/indian-express-malayalam/media/media_files/uploads/2022/10/vishnupriya.jpg)
ഫയൽ ഫൊട്ടോ
കണ്ണൂർ: പാനൂർ സ്വദേശി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ തിങ്കളാഴ്ച വിധിപറയും. മൃഗീയമായ കൊലപാതകമാണ് നടന്നതെന്ന് കോടതിയില്‍ പ്രോസിക്യൂഷൻ വാദിച്ചു.
2022 ഒക്ടോബര്‍ 22 നായിരുന്നു പാനൂര്‍ വള്ള്യായിലെ കണ്ണച്ചാങ്കണ്ടി വീട്ടിൽ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23) അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രണയത്തിൽനിന്നും പിന്മാറിയതിലുള്ള പകയാണ് വിഷ്ണുപ്രിയയുടെ ജീവനെടുത്തത്. വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
പ്രണയപ്പകയിൽ കൊലപാതകത്തിന് മൂന്നു ദിവസം മുൻപേ പ്രതി കൊലപാതകം ആസൂത്രണം ചെയ്തു തുടങ്ങി. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസം മുപും വാങ്ങി. ആരുമില്ലാത്ത സമയം നോക്കിയാണ് ശ്യാംജിത്ത് വീട്ടില്‍ കടന്നുചെന്ന് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയശേഷം കഴുത്തിന് വെട്ടുകയായിരുന്നു.
കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് അച്ഛൻ നടത്തുന്ന ഹോട്ടലില്‍ ജോലിക്ക് പോയി. വൈകിട്ട് നാടുവിടാനായിരുന്നു ശ്യാംജിത്തിന്റെ പദ്ധതി. ഇതിനിടയിലാണ് പൊലീസ് പിടിയിലായത്.
വിഷ്ണുപ്രിയ ആൺസുഹൃത്തുമായി ഫൊണിൽ വീഡിയോകോൾ ചെയ്യുന്നതിനിടെയാണ് പ്രതി ആയുധങ്ങളുമായി വീട്ടിലെത്തിയത്. ശ്യാംജിത്ത് ഈ വീഡിയോയിൽ പതിഞ്ഞതാണ് കേസിൽ നിർണായക തെളിവായത്.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.