/indian-express-malayalam/media/media_files/2025/10/20/cm-pinarayi-vijayan-2025-10-20-19-40-32.jpg)
ചിത്രം: ഫേസ്ബുക്ക്
കണ്ണൂർ: ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ അയ്യപ്പനോടൊപ്പം വാവരുമുണ്ടെന്നും സംഘപരിവാറിന് ഇത് അംഗീകരിക്കാനാവുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട് വാവർക്കും പ്രധാന സ്ഥാനമുണ്ടെന്നും, ഒരു മുസ്ലീമിന് സ്ഥാനം കൊടുക്കാൻ പാടുണ്ടോ എന്നതാണ് സംഘപരിവാറിനെ ചൊടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിവാദമാക്കാൻ സംഘപരിവാർ തുടങ്ങിയെന്നും എന്താണ് അവരുടെ ഉദ്ദേശമെന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകർക്കാനാണ് ഇടവരുത്തുക എന്ന് തിരിച്ചറിയാനാകണമെന്നും അത് മനസിലാക്കി നിലപാട് സ്വീകരിക്കാൻ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
"രാജ്യത്തിന്റെയും ലോകത്തിന്റെയും പലഭാഗത്തുള്ളവർ എത്തിച്ചേരുന്ന കേരളത്തിലെ ആരാധനാലയമാണ് ശബരിമല. ആ ശബരിമല വിവാദമാക്കാൻ സംഘപരിവാർ തുടങ്ങിയല്ലോ? എന്താണ് അവരുടെ ഉദ്ദേശം? ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ, അയ്യപ്പനോടൊപ്പം വാവരുമുണ്ട്. വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഇത്, സംഘപരിവാറിന് അംഗീകരിക്കാനാവുന്നില്ല.
Also Read: ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് എസ്ഐടി
ഒരു മുസ്ലീമിന് സ്ഥാനം കൊടുക്കാൻ പാടുണ്ടോ എന്നതാണ് സംഘപരിവാറിനെ ചൊടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി വാവര് വാവരല്ല എന്നും മറ്റൊരു പേരുകാരനാണെന്നും, വാവരെ സമൂഹത്തിനു കൊള്ളാത്തവനായി ചിത്രീകരിക്കാനുള്ള ശ്രമവുമാണ് നടക്കുന്നത്. ആർക്കെങ്കിലും അംഗീകരിക്കാൻ കഴിയുമോ ഇത്? ശബരിമലയെ അംഗീകരിക്കുന്ന, അയ്യപ്പനെ ആരാധിക്കുന്ന ആളുകൾക്ക് അത് അംഗീകരിക്കാനാവുന്നുണ്ടോ? എല്ലാവരും അതിനെതിരെ രംഗത്ത് വന്നു. നമ്മൾ കാണേണ്ടത്, സംഘപരിവാറിന് മേധാവിത്തം കിട്ടിയാൽ നഷ്ടപ്പെടുക ഇതടക്കമാണ്. ഏതിലും തങ്ങളുടെ സങ്കുചിത ചിന്തകൾ അടിച്ചേൽപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.
ഒരുകാലത്ത്, വലിയതോതിൽ, ജാതിഭേദവും മതദ്വേഷവും എല്ലാം ഉണ്ടായിരുന്ന നാടാണിത്. ആ നാടിനെ നോക്കിയാണ് 'ഇതൊരു ഭ്രാന്താലയമാണെന്ന്' സ്വാമി വിവേകാനന്ദൻ ആക്ഷേപിച്ചത്. ആ ഭ്രാന്താലയത്തെ ഉന്നത മാനവികത പുലർത്തുന്ന മനുഷ്യാലയമാക്കി മാറ്റാൻ കേരളത്തിനു സാധിച്ചിട്ടുണ്ട്. അതിന് നവോത്ഥാനം വഹിച്ച പങ്ക് ചെറുതല്ല. ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകർ ശ്രമിച്ചിരുന്നത്.
Also Read: യുഡിഎഫിൽ ഭിന്നതയില്ല; തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സീറ്റ് വിഭജനം: രമേശ് ചെന്നിത്തല
ഇതിനെയെല്ലാം തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകർക്കാനാണ് ഇടവരുത്തുക എന്നത് തിരിച്ചറിയാനാകണം. അത് തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കാൻ നമുക്ക് കഴിയണം" എന്ന് മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.