scorecardresearch

തൃശ്ശൂരിൽ സുനിൽ കുമാറും തിരുവനന്തപുരത്ത് പന്ന്യനും, വയനാട്ടിൽ സത്യൻ മൊകേരിയും; സി.പി.ഐ സീറ്റുകളിൽ ധാരണ?

ബി.ജെ.പിയുമായി കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന തൃശ്ശൂരിൽ നേരത്തേ തന്നെ സുനിൽകുമാറിന്റെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരുന്നു

ബി.ജെ.പിയുമായി കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന തൃശ്ശൂരിൽ നേരത്തേ തന്നെ സുനിൽകുമാറിന്റെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരുന്നു

author-image
WebDesk
New Update
Cpi candidates

ഫൊട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ യുടെ സീറ്റുകളിൽ ധാരണയായതായി വിവരം. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും തൃശ്ശൂരിൽ മുൻമന്ത്രി വി എസ് സുനിൽകുമാറും സിപിഐ സ്ഥാനാർത്ഥികളാകും എന്നാണ് ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ സത്യൻ മൊകേരിയുടെ പേരാണ് ഉയർന്നുവന്നിരിക്കുന്നത്. സിപിഐ യുടെ കണ്ട്രോൾ കമ്മീഷൻ അംഗമാണ് സത്യൻ മൊകേരി. രാഹുൽ വയനാട്ടിൽ മത്സരിച്ചാലും ഇല്ലെങ്കിലും സത്യൻ മൊകേരി തന്നെയാവും സിപിഐയുടെ സ്ഥാനാർത്ഥി എന്നാണ് വിവരം.

Advertisment

ബിജെപിയുമായി കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന തൃശ്ശൂരിൽ നേരത്തേ തന്നെ സുനിൽകുമാറിന്റെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിൽ കൃഷിവകുപ്പ് മന്ത്രിയായിരുന്ന സുനിൽകുമാർ സിപിഐ യുടെ ജനകീയ മുഖങ്ങളിൽ ഒരാളാണ്. 2011 ൽ കയ്പ്പമംഗലത്ത് നിന്നും 2016 ൽ തൃശ്ശൂരിൽ നിന്നും നിയമസഭയിലെത്തിയ സുനിൽകുമാർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

സുനിൽകുമാർ പ്രതിനിധീകരിച്ച തൃശ്ശൂരും, കയ്പ്പമംഗലവും ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലമാണ് തൃശ്ശൂർ എന്നതും സുനിൽകുമാറിന്റെ പേരിലേക്കെത്താനുള്ള കാരണമായി. തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി തന്നെ വീണ്ടുമെത്തും എന്ന് ഉറപ്പായിട്ടുണ്ട്. രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിംഗ് എം പി ടി എൻ പ്രതാപൻ തന്നെ തൃശ്ശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാവും എന്നാണ് വിവരം.

തിരുവനന്തപുരത്ത് മറ്റ് പല പേരുകളും ഉയർന്നുവന്നെങ്കിലും പന്ന്യൻ രവീന്ദ്രൻ തന്നെ മതിയെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തിയിരിക്കുന്നു എന്നതാണ് ലഭിക്കുന്ന വിവരം. മുൻപ് തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുള്ള പന്ന്യന്റെ ജനകീയ മുഖമാണ് അദ്ദേഹത്തിന് മുതൽകൂട്ടായത്. ഒപ്പം സിപിഎം പ്രവർത്തകർക്കിടയിലുള്ള പന്ന്യന്റെ സ്വീകാര്യതയും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പ്രധാന ഘടകമായി.

Advertisment

പി കെ വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്ന് 2012 ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യൻ തിരുവനന്തപുരത്ത് നിന്നും ലോക്സഭയിലെത്തിയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് ശശി തരൂരിനോട് പരാജയപ്പെടുകയാണുണ്ടായത്. തിരുവനന്തപുരത്ത് തരൂർ തന്നെ പന്ന്യന്റെ എതിരാളിയായി എത്താനാണ് സാധ്യത. പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കുമെന്ന് ശശി തരൂർ വ്യക്തമാക്കിയിട്ടുണ്ട്. 

സംവരണ മണ്ഡലമായ മാവേലിക്കരയിൽ ഒരു പുതുമുഖ സ്ഥാനാർത്ഥിയെ ആകും സിപിഐ അവതരിപ്പിക്കുക എന്നാണ് വിവരം. യുവാക്കൾക്കാവും മുൻഗണന എന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി തുടർ വിജയം നേടിയ കൊടിക്കുന്നിൽ സുരേഷാണ് നിലവിലെ മാവേലിക്കര എം.പി. 

അതേ സമയം വയനാട്ടിൽ രാഹുൽ മത്സരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. രാഹുൽ ബിജെപി യോട് നേരിട്ട് ഏറ്റുമുട്ടേണ്ടതിന് പകരം കേരളത്തിൽ വന്ന് മത്സരിക്കുന്നതിനോട് കേരളത്തിലെ ഇടതുമുന്നണിക്കുള്ള എതിർപ്പ് അവർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ പരസ്യമാക്കിയിരുന്നു. രാഹുൽ വന്നാലും ഇല്ലെങ്കിലും വയനാട്ടിൽ സത്യൻ മൊകേരിയെ കളത്തിലിറക്കി ശക്തമായ പോരാട്ടം നടത്താനാണ് സിപിഐയുടെ തീരുമാനം. 

തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ സ്ഥാനാർത്ഥികളുടെ പ്രാഥമിക നിർണ്ണയം നടത്തിയ സിപിഐ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയം തന്നെ അന്തിമ പട്ടിക പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടത്തിയിരിക്കുന്നത്. പിന്നാലെ തന്നെ തൃശ്ശൂർ പോലെ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ പ്രചാരണത്തിൽ മുൻതൂക്കം നേടാനാവുമെന്ന പ്രതീക്ഷയും സിപിഐക്കുണ്ട്.

Read More

Cpi Vs Sunilkumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: