/indian-express-malayalam/media/media_files/K6xS2yglUmpcJAFory7L.jpg)
കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനാണ് പുതിയ വ്യവസായ നയം ആവിഷ്‌ക്കരിച്ചത്
തിരുവനന്തപുരം: വ്യവസായ വികസനം ലക്ഷ്യം വച്ച് ജനുവരിയിൽ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനാണ് പുതിയ വ്യവസായനയം ആവിഷ്‌ക്കരിച്ചത്. 22 മുൻഗണനാ മേഖലകളിൽ നിന്നും നിക്ഷേപം ആകർഷിക്കാനും നിക്ഷേപകർക്ക് മികച്ച ഇൻസെന്റീവുകൾ നൽകാനും ലക്ഷ്യമിടുന്നു.
50 കോടി രൂപ വരെയുള്ള നിക്ഷേപമാണെങ്കിൽ കെ സ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്താൽ മൂന്ന് വർഷം വരെ അനുമതികളൊന്നും ഇല്ലാതെ വ്യവസായം നടത്താൻ കഴിയും. അതിന് മുകളിലുള്ള നിക്ഷേപമാണെങ്കിൽ എല്ലാ രേഖകളോടും കൂടി അപേക്ഷ നൽകിയാൽ ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസ് നൽകാൻ നിഷ്കർഷിക്കുന്ന നിയമവും പാസാക്കി. വ്യവസായം ആരംഭിക്കുന്നതിനും നടത്തുന്നതിനും പരാതി ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ പരിഹരിക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ചുമത്താനുമുള്ള നിയമവും പാസാക്കിയിട്ടുണ്ട്.
100 കോടിയിലധികം മുതൽ മുടക്കുള്ള പ്രോജക്ടുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ 'മീറ്റ് ദ മിനിസ്റ്റർ' പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. നിക്ഷേപകർക്ക് തങ്ങളുടെ പദ്ധതികൾ മന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാം. പദ്ധതി നടപ്പിലാക്കി ഏകോപിപ്പിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്യും. പ്രവാസികൾ നാട്ടിൽ ഉള്ളപ്പോൾത്തന്നെ ഇത്തരം വ്യവസായങ്ങളുടെ അനുമതിയും മീറ്റിംഗുകളും സംഘടിപ്പിക്കാൻ ഉതകുന്നവിധം ടോക്കണിങ് ടൈം ലൈനിംഗും നടപ്പാക്കും.
ക്യാമ്പസുകളോട് ചേർന്ന് വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ചെയ്യാൻ കഴിയുന്ന ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് സർക്കാർ അനുമതി നൽകി. പുതിയ വ്യവസായ നയത്തിന്റെ തുടർച്ചയിൽ കയറ്റുമതി നയം, ലോജിസ്റ്റിക് പോളിസി, ഗ്രഫീൻ പോളിസി, ഇഎസ്ജി പോളിസി, ഹൈടെക് മാനുഫാക്ച്റിങ് പോളിസി എന്നിവയും വ്യവസായ പാർക്കുകളുടെ പുതുക്കിയ ലാൻഡ് അലോട്ട്‌മെന്റ് പോളിസിയും രണ്ട് മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൾഫിലെ തുറമുഖങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ കപ്പൽ യാത്ര യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ നോർക്കാ റൂട്ട്സും മാരിടൈം ബോർഡും ചേർന്ന് ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുള്ള അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവാസികൾക്കുള്ള നിയമസഹായം നൽകിവരുന്നുണ്ട്.
ഈ മാതൃകയിൽ യൂറോപ്യൻ രാജ്യങ്ങളിലും ഓഷ്യാനിയ, സെൻട്രൽ ഏഷ്യാ പ്രദേശങ്ങളിലും നിയമ സഹായസേവനം ലഭ്യമാക്കൽ പരിഗണിക്കും. നിയമസഹായ പദ്ധതി കൂടുതൽ ഫലപ്രദമാക്കാൻ വ്യക്തികൾക്കു പകരം ലീഗൽ സ്ഥാപനങ്ങളെ ഏർപ്പെടുത്തും.
Read More
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ, 16 പേരെ തിരിച്ചറിഞ്ഞു
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.