേണ്ട മഴയിൽ ഒരുശതമാനം മാത്രമാണ് ജില്ലയിൽ കുറവുരേഖപ്പെടുത്തിയത്.
ശക്തമായ കാറ്റും
കേരളതീരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റാണ് വീശിയടിച്ചത്. കോട്ടയത്താണ് ഏറ്റവും വേഗതയേറിയ കാറ്റ് രേഖപ്പെടുത്തിയത്. കോട്ടയത്ത് കഴിഞ്ഞ 15ന് 50കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്.
തൃശൂർ മുനക്കലിൽ 48കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്.
ഇടുക്കി ചെറുതോണി, കോഴിക്കോട് വടകര, കാസർകോട് ജില്ലയിലെ പടന്നക്കാട് എന്നിവടങ്ങളിൽ 46 കിലോമീറ്റർ വേഗത്തിലുമാണ് കാറ്റ് വീശിയടിച്ചത്. ശക്തമായ കാറ്റിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
മഴ തുടരും
വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ഒഡീഷാ തീരത്ത് രൂപപ്പെട്ട ന്യുന മർദ്ദം, അറബികടലിൽ വടക്കൻ കേരളതീരത്തെ ന്യുന മർദ്ദ പാത്തി, തെക്കൻ ചൈന കടലിലും വിയ്റ്റനാമിനും മുകളിലെ ന്യുന മർദ്ദം എന്നിവയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ തുടരാനുള്ള കാരണം.
എന്നാൽ, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച മഴയുടെ തീവ്രതയിൽ കുറവുണ്ടാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിലെ കാലാവസ്ഥ വിദഗ്ധൻ കെ.രാജീവൻ പറഞ്ഞു. പടിഞ്ഞാറൻ കാറ്റിന്റെ വേഗതയും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.