/indian-express-malayalam/media/media_files/srgn7P0r7CFxhnUdjgq7.jpg)
എക്സ്പ്രസ് ഫൊട്ടോ-പ്രദീപ് ദാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനെ തുടർന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കനത്ത മഴയെ തുടർന്ന് കോഴിക്കോടും വയനാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കോട്ടയം ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നാളെ പ്രവേശനമില്ല.
ഏത് അടിയന്തിര സാഹചര്യവും നേരിടാൻ എന്‍ഡിആര്‍എഫ് ടീമുകൾ സജ്ജമാണെന്നും മന്ത്രി കെ.രാജൻ അറിയിച്ചു. മലയോര മേഖലയകളിൽ ആവശ്യമെങ്കിൽ യാത്ര നിരോധനം ഏർപ്പെടുത്താൻ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്ളും സംസ്ഥാനത്ത് ക്രമീകരിച്ചിട്ടുണ്ട്. മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിന്‍റെ അവസരമായി കണക്കാക്കരുതെന്നാണ് ജനങ്ങളോട് പറയാനുള്ളതെന്നും ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും വ്യാപകമായി പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേരളതീരത്ത് 75 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.
അതേ സമയം സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപകമായ മഴക്കെടുതികളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണ്ണൂര്‍ മട്ടന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു. കോളാരിയില്‍ കുഞ്ഞാമിന(51) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം.പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. തുടർന്ന് വീടിന്റെ ചുവര് ഇടിഞ്ഞുവീഴുകയായിരുന്നു. മഴയെ തുടർന്ന് ആലത്തൂര്‍ പത്തനാപുരത്തെ താല്‍കാലിക നടപ്പാലം പൂര്‍ണമായും തകർന്നു. നേരത്തെ പാലത്തിന്റെ ഒരു വശം തകര്‍ന്ന് വീണിരുന്നു. പത്തനാപുരം സ്വദേശികള്‍ക്ക് ഗായത്രിപുഴ കടക്കാന്‍ ആകെയുണ്ടായിരുന്ന നടപ്പാലമാണ് നിലം പൊത്തിയത്.
കനത്ത മഴയിലും കൊടുങ്കാറ്റിലും ഇടുക്കിയിലെ കുമാരമംഗല പഞ്ചായത്ത് മേഖലകളിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലും നാഗപ്പുഴയിലുമുണ്ടായ ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് നിരവധി വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. പലയിടത്തും റോഡിലേക്ക് മരം വീണ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണ് വൈദ്യുതി തടസ്സവുമുണ്ടായിട്ടുണ്ട്.
അതിശക്തമായി വീശിയ കാറ്റിനെ തുടർന്ന് കോട്ടയം കുമ്മനം ക്ഷേത്ര പരിസരത്ത് മരം വീണ് വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇളങ്കാവ് ദേവീക്ഷേത്ര പരിസരത്തെ കൂറ്റൻ മരമാണ് കടപുഴകി വീണത്. മരം വീണതിനെ തുടർന്ന് ഒന്നര വർഷം മുമ്പ് നിർമിച്ച നടപ്പന്തൽ തകർന്നിട്ടുണ്ട്. ആലപ്രപുഴയിലും റോഡിലേക്ക മരം വീണ് അപകടമുണ്ടായി. അപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാൾക്ക് സാരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തെക്കൻ ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ടയിലും കൊല്ലത്തും കാറ്റിലും മഴയിലും രണ്ട് വീടുകൾക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതവും തടസ്സപ്പെട്ടു. പത്തനംതിട്ടയിൽ രാത്രിയിൽ ശക്തമായ മഴയാണ് പെയ്തത്. പമ്പ അച്ചൻകോവിൽ നദികളിൽ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.