/indian-express-malayalam/media/media_files/uploads/2020/04/Shailaja-teacher.jpg)
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ വികാരം വളർത്തിയെടുത്തെന്ന ആരോപണത്തിൽ വടകര മണ്ഡലം ഇപ്പോഴും പുകയുകയാണ്
കോഴിക്കോട്: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാഴ്ച മുമ്പ് അവസാനിച്ചെങ്കിലും, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ വികാരം വളർത്തിയെടുത്തെന്ന ആരോപണത്തിൽ വടകര മണ്ഡലം ഇപ്പോഴും പുകയുകയാണ്. കാഫിർ പരാമർശവും വീഡിയോ, ഫോട്ടോ വിവാദങ്ങളുമടക്കം ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിവെച്ച വിഷയങ്ങൾ ഏറ്റവുമൊടുവിൽ എത്തി നിൽക്കുന്നത് ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശ വിവാദത്തിലാണ്.
കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ 'ദിവസവും അഞ്ച് നേരം നമസ്‌കരിക്കുന്നു' എന്ന വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ പേരിൽ എൽഡിഎഫും യുഡിഎഫും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചതാണ് തിരഞ്ഞെടുപ്പ് സമയത്ത് ഏറ്റവുമധികം കത്തിയ വിവാദം. "കാഫിർ സ്ത്രീ ആയി കെ കെ ശൈലജയെ യുഡിഎഫ് ചിത്രീകരിച്ചു എന്ന് സിപിഎം ആരോപണമാണ് വർഗീയ വിദ്വേഷം വളർത്തുന്ന തരത്തിലേക്ക് വടകരയെ എത്തിച്ചത്.
2009 മുതൽ കോൺഗ്രസ് വിജയിച്ചുവരുന്ന ഇടത് കോട്ടയായ വടകര മണ്ഡലത്തിൽ ഇത്തവണ ഇരുമുന്നണികളും തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ്, മുസ്ലീം ലീഗിന്റെ പ്രവർത്തകന്റേതെന്ന് ആരോപിക്കപ്പെടുന്ന വാട്ട്‌സ്ആപ്പ് സന്ദേശം മണ്ഡലത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടിൽ ഇങ്ങനെ പറയുന്നു: “ദിവസത്തിൽ അഞ്ച് തവണ പ്രാർത്ഥന നടത്തുന്ന ഒരു മുസ്ലീമാണ് ഷാഫി. മറ്റൊരു സ്ഥാനാർത്ഥി ഒരു 'കാഫിർ' സ്ത്രീയാണ്. നമ്മൾ ആർക്ക് വോട്ട് ചെയ്യണം, വോട്ട് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക. നമ്മളിൽ ഒരാൾക്ക് വോട്ട് ചെയ്യുക.''
തൊട്ടടുത്ത ദിവസം തന്നെ സിപിഐ(എം) സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഒരു കൌണ്ടർ കാമ്പെയ്ൻ തുടങ്ങി, “നിപ്പയും വെള്ളപ്പൊക്കവും മഹാമാരിയുമുള്ള നാളുകളിൽ ജാതിയും മതവും നോക്കാതെ ഞങ്ങളെ എല്ലാവരെയും ചേർത്തുപിടിച്ചത് കാഫിറായ സ്ത്രീയാണ് എന്നതായിരുന്നു സിപിഎമ്മിന്റെ മറുപടി. പിന്നാലെ തന്നെ വടകരയിൽ യു.ഡി.എഫ് വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് സി.പി.ഐ.എമ്മും തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിയും നൽകിയിരുന്നു. സന്ദേശത്തിന് പിന്നിൽ വടകരയിലെ യൂത്ത് ലീഗ് പ്രവർത്തകനാണെന്ന് സിപിഐഎം പരാതിയിൽ പറയുന്നു.
വർഗീയവികാരം ഇളക്കിവിട്ട് വോട്ട് നേടാനുള്ള സന്ദേശമാണ് സി.പി.ഐ.എം സൃഷ്ടിച്ചതെന്ന് ആരോപിച്ച് കോൺഗ്രസും തിരിച്ചടിച്ചു. “സന്ദേശം കെട്ടിച്ചമച്ചതാണെന്ന് എനിക്ക് ബോധ്യമുണ്ട്. വ്യാജ സ്‌ക്രീൻഷോട്ട് ഉപയോഗിച്ചാണ് സിപിഐഎം ആരോപണം ഉന്നയിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും ആരോപിച്ചു. മണ്ഡലത്തിൽ നടക്കുന്ന വർഗീയ പ്രചാരണം സമാധാനപരമായ ജീവിതം തകർക്കാൻ വേണ്ടിയുള്ളതാണെന്ന് സിപിഐ എമ്മിനെ കുറ്റപ്പെടുത്തി വടകര എംഎൽഎ കെ കെ രമയും രംഗത്തെത്തി.
അവിടൊന്നും തീരാതെ ഇപ്പോഴും വാദ പ്രതിവാദങ്ങളിലൂടെ വടകര വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഏറ്റവുമൊടുവിലായി ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശമാണ് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ പരാമര്‍ശം നടത്തി മണിക്കൂറുകള്‍ക്കകം ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഹരിഹരൻ നിർവ്യാജം ഖേദം പ്രകടിപ്പച്ചത്. അതേ സമയം ഹരിപരന്റെ പരാമർശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് കെ.കെ രമ എംഎൽഎ രംഗത്തെത്തി.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.