/indian-express-malayalam/media/media_files/Yim4oFSj9u4Dw5jTjdn7.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം ബജറ്റിൽ പരിഗണിച്ചിട്ടില്ല. കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന കിട്ടിയിട്ടില്ല. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടുള്ളതായി കാണുന്നില്ലെന്നും ഇടക്കാല ബജറ്റിനെ നിശിതമായി വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റ്, ഈ വഴിക്കുള്ള ഏതു നീക്കത്തിനും അവശ്യം ആവശ്യമായുള്ളതു സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയാണെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നു. മേഖലാപരമായ അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നതും സംസ്ഥാന താൽപര്യങ്ങളെ നിഹനിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളും. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. മൂലധന ചിലവുകൾക്കായി സംസ്ഥാനങ്ങൾക്കു പൊതുവിൽ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം നീക്കിവെച്ചതിനെ അപേക്ഷിച്ച് കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സർക്കാർ ചിലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്‌സ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പട്ടികജാതി - പട്ടികവർഗ്ഗ വികസനം തുടങ്ങിയവയുടെ ഒക്കെ കാര്യത്തിൽ ഇതാണ് അവസ്ഥ. വളം, ഭക്ഷ്യധാന്യം, തൊഴിലുറപ്പ്, തുടങ്ങിയവയ്ക്കായുള്ള ചിലവാക്കൽ കുറച്ചിരിക്കുകയാണ്. തൊഴിൽ വർദ്ധിപ്പിക്കൽ എന്ന വാഗ്ദാനം ഉപേക്ഷിച്ച മട്ടാണ്. സ്വയം തൊഴിലിന് കോർപ്പസ് ഫണ്ട് എന്നതിൽ ഇതാണു തെളിയുന്നത്.
ഇലക്ഷൻ വർഷമായിട്ടുകൂടി രാജ്യത്തെ സാധാരണക്കാരുടെയോ കേരളത്തിന്റെയോ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതിൽ നിന്നുതന്നെ ഇന്നാട്ടിലെ പാവപ്പെട്ടവരോടും നമ്മുടെ സംസ്ഥാനത്തോടും എന്തു സമീപനമാണ് ബി ജെ പി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നത് കൂടുതൽ വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്തിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പൂർണ്ണമായും അവഗണിക്കുന്ന ഇടക്കാല ബജറ്റാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. വലിയ തരത്തിലുള്ള ചില പ്രഖ്യാപനങ്ങളിലൊതുങ്ങുന്ന ബജറ്റിൽ സാമ്പത്തികമായി പ്രയോജനം ചെയ്യുന്ന തരത്തിൽ ഒന്നുമില്ലെന്നും സംസ്ഥാന ധനമന്ത്രി വിമർശിച്ചു. പല പ്രധാന പദ്ധതികളുടേയും തുക വെട്ടിക്കുറച്ചുകൊണ്ട് താഴേത്തട്ടിൽ വലിയ ദോഷം ചെയ്യുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉള്ളതെന്നും മന്ത്രി പ്രതികരിച്ചു.
കേരളത്തിന്റെ പല ന്യായമായ ആവശ്യങ്ങളും ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല. എയിംസും റെയിൽവേ സംബന്ധിച്ച ആവശ്യങ്ങളും സംസ്ഥാനം കാലങ്ങളായി ആവശ്യപ്പെടുന്നതാണെങ്കിലും ഇത്തവണയും അതൊന്നും പരിഗണിക്കാതെ കേരളത്തോട് കടുത്ത അവഗണനയാണ് ബജറ്റിൽ കാണിച്ചിരിക്കുന്നത്. ബജറ്റിലെ ചില പ്രഖ്യാപനങ്ങളിലൂടെ കേന്ദ്ര വിഹിതങ്ങളുടെ അളവിലും വലിയ കുറവുണ്ടാകുമെന്നും ഇത് കൂടി കണക്കിലെടുത്താവും സംസ്ഥാന ബജറ്റെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റിനെ വളരെ രൂക്ഷമായ ഭാഷയിലാണ് മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ടി എം തോമസ് ഐസക് വിമർശിച്ചത്. നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് തീർത്തും ജനവിരുദ്ധമാണെന്നും പ്രഖ്യാപനങ്ങളുടെ വെറും വാചക മേള മാത്രമായി ബജറ്റ് ഒതുങ്ങിയെന്നും ഐസക് കുറ്റപ്പെടുത്തി. മനുഷ്യന് തിന്നാൻ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ പാചകത്തിൽ കാര്യമുള്ളൂവെന്നും ബജറ്റിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പല കാര്യങ്ങളിലും കേരളത്തെ അകാരണമായി കുറ്റപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ കേരളത്തെ തകർക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും വരാൻ പോകുന്ന കേരള ബജറ്റുമായി കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റ് താരതമ്യം ചെയ്ത് നോക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഭരണത്തിന് മുമ്പുള്ള പത്ത് വർഷം രാജ്യത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. നാഗ്പൂരിന്റെ നിർദ്ദേശം അനുസരിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ തോന്നുംപോലെ കൈകാര്യം ചെയ്യുകയാണ് പ്രധാനമന്ത്രി. ഈ തരത്തിൽ എല്ലാ മേഖലകളിലും രാജ്യത്തെ കാര്യങ്ങൾ തകർത്തുകൊണ്ട് അമൃത് കാലമെന്നാണ് മോദി പറയുന്നതെന്നും കേന്ദ്രത്തിന്റേത് എല്ലാ തരത്തിലും ജനവിരുദ്ധമായ ബജറ്റാണെന്നും ഐസക് വിമർശിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.