/indian-express-malayalam/media/media_files/2024/11/13/GbhAabIUW9C2AU9xd9Ey.jpg)
ഇ.പി.ജയരാജൻ പുസ്തകം
കണ്ണൂർ: ആത്മകഥയെന്ന പേരിൽ പുറത്തുവന്നിരിക്കുന്ന പുസ്തക ഭാഗങ്ങൾ തന്റേതല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. ''പുസ്തകം ഞാൻ എഴുതി തീർന്നിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ ഞാൻ ആർക്കും അനുമതി കൊടുത്തിട്ടില്ല. ഡിസി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. പുസ്തകത്തിന്റെ പകർപ്പ് ഞാൻ ആർക്കും കൈമാറിയിട്ടില്ല. ഞാൻ എഴുതാത്ത കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഞാൻ എഴുതിയ ഭാഗങ്ങൾ ടൈപ്പ് ചെയ്യാൻ കൊടുത്തിരുന്നു. ആ പുസ്തകത്തിന്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. നിയമ നടപടി സ്വീകരിക്കും,'' ഇ.പി.ജയരാജൻ കണ്ണൂരിൽ വാർത്താചാനലുകളോട് പറഞ്ഞു.
'കട്ടൻചായയും പരിപ്പുവടയും' എന്ന ഇ.പി.ജയരാജന്റേതാണെന്ന തരത്തിൽ പുറത്തുവന്ന ആത്മകഥയിലെ ചില ഭാഗങ്ങളാണ് ടിവി ചാനലുകൾ പുറത്തുവിട്ടത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇപിയുടേതെന്ന പേരിൽ പ്രചരിക്കുന്ന പുസ്തകത്തിന്റെ ഭാഗങ്ങളിൽ ഉണ്ട്.
ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുളള കൂടിക്കാഴ്ച ഒന്നര വർഷത്തിന് ശേഷം വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ബിജെപി നേതാവായ ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളമാണ്. അവരെ കണ്ടത് ഒരു തവണ മാത്രമാണ്. പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇ.പിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങളിലുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26 നാണ് ഇ.പി.ജയരാജൻ-പ്രകാശ ജാവദേക്കർ കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നത്. ഇത് വലിയ വിവാദമാവുകയും തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ജയരാജന് എൽഡിഎഫ് കൺവീനർ സ്ഥാനം നഷ്ടമായിരുന്നു.
ബിജെപിയിലേക്ക് വരാൻ ഇ.പി.ജയരാജൻ ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണവും വലിയ ചർച്ചയായിരുന്നു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ ഇ പി ജയരാജന്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും എന്നാല്‍ എന്തുകൊണ്ടാണ് പിന്‍മാറിയതെന്ന് വെളിപ്പെടുത്തേണ്ടത് ഇപിയാണെന്നുമായിരുന്നു ശോഭ വെളിപ്പെടുത്തിയത്.
പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി.സരിൻ അവസര വാദിയാണ്. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം. ഇഎംഎസ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഇപിയുടേതെന്ന പേരിൽ പുറത്തുവന്ന പുസ്തക ഭാഗത്തിലുണ്ട്. എന്നാൽ, പുറത്തുവന്ന പുസ്തകത്തിലെ ഭാഗങ്ങളൊന്നും താൻ എഴുതിയത് അല്ലെന്നും പുസ്തകത്തിന്റെ കവർ ചിത്രം പോലും ഇതുവരെ ഡിസൈൻ ചെയ്തിട്ടില്ലെന്ന ഇ.പിയുടെ വാക്കുകൾ പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
അതേസമയം, കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടിവച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡിസി ബുക്സ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. ഇതുസംബന്ധിച്ച് ഡിസി ബുക്സ് സിഇഒ രവി ഡിസിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമാകുന്ന മുറയ്ക്ക് ഈ റിപ്പോർട്ട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.