/indian-express-malayalam/media/media_files/2024/12/09/igYRTh2tFQjd2juDLuuy.jpg)
നേതൃമാറ്റത്തെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായഭിന്നത
തിരുവനന്തപുരം: നേതൃമാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്തെത്തിയതോടെ സംസ്ഥാന കോൺഗ്രസിൽ ആശയക്കുഴപ്പം. അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെപിസിസിയെ നയിക്കാൻ പുതിയ നേതൃത്വം വരട്ടെയെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് വരെ നിലവിലുള്ള നേതൃത്വം തുടരട്ടെയെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. നേതാക്കൾക്കിടയിൽ വിഭിന്ന അഭിപ്രായം ഉടലെടുത്തതിനാൽ, ഇക്കാര്യത്തിൽ ഹൈക്കമാന്റിന്റെ തീരുമാനം അന്തിമം ആയിരിക്കും.
പുതുതലമുറ വരട്ടെയെന്ന് ഒരുവിഭാഗം
കെപിസിസി അധ്യക്ഷ പദവിയിലേക്ക് യുവനേതാക്കളെ കൊണ്ടുവരണമെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ളവർ ഇതിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് വിവരം. യുവനേതൃത്വം വരുന്നതോടെ യുവാക്കൾ ഉൾപ്പടെയുള്ളവരെ പാർട്ടിയിലേക്ക് ആകർഷിക്കാനാകുമെന്നും തലമുറ മാറ്റം യാഥാർഥ്യമാകുമെന്നുമാണ് നേതാക്കൾ വാദിക്കുന്നത്്.
തദ്ദേശ തിരഞ്ഞെടുപ്പും അതിന് പിന്നാലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽക്കണ്ട് സംഘടനാ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നേതൃമാറ്റത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സംഘടനാ ദൗർബല്യവും ഇവർ ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാ, ഉപ തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ സാഹചര്യമല്ല നിയമസഭയിൽ ഉണ്ടാവുകയെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോൾ വേണ്ട
കെ. സുധാകരന്റെ നേതൃത്വത്തിലുള്ള നിലവിലെ സംഘടനാ സംവിധാനം തത്കാലം മാറ്റേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന കോൺഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നത്്. ലോകസ്ഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും മികച്ച രീതിയിലാണ് സംഘടനാ സംവിധാനം പ്രവർത്തിച്ചതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
രമേശ് ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയ നേതാക്കൾക്കെല്ലാം കെ സുധാകരൻ ഇപ്പോൾ മാറേണ്ടതില്ലെന്ന് നിലപാടാണ്. കെ സുധാകരൻ മാറേണ്ടതില്ലെന്ന് ആദ്യം പറഞ്ഞത് ശശി തരൂരാണ്. തരൂരിൻറെ നിലപാടിലുണ്ട് രാഷ്ട്രീയക്കെണി. മാറ്റമുണ്ടെങ്കിൽ പ്രതിപക്ഷനേതാവും മാറട്ടെയെന്നാണ് ധ്വനി. തിടുക്കപ്പെട്ട് സുധാകരനെ മാറ്റുന്നത് ദോഷം ചെയ്യുമെന്നാണ് സുധാകരനെ അനുകൂലിക്കുന്നവർ പറയുന്നത്. നേതൃമാറ്റം കീറാമുട്ടിയായതോടെ അഭിപ്രായ സമന്വയത്തിനുള്ള നീക്കങ്ങൾ ഹൈക്കമാൻഡ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Read More
- കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ആവശ്യപ്പെട്ടത് 5 ലക്ഷം രൂപ, നടിക്ക് അഹങ്കാരവും പണത്തിനോട് ആര്‍ത്തിയും: മന്ത്രി ശിവൻകുട്ടി
- ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ
- മന്ത്രിമാർ താലൂക്കുകളിലേക്ക്; അദാലത്തുകൾക്ക് ഇന്ന് തുടക്കം
- ശബരിപാതയിൽ റോഡ് അപകടങ്ങൾ കുറയുന്നു; സേഫ് സോണ്‍ പദ്ധതിക്ക് കൈയ്യടി
- കേരളതീരത്തേക്ക് ന്യൂനമർദ്ദം ? ;വരുന്നു പെരുമഴക്കാലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.