ഫൊട്ടോ: പിആർഡി
പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് അനിയന്ത്രിതമായി വർധിച്ചതോടെ ദര്‍ശന സമയം ഒരു മണിക്കൂർ അധികമായി നീട്ടി. നിലവില്‍ വൈകിട്ട് നാല് മണി മുതല്‍ രാത്രി 11 മണി വരെയാണ് ദര്‍ശന സമയം. ഇത് 3 മണി മുതല്‍ രാത്രി 11 മണി വരെയാക്കി. ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്ന അയ്യപ്പഭക്തരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്താണ് ദർശനസമയം വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
ശബരിമലയിലെത്തുന്ന മുഴുവൻ അയ്യപ്പഭക്തർക്കും ദർശന സൗകര്യം ഒരുക്കി കൊടുക്കണമെന്നതാണ് ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും നിലപാട്. ദർശന സമയം വർദ്ധിപ്പിക്കണമെന്ന അയ്യപ്പഭക്തരുടെ ആവശ്യം ദേവസ്വം ബോർഡ് രേഖാമൂലം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരെ അറിയിച്ചു. ദർശനസമയം വർദ്ധിപ്പിക്കുന്ന കാര്യം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും ദേവസ്വം മന്ത്രിയുടെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദർശനസമയം വർദ്ധിപ്പിക്കാൻ തന്ത്രി തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് മുതൽ വൈകുന്നേരം 3 മണി മുതൽ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചു. തീരുമാനത്തിനു പിന്നാലെ മൂന്നു മണിക്ക് ക്ഷേത്രനട മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി തുറന്ന് ഭക്തർക്ക് ദർശനത്തിനായുള്ള സൗകര്യം ഒരുക്കി നൽകുകയായിരുന്നു. ഒരു മണിക്കൂർ ദർശനസമയം വർദ്ധിപ്പിച്ചതോടെ ദിവസവും 18 മണിക്കൂർ ഭക്തർക്ക് ദർശനത്തിനായി ലഭിക്കും.
ഭക്തരുടെ അഭ്യർത്ഥനയെയും ദേവസ്വം ബോർഡിൻ്റെ ആവശ്യവും അനുഭാവപൂർവ്വം പരിഗണിച്ച് സാഹചര്യത്തിനൊത്ത് തീരുമാനം കൈകൊണ്ട് ദർശനസമയം വർദ്ധിപ്പിച്ചു നൽകിയ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനർക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദി അറിയിച്ചു.ഭക്തർക്കു വേണ്ടി ദേവസ്വം ബോർഡിനൊപ്പം നിന്ന മേൽശാന്തിമാർക്കും മറ്റ് ശാന്തിക്കാർക്കും ദേവസ്വം ബോർഡ് നന്ദി രേഖപ്പെടുത്തി. ദിവസവും രാത്രി 11 മണിക്ക് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.
രണ്ട് ദിവസമായി ശബരിമലയില്‍ ഭക്തരുടെ ഒഴുക്കാണ്. 18 മണിക്കൂറോളം ക്യൂ നീണ്ടിരുന്നു. വെള്ളിയാഴ്ച പമ്പയിൽ എത്തിയവര്‍ക്ക് ശനിയാഴ്ചയാണ് ദര്‍ശനം ലഭിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലിസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. ദേവസ്വം ബോര്‍ഡ് ഇക്കാര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച 70,000 പേരും തിങ്കളാഴ്ച 90,000 പേരുമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം കുട്ടികള്‍ ക്ഷീണിച്ച് തളര്‍ന്നുവീണതോടെ 8 കന്നി അയ്യപ്പന്മാരുമായി മലപ്പുറം വണ്ടൂരില്‍ നിന്നെത്തിയ ശിവനും സംഘവും ദര്‍ശനത്തിന് നില്‍ക്കാതെ മടങ്ങിപ്പോയിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ഒരു കുരുന്ന് മാളികപ്പുറം ശനിയാഴ്ച അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഇന്നലെ പൊലിസിന് നിർദ്ദേശം നൽകിയിരുന്നു. ഇന്നലെയും ഇന്നും അവധി ദിവസങ്ങളായതിനാൽ ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ പൊലിസിനും ദേവസ്വം അധികൃതർക്കും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Read More related News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.