/indian-express-malayalam/media/media_files/uBOha2KLXONMx2wq1mBr.jpg)
സിദ്ദിഖ്
കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വൈകുന്നതിനെ വിമർശിച്ച് സിപിഐ. സിദ്ദിഖിനെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്നും നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കാണിച്ച ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തുമെന്നും സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിൽ ചോദിച്ചിട്ടുണ്ട്.
''പീഡന പരാതിയില്‍ കഴിഞ്ഞദിവസം 3 പ്രമുഖ നടന്മാര്‍ക്കെതിരെ നടപടികളുണ്ടായി. നടനും എംഎല്‍എയുമായ മുകേഷിനെയും നടനും അഭിനേതാക്കളുടെ സംഘടനാ ഭാരവാഹിയുമായിരുന്ന ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത് വിട്ടയച്ചു. മറ്റൊരു നടന്‍ സിദ്ദിഖിനു ഹൈക്കോടതി ജാമ്യം നിഷേധിച്ചെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ട്,'' മുഖപ്രസംഗത്തിൽ പറയുന്നു.
''ഹൈക്കോടതി വിധി വന്നതിനു പിന്നാലെ, ചൊവ്വാഴ്ച രാവിലെ തന്നെ സിദ്ദിഖിന്റെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്‍ എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തേ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടുപടിക്കൽത്തന്നെ പൊലീസുണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാൽ അറസ്റ്റ് ചെയ്യാനായിരുന്നു ഈ നടപടി. ഇത്തരമൊരു ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും?,'' മുഖപ്രസംഗത്തിൽ പറയുന്നു.
ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഒളിവിൽ കഴിയുന്ന സിദ്ദിഖിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഹോട്ടലുകളിലടക്കം പരിശോധന തുടരുകയാണ്.
Read More
- തൃശൂർ പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ട് തള്ളി, വീണ്ടും അന്വേഷണത്തിന് ശുപാര്‍ശ
- അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇര; സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്
- അർജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി
- അര്‍ജുന്റെ കുടുംബത്തിന് ഇതു പ്രതിസന്ധിഘട്ടം; ചേര്‍ത്തു പിടിക്കണമെന്ന് വി.ഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.