/indian-express-malayalam/media/media_files/2024/11/20/ZVt5p3ZxQC3j5TiLt1WK.jpg)
അയിഷ പോറ്റി
കൊല്ലം: മുൻ എംഎൽഎ അയിഷ പോറ്റി സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതെന്നും ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. ഒന്നും ചെയ്യാൻ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ലെന്നും അയിഷ പോറ്റി വ്യക്തമാക്കി. ഒന്നരവർഷമായി ആരോഗ്യപ്രശ്‌നങ്ങൾ മൂലം താൻ ചികിത്സയിലാണെന്ന് അയിഷ പോറ്റി വ്യക്തമാക്കി.
"ഒരു ഷോ കാണിക്കാൻ വേണ്ടി എനിക്ക് ഒരിടത്തേക്ക് പോകാൻ ഇഷ്ടമല്ല. ഉളളത് സ്വതന്ത്രമായിട്ടും സത്യസന്ധമായിട്ടും വേണം. അതിന് വേറെ ഒരു മുഖവുമില്ല. ഇത്രയും ഫയലുണ്ടായിരുന്ന ഒരു ഓഫീസിലിരുന്ന ആളാണ് ഞാൻ. എന്നെ പാർട്ടി വിശ്വാസമായിട്ട് ഏൽപിച്ച ജോലി ഞാൻ ഭംഗിയായി ചെയ്ത് തീർത്തു. നൂറ് ശതമാനം. ഞാൻ ആരും എന്നെ അവഗണിച്ചു എന്നൊന്നും പറയത്തില്ല. അതൊക്കെ ജനങ്ങളല്ലേ കാണുന്നത്"-അയിഷ പോറ്റി പറഞ്ഞു.
മൂന്ന് തവണ കൊട്ടാരക്കര നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച അയിഷ പോറ്റി നിലവിൽ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ട്രഷററാണ്. ആർ ബാലകൃഷ്ണപിള്ളയുടെ കുത്തക മണ്ഡലമായിരുന്ന കൊട്ടാരക്കരയിൽ അട്ടിമറി വിജയം നേടിയതോടെയാണ് ഐഷ പോറ്റി സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയയാകുന്നത്.
അടുത്തകാലത്തായി അയിഷ പോറ്റി രാഷ്ട്രീയത്തിൽ അത്ര സജീവമല്ലായിരുന്നു. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽനിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. അടുത്തിടെ നടന്ന ഏരിയാ സമ്മേളനത്തിലും ഇവർ പങ്കെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പിനുശേഷം സിപിഎം അവഗണന കാട്ടുന്നതായി പരാതി ഉയർന്നിരുന്നു. മൂന്നുതവണ എം.എൽ.എ.യായ ഐഷ പോറ്റിയെ സ്പീക്കർ, വനിതാ കമ്മിഷൻ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി പ്രചാരണം ഉണ്ടായിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.