/indian-express-malayalam/media/media_files/2025/04/21/fkBaH4Ck4tkbI0KWnnau.jpg)
ഷൈൻ ടോം ചാക്കോ
കൊച്ചി: ഷൈൻ ടോം ചാക്കോ വിഷയം ചർച്ച ചെയ്യാൻ 'സൂത്രവാക്യം' സിനിമയുടെ ഇന്റേണൽ കമ്മിറ്റി യോഗവും ഫിലിം ചേംബറിന്‍റെ യോഗവും ഇന്ന് ചേരും. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്‍റെ യോഗം. സിനിമകളിൽനിന്ന് ഷൈനിനെ മാറ്റി നിർത്താൻ സിനിമാ സംഘടനകളോട് ചേംബർ ആവശ്യപ്പെട്ടേക്കും. അമ്മയും ഫെഫ്കയുമടക്കമുള്ളവരെ ചേംബര്‍ നടപടികൾ അറിയിക്കും.
സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. സിനിമാ സെറ്റിൽ വിൻസിക്കുണ്ടായ ദുരനുഭവത്തിൽ ഇന്‍റേണൽ കമ്മിറ്റി എടുക്കുന്ന തീരുമാനം നടപ്പാക്കാൻ സിനിമ സംഘടനകൾ ബാധ്യസ്ഥരാണ്. അതിനാൽതന്നെ ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
താരസംഘടനയായ അമ്മയും ഷൈൻ ടോം ചാക്കോയിൽ നിന്ന് വിശദീകരണം തേടിയെങ്കിലും നടൻ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. അമ്മ രൂപീകരിച്ച മൂന്നംഗ സമിതി മുൻപാകെ വിശദീകരണം നൽകാൻ ഷൈനിനു നൽകിയ സമയം അവസാനിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഇന്ന് നടക്കുന്ന ഐസി യോഗത്തിലെ തീരുമാനങ്ങൾ കൂടി പരിഗണിച്ചശേഷമായിരിക്കും സംഘടന ഷൈനിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
ഷൂട്ടിങ് ലൊക്കേഷനിൽ ഒരു പ്രമുഖ നടൻ ലഹരി ഉപയോഗിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് നടി വിൻസി അലോഷ്യസാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിന് പിന്നാലെ നടി ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഫിലിം ചേംബറിലും താരസംഘടനയായ അമ്മയിലും പരാതി നൽകുകയായിരുന്നു. 'സൂത്രവാക്യം' സിനിമയുടെ സെറ്റിലായിരുന്നു നടൻ മോശമായി പെരുമാറിയത്.
സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസി ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തിയത്. എന്നാൽ, നടന്റെ പേര് അന്ന് വിൻസി വെളിപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് നടന്റെ പേര് പരാമർശിച്ചുള്ള പരാതി സിനിമാസംഘടനകൾക്ക് നൽകിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.