scorecardresearch

അര്‍ജുന്റെ കുടുംബത്തിന് ഇതു പ്രതിസന്ധിഘട്ടം; ചേര്‍ത്തു പിടിക്കണമെന്ന് വി.ഡി സതീശൻ

അർജുന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഖത്തിൽ പങ്കുതചേർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്

അർജുന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഖത്തിൽ പങ്കുതചേർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്

author-image
WebDesk
New Update
news

ഫയൽ ഫൊട്ടോ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി, നീണ്ട കാലത്തെ തിരച്ചിലിനൊടുവിൻ ഇന്നു വൈകീട്ടാണ് ഗംഗാവാലി പുഴയിൽ നിന്നു കണ്ടെത്തിയത്. വാഹനത്തിൽ നിന്നു കണ്ടെത്തിയ അർജുന്റേതെന്നു കരുതുന്ന മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം ലഭിച്ച ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുക.

Advertisment

അർജുന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഖത്തിൽ പങ്കുതചേർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്. ലോറിയുടമ മനാഫിന്റെ നിശ്ചയദാർഢ്യത്തെ പ്രകീർത്തിച്ചും പോസ്റ്റുകളുണ്ട്. 

അർജുന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇതു പ്രതിസന്ധിഘട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അവരെ ചേർത്തു പിടിക്കണമെന്നും, ദൗത്യത്തിൽ നേരിട്ടും പ്രാർത്ഥനകളോടെയും പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും സോഷ്യൽ മീഡിയ പോസ്റ്റിൽ സതീശൻ പറഞ്ഞു.

"ജൂലൈ 16 ന് അതിരാവിലെയാണ് അര്‍ജുനും ലോറിയും ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്ക് പോയത്. 71 ദിവസത്തിന് ശേഷം പുഴയുടെ 12 മീറ്റര്‍ താഴ്ച്ചയില്‍ നിന്ന് അര്‍ജുന്റെ ലേറിയുടെ ക്യാബിന്‍ ഉയര്‍ത്തി. അതില്‍ ഒരു മൃതദേഹവും. മൃതദേഹം അര്‍ജുന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള സാങ്കേതിക നടപടി ക്രമങ്ങള്‍ അവശേഷിക്കുന്നു.

Advertisment

രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളില്‍ ഒന്നായിരുന്നു ഷിരൂരിലേത്. നിരന്തരം ഉണ്ടായ മണ്ണിടിച്ചില്‍, കുത്തി ഒഴുകുന്ന പുഴ. അങ്ങനെ പ്രതിസന്ധികള്‍ നിരവധി. ഇടയ്ക്ക് അനിശ്ചിതത്വം. ഇടയ്ക്ക് പ്രതീക്ഷയുടെ കണങ്ങള്‍. ഒടുവില്‍ 71 ദിവസത്തിനിപ്പുറം ആ ദൗത്യം അവസാനിക്കുന്നു. 

അര്‍ജുന്‍ എവിടെയെന്ന്  കുടുംബം നിരന്തരം ചോദിച്ചു കൊണ്ടേയിരുന്നു. അതിനു വേണ്ടി അവര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് കണ്ടു. എന്തു സംഭവിച്ചാലും തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി അര്‍ജുന്റെ കുടുംബത്തിന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. അര്‍ജുന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധിഘട്ടമാണ്. അവരെ നമുക്ക് ചേര്‍ത്ത് പിടിക്കണം. 

ജീവിതത്തില്‍ ഒരിക്കലും അര്‍ജുനെ നേരില്‍ കണ്ടിട്ടില്ലാത്ത എത്രയോ പേര്‍ നേരിട്ടും പ്രാര്‍ഥനയോടെയും ഈ ദൗത്യത്തിന്റെ ഭാഗമായി. കേരള - കര്‍ണ്ണാടക സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍... എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി," വി.ഡി സതീശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മതത്തിന്റെ പേരിലുള്ള കുത്തുവാക്കുകൾക്കിടയിലും അർജ്ജുനായി മനാഫ് സ്വീകരിച്ച നിലപാട്‌ എന്നും ഓർമ്മിക്കപ്പെടുമെന്നാണ് പിവി അൻവർ എംഎൽഎ സോഷ്യൽ മീഡിയയിൽ കുറിച്ചത്. "പ്രിയപ്പെട്ട മനാഫ്‌. അർജ്ജുനൊപ്പം ഈ നാട്‌ നിങ്ങളേയും മനസ്സിൽ അടയാളപ്പെടുത്തിയിട്ടുണ്ട്‌. മതത്തിന്റെ പേരിലുള്ള കുത്തുവാക്കുകൾക്കിടയിലും നിങ്ങൾ അർജ്ജുനായി സ്വീകരിച്ച നിലപാട്‌ എന്നും ഓർമ്മിക്കപ്പെടും. സത്യം ഇന്നല്ലെങ്കിൽ ഒരുനാൾ പൂർവ്വാധികം ശോഭയോടെ പുറത്ത്‌ വരും. അന്ന് കുറ്റപ്പെടുത്തിയവർ പോലും നിങ്ങളോട്‌ ഐക്യപ്പെടും. ഇത്‌ പ്രപഞ്ചസത്യമാണ്. ഇതേ നിലപാടോടെ മനുഷ്യനായി തുടരുക. നെഞ്ചോട്‌ ചേർത്ത്‌ പിടിക്കുന്നു."- പി.വി അൻവർ.

മനാഫിന്റെ പിന്മടക്കമില്ലാത്ത നിൽപ്പിന്റെ നേരാണ് ഗംഗാവലി പുഴയിൽ നിന്നും കണ്ടെടുത്തതെന്ന് എഴുത്തുകാരൻ ഷിബു ഗോപാലകൃഷ്ണൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. "നമ്മൾ പോലും എത്രയോ തവണ പിന്തിരിഞ്ഞിട്ടുണ്ട്, അർജുനെ കാണാമറയത്ത് വിട്ടിട്ട് സകല പ്രതീക്ഷകളും അവസാനിപ്പിച്ച് തിരിച്ചു കയറിയിട്ടുണ്ട്. അപ്പോഴൊക്കെയും ഒരാൾ, ഒരാൾമാത്രം അവിടെ നിന്നും പിന്തിരിയാതെ തിരിഞ്ഞു നിന്നു - മനാഫ്.

സകല ആക്ഷേപങ്ങളെയും ആരോപണങ്ങളെയും കടിച്ചമർത്തി 71 ദിവസം അയാൾ നിന്ന നിൽപ്പിന്റെ കനലാണ് ആ കണ്ണുകളിൽ നിന്നും ഉരുകിയൊലിച്ചത്. പിന്മടക്കമില്ലാത്ത ആ നിൽപ്പിന്റെ നേരുകൂടിയാണ് ഗംഗാവലി പുഴയിൽ നിന്നും കണ്ടെടുത്തത്. എനിക്ക് ലോറിയും വേണ്ട, അതിലെ മരവും വേണ്ട, അർജുനെ മാത്രം മതി. വണ്ടി അവിടെ തന്നെ ഇട്ടേക്കൂ എന്നുപറയുമ്പോൾ വാക്കുകൾ കണ്ണീരിനൊപ്പം ഉരുകി നമ്മളുടെ നെഞ്ചും പൊള്ളുന്നു. 

'അങ്ങനെ ഗംഗാവലി പ്പൊയയിലിടാൻ ഉദ്ദേശിച്ചിട്ടില്ല ഓനെ.' ഏത് മണ്ണിൽ ഇടിഞ്ഞു പോകുമ്പോഴും ഏത് പുഴയിൽ ഒലിച്ചു പോകുമ്പോഴും കണ്ണെടുക്കാതെ കൂടെനിൽക്കാൻ, ഏറ്റവും അവസാനത്തെ നിമിഷം വരെ കൈവിട്ടുകളയാതെ കൂട്ടുനിൽക്കാൻ മനുഷ്യർ ആഗ്രഹിക്കുന്ന കൂട്ടുകാരൻ."-  ഷിബു ഗോപാലകൃഷ്ണൻ കുറിച്ചു.

Read More

Landslide Rescue rescue mission Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: