/indian-express-malayalam/media/media_files/Kdanaze1lmxXp68Hexoq.jpg)
ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ഉരുൾ പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തിനു മുകൾ ഭാഗത്തുള്ള വെള്ളോലിപ്പാറ പ്രദേശങ്ങളിൽ പരിശോധന നടത്തുന്നു
കൽപ്പറ്റ: വയനാട്ടിലെ സേഫ്, അൺസേഫ് മേഖലകൾ തരംതിരിച്ച് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞ ജോൺ മത്തായി പറഞ്ഞു. ചൂരൽമലയിൽ ഉരുൾപൊട്ടിയസ്ഥലം മുതൽ താഴേക്ക് വന്ന് പരിശോധിക്കും. എന്താണ് ഉരുൾപൊട്ടലിന് കാരണമെന്നും പ്രഭവകേന്ദ്രം ഏതെന്നും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ഉരുൾപൊട്ടൽ സംബന്ധിച്ചുള്ള വിശദപഠനത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗ സംഘത്തിന്റെ അധ്യക്ഷനാണ് ജോൺ മത്തായി.
ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും വിശദമായ പരിശോധനക്ക് വിധേയമാക്കി. പ്രദേശത്തെ മണ്ണിന്റെയും പാറകളുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുൾപൊട്ടലിൽ സംഭവിച്ച പ്രതിഭാസങ്ങളും വിലയിരുത്തുമെന്നും ചൊവ്വാഴ്ച പരിശോധനയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകൾ വിലയിരുത്തിയാകും സംഘം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുക. വരും ദിവസങ്ങളിലും പരിശോധന തുടരും.
സെന്റർ ഓഫ് എക്‌സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ ടികെ ദൃശ്യ, സൂറത്ത്കൽ എൻഐടി അസോസിയേറ്റ് പ്രൊഫ ഡോ ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാ മനോഹരൻ, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.
ചൂരൽമലയിൽ കനത്ത മഴ
മേപ്പാടിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ മുണ്ടക്കൈ,ചൂരൽമല ഉൾപ്പടെയുള്ള മേപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ആരംഭിച്ചത്. മഴയെ തുടർന്ന് പുത്തുമലയിലെ 11 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു. പുത്തുമലയിൽ വൈകീട്ട് നടത്താനിരുന്ന ശവസംസ്‌കാര ചടങ്ങുകളും മാറ്റിവെച്ചു. മഴയെത്തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള തിരച്ചിലും നിർത്തിവെച്ചു. സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ പരിശോധനയും നിർത്തിവെച്ചു.
Read More
- ഭഗവാൻപൂർ ഗ്രാമം കാത്തിരിക്കുകയാണ്...വയനാട്ടിലുള്ള ഉറ്റവരെ
- രണ്ട് ശരീരഭാഗങ്ങൾ കൂടി കിട്ടി: വയനാട്ടിൽ ജനകീയ തിരച്ചിൽ തുടരുന്നു
- കേരളംഒറ്റയ്ക്കല്ല,രാജ്യം ഒപ്പമുണ്ട്; ഉറപ്പുനൽകി പ്രധാനമന്ത്രി
- അതിജീവിതർക്ക് ആശ്വാസവാക്കുകളുമായി പ്രധാനമന്ത്രി
- ദുരന്തഭൂമി നടന്നുകണ്ട് നരേന്ദ്രമോദി
- ഉരുളിന്റെ ഉത്ഭവം കണ്ട് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.