/indian-express-malayalam/media/media_files/2024/11/23/sBZNap2TwTaQ1epyFGTE.jpg)
സർക്കാരിന് രാഷ്ട്രീയ ഊർജ്ജമായി ചേലക്കരയിലെ വിജയം
കൊച്ചി: ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഏറ്റവുമധികം വിശ്വാസം അർപ്പിച്ചത് ചേലക്കരയിലാണ്. 1996-ൽ കെ രാധാകൃഷ്ണൻ പാറിച്ച ചെങ്കൊടി ഇത്തവണയും ഉയർത്താനാവുമെന്ന് ആത്മവിശ്വാസം ഇടതുക്യാമ്പിനുണ്ടായിരുന്നു. എന്നാൽ, ചിട്ടയായി സർവ്വ സംഘടനാ സംവിധാനങ്ങളോടും കൂടിയുള്ള യുഡിഎഫിന്റെ പ്രവർത്തനം അവസാന നാളുകളിൽ എൽഡിഎഫിൽ ആശങ്ക ഉണർത്തി.
ഉയർന്ന പോളിങ്ങും കോൺഗ്രസിന്റെ ചിട്ടയായ പ്രവർത്തനവും ഒരുപക്ഷെ വിജയം യുഡിഎഫിനൊപ്പമാകുമോയെന്ന് ചിന്ത രാഷ്ട്രീയ നിരീക്ഷകർ പോലും മുന്നോട്ട് വെച്ചു. എന്നാൽ എല്ലാ ആശങ്കകളെയും അസ്ഥാനത്തിലാക്കിയാണ് ഇടതുപക്ഷത്തിന്റെ വിജയം.
ഭൂരിപക്ഷത്തിൽ കുറവ്
ചേലക്കരയിൽ കെ രാധാകൃഷ്ണൻ 2021 ൽ നേടിയ ഭൂരിപക്ഷത്തിന്റെ പകുതി പോലും നേടാൻ ഇത്തവണ ഇടതുസ്ഥാനാർത്ഥിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ രാധാകൃഷ്ണന് 39,400 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. ഇത്തവണ പ്രദീപിന്റെ ഭൂരിപക്ഷമാകട്ടെ 12,201 വോട്ടുകൾ. 2021 ലെ തിരഞ്ഞെടുപ്പിൽ 9.60 ശതമാനത്തിന്റെ വർധനയോടെ, ആകെ പോൾ ചെയ്തതിന്റെ 54.41 ശതമാനം വോട്ടുകളും നേടിയാണ് ( ആകെ 83,415) കെ രാധാകൃഷ്ണൻ വിജയിച്ചത്.
ഇത്തവണ പ്രദീപിന് ആകെ പോൾ ചെയ്തതിന്റെ 41.44 ശതമാനം വോട്ടാണ് ലഭിച്ചത്. 568 പോസ്റ്റൽ വോട്ടുകൾ അടക്കം ആകെ 64827 വോട്ടുകളാണ് ആകെ കിട്ടിയത്. രമ്യ ഹരിദാസിന് 33.64 ശതമാനം വോട്ടു ലഭിച്ചു. തപാൽ വോട്ടുകളായ 489 അടക്കം ആകെ 52,626 വോട്ടുകളാണ് രമ്യയ്ക്ക് ലഭിച്ചത്. ബിജെപിയുടെ ബാലകൃഷ്ണന് 255 പോസ്റ്റൽ വോട്ടുകൾ അടക്കം 33,609 വോട്ടുകൾ ലഭിച്ചു. 21.49 ശതമാനം. വോട്ടെണ്ണലിന്റെ തുടക്കം മുതലേ സിപിഎമ്മിലെ പ്രദീപ് ആണ് മുന്നേറിയത്. 11-ാം റൗണ്ടിൽ മാത്രമാണ് രമ്യയ്ക്ക് നേരിയ ലീഡ് നേടാൻ സാധിച്ചത്.
സർക്കാരിന് നേട്ടം
ഭൂരിപക്ഷം കുറഞ്ഞാലും ചേലക്കരയിലെ വിജയം പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുസർക്കാരിന് രാഷ്ട്രീയ ഊർജ്ജം പകരുന്നതാണ്. ചേലക്കരയിലാണ് യഥാർഥ രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് പറഞ്ഞത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ്. എന്നാൽ, രാഷ്ട്രീയ മത്സരത്തിൽ ആധികാരിക വിജയം നേടാനായത് ഇടതുസർക്കാരിന് വലിയ ആശ്വാസം പകരുന്നു.
മൂന്നാം പിണറായി സർക്കാരിന് മുന്നോടിയാണ് ചേലക്കരയിലെ വിജയമെന്നാണ് എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് പ്രതികരിച്ചു. ഭരണവിരുദ്ധ വികാരമെന്ന് പ്രതിപക്ഷ ആരോപണത്തെ ശക്തമായി പ്രതിരോധിക്കാൻ കഴിയുന്നതാണ് ചേലക്കരയിലെ രാഷ്ട്രീയ വിജയമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ.
Read More
- Palakkad By Election Result: കരിമ്പനകളുടെ നാട്ടിൽ രാഹുൽ രചിച്ചത് പുതുചരിതം
- KeralaBypolls Election Results: ത്രില്ലർ തിരഞ്ഞെടുപ്പിനൊടുവിൽ, എല്ലാം പഴയപടി
- Wayanad By Election Result: വയനാടിന്റെ പ്രിയങ്കരി, കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധിയെ ചേർത്തുപിടിച്ച് വയനാട്
- Palakkad By Election Result: ഷാഫിയുടെ സ്വന്തം രാഹുൽ; ഇനി പാലക്കാടിനെ നയിക്കും
- Chelakkara Bypoll Election Results: ചേലക്കര ചെങ്കോട്ട തന്നെ; രാധാകൃഷ്ണന്റെ പിൻഗാമിയായി യുആർ പ്രദീപ്
- Chelakkara Bypoll Election Results: ചേലക്കര ചെങ്കോട്ട തന്നെ; രാധാകൃഷ്ണന്റെ പിൻഗാമിയായി യുആർ പ്രദീപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.