/indian-express-malayalam/media/media_files/FZgFVDZoLe113Pa3lrD0.jpg)
കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് ബിജെപിക്ക് ആദ്യ അക്കൗണ്ട് നേടിക്കൊടുത്ത സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വത്തിന് ഏറെ സ്വീകാര്യനാണ്
ന്യൂഡൽഹി: 'സിനിമയില്ലെങ്കിൽ താൻ ചത്തുപോകും'-അടുത്തിടെ ഫിലിം ചേമ്പർ കൊച്ചിയിൽ വെച്ചുനൽകിയ സ്വീകരണ യോഗത്തിൽ സുരേഷഗോപി നടത്തിയ പരാമർശം ഇപ്പോൾ ഇന്ദ്രപ്രസ്ഥം വരെ ചർച്ചയായിരിക്കുകയാണ്. മന്ത്രി സ്ഥാനവും സിനിമാഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്നതിന് നടൻ സുരേഷ് ഗോപിക്ക് ബിജെപി കേന്ദ്ര നേതൃത്വം അനുമതി നൽകില്ലെന്നാണ് സൂചന.
കൂടാതെ മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതോടെ അഭിനയവും മന്ത്രിസ്ഥാനവും ഒരുമിച്ചുകൊണ്ട് പോകാൻ സുരേഷ് ഗോപിക്ക് കഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്
ഫിലിം ചേമ്പർ നൽകിയ സ്വീകരണത്തിൽ സുരേഷ ഗോപി നടത്തിയ പ്രസംഗത്തിൽ കടുത്ത അതൃപ്തിയിലാണ് കേന്ദ്രനേതൃത്വം.പ്രസംഗത്തിൽ അമിത്ഷായുടെ പേരെടുത്ത് പരാമർശിച്ചതിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. നിലവിലെ നിയമങ്ങൾ മന്ത്രിസ്ഥാനത്തിരുന്ന് മറ്റ് ജോലികൾ ചെയ്യാൻ അനുവദിക്കുന്നില്ല. കൂടാതെ സുരേഷ് ഗോപിക്ക് മാത്രമായി ഇളവുനൽകിയാൽ അത് പാർട്ടിക്കുള്ളിൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.നിലവിൽ മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധിപേരാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. സുരേഷ് ഗോപിക്ക് ഇളവുനൽകിയാൽ മറ്റുള്ളവരും തങ്ങളുടെ ജോലിയിലേക്ക് കടക്കാൻ അനുമതി തേടാൻ സാധ്യതയുണ്ടെന്നും ഇത് ഭാവിയിൽ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.
കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് ബിജെപിക്ക് ആദ്യ അക്കൗണ്ട് നേടിക്കൊടുത്ത സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വത്തിന് ഏറെ സ്വീകാര്യനാണ്. പക്ഷെ നിലവിലെ സാഹചര്യത്തിൽ സിനിമാഭിനയത്തിന് അനുമതി നൽകാൻ കഴിയാത്ത സാഹചര്യമാണ് കേന്ദ്ര നേതൃത്വത്തിന് മുന്നിലുള്ളതെന്നാണ് വിവരം.അതേ സമയം, സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ താൽപ്പര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.'അദ്ദേഹത്തിൻറെ താൽപ്പര്യത്തിന് കേന്ദ്രമാണ് മറുപടി നൽകേണ്ടത്. സംസ്ഥാന ഘടകത്തിന് ഇക്കാര്യത്തിൽ അഭിപ്രായം പറയാനാകില്ല'.-കെ സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപി പറഞ്ഞത്
'സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല. പക്ഷേ സെപ്റ്റംബർ ആറാം തിയതി ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എല്ലാവരുടെയും ആശീർവാദം ഉണ്ടാകണം'-ബുധനാഴ്ച സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണിത്. 'എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു. 22 എണ്ണമെങ്കിലും ചെയ്യേണ്ടി വരുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം ആ പേപ്പറ് കെട്ട് അങ്ങനെ അങ്ങ് എടുത്ത് സൈഡിലേക്ക് എറിഞ്ഞു.പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ സെപ്റ്റംബർ ആറിന് ഇങ്ങോട്ടു പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയിൽ നിന്നുള്ള മൂന്നോ നാലോ പേർക്കൊരു ക്യാബിൻ ഞാനോ നിർമാതാവോ എടുത്ത് കൊടുക്കണം. ഇനി അതിന്റെ പേരിൽ പറഞ്ഞയയ്ക്കുമെങ്കിൽ ഞാൻ ഞാൻ രക്ഷപ്പെട്ടു. തൃശൂരുകാരെ എനിക്ക് കൂടുതൽ പരിഗണിക്കാൻപറ്റും. ഞാൻ ഇതൊന്നും ആഗ്രഹിച്ചതുമല്ല,മോഹിച്ചതുമല്ല. എന്റെ വിജയം ഒരു ചരിത്രമാണെന്ന് അവർ പറഞ്ഞു. അതിന്റെ മഹത്വം പറഞ്ഞപ്പോൾ എനിക്ക് വഴങ്ങേണ്ടി വന്നു. ഞാൻ എന്നും എന്റെ നേതാക്കളെ അനുസരിക്കും. സിനിമ എനിക്കു പാഷനാണ്. അതില്ലെങ്കിൽ ഞാൻ ചത്തുപോകും'.സുരേഷ് ഗോപി പറഞ്ഞതിങ്ങനെയാണ്.
സുരേഷ് ഗോപി നായകനായി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിൽ ഒറ്റക്കൊമ്പനാണ് ഏറ്റവും പ്രധാനപ്പെട്ടത്. സെപ്റ്റംബർ ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ അദ്ദേഹം ആറാം തീയതിയോട് കൂടി ചേരുമെന്നാണ് വിവരം. മാത്യൂസ് തോമസ് സംവിധാനം നിർവഹിക്കുന്ന സിനിമയാണിത്. 2020ൽ പ്രഖ്യാപിച്ച ചിത്രം അനിശ്ചിതകാലത്തേക്ക് മുടങ്ങുകയായിരുന്നു. പൃഥ്വിരാജ് നായകനായ 'കടുവ' എന്ന സിനിമയുമായി ഒറ്റക്കൊമ്പനു സമാനതകൾ ഉണ്ടാകുന്നു എന്നതായിരുന്നു പ്രധാന ആരോപണം. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ചിത്രം, മമ്മുട്ടി കമ്പനി നിർമിക്കുന്ന ചിത്രം ഒരുപിടി ചിത്രങ്ങളാണ് കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപിയെ കാത്തിരിക്കുന്നത്.
അതേ സമയം,കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച കേന്ദ്ര സംസ്ഥാന മന്ത്രിമാർക്കുള്ള നിർദേശത്തിലും മന്ത്രിമാർ മറ്റ് ജോലിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശിക്കുന്നു. ബിസിനസ്, ജോലി എന്നിവയിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Read More
- ഞാൻ പേരുകേട്ട, വെറുക്കപ്പേടേണ്ട പിണക്കക്കാരൻ, പഴം കിട്ടാത്തതിന് പിണങ്ങി പോയിട്ടുണ്ട്: സുരേഷ് ഗോപി
- ഹേമാ കമ്മിറ്റി റിപ്പോർട്ട്; നിർണായക ഭാഗങ്ങൾ വെട്ടിമാറ്റി
- നിശബ്ദത പരിഹാരമല്ല; ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശേരി
- പോലീസിൽ പരാതി നൽകേണ്ടതും ഇരകളോ? ചോദ്യവുമായി പാർവ്വതി തിരുവോത്ത്
- വേട്ടക്കാരെ ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രി; അന്വേഷണം നടന്നില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കെന്ന് വി.ഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us