/indian-express-malayalam/media/media_files/2025/04/17/OJjg5l2Y8IxW8a5pDqjC.jpg)
മുനമ്പം വിഷയത്തിൽ പ്രതിരോധത്തിലായി ബി.ജെ.പി
എന്താണ് കേന്ദ്രമന്ത്രി മുനമ്പത്ത് പറഞ്ഞത്
വഖഫ് ബിൽ പാസാക്കിയതിന്റെ നന്ദിസൂചകമായി മുനമ്പത്ത് എൻ.ഡി.എ. നടത്തിയ നന്ദി മോദി പരിപാടിയിൽ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി എത്തിയത്. വഖഫ് ബിൽ പാസായാൽ മുനമ്പം നിവാസികൾക്ക് തങ്ങളുടെ ഭൂമിയുടെ മേലുള്ള അവകാശം തിരികെ ലഭിക്കുമെന്ന് തരത്തിലുള്ള പ്രചാരണമാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായാണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ തന്നെ മുനമ്പത്ത് പരിപാടിയുടെ ഉദ്ഘാടകനായി കൊണ്ടുവന്നത്.
വഖഫ് ഭേദഗതി നിയമത്തിന് മുനമ്പം ഭൂമി വിഷയത്തിൽ അനുകൂലമായ മുൻകാല പ്രാബല്യം ലഭിക്കുമോയെന്നതിൽ ഇപ്പോൾ ഉറപ്പുപറയാനാകില്ലെന്നാണ് കിരൺ റിജിജു മുനമ്പത്ത് പറഞ്ഞത്. നീതി ലഭിക്കും വരെ മുനമ്പം നിവാസികൾ പോരാട്ടം തുടരേണ്ടി വരും. വഖഫ് നിയമത്തിന്റെ ചട്ടങ്ങൾ രൂപവത്കരിച്ചു കഴിഞ്ഞാൽ മുനമ്പം നിവാസികളുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും റിജിജു പറഞ്ഞു. ഇതോടെയാണ് കാര്യങ്ങൾ ആകെ തകിടം മറിഞ്ഞത്.
കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മുനമ്പം സമരസമിതി തന്നെയാണ് ആദ്യം രംഗത്തെത്തിയത്. ഇതിനുപിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കത്തോലിക്ക സഭാ നേതൃത്വവും രംഗത്തെത്തി. ഇതാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനെ പ്രതിരോധത്തിലാക്കിയത്.
ആശങ്ക പരിഹരിച്ചില്ലെന്ന് കത്തോലിക്ക സഭ
മുനമ്പം വിഷയത്തിലെ ആശങ്കകൾ പരിഹരിച്ചിട്ടില്ലെന്ന് മന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ സീറോ മലബാർ സഭ വ്യക്തമാക്കി. ഇത് ആശങ്കയും ബുദ്ധിമുട്ടും ഉളവാക്കുന്ന കാര്യമാണെന്ന് ഫാ. ആന്റണി വടക്കേക്കര മാധ്യമങ്ങളോട് പറഞ്ഞു. ഈ കാര്യത്തിൽ നിയമപരമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് സഭ മുന്നിൽ കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പം സന്ദർശിച്ച കേന്ദ്ര മന്ത്രിയിൽ നിന്നും വലിയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും മുനമ്പം സമരസമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യറും മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഷ്ട്രീയായുധമാക്കി എൽഡിഎഫും യുഡിഎഫും
കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബി.ജെ.പി.യെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം രംഗത്തെത്തിയത്.മുനമ്പത്ത് ബിജെപിയും സംഘപരിവാറും കുളം കലക്കി മീൻപിടിക്കാനാണ് ശ്രമിച്ചതെന്നും വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം വിഷയത്തിന്റെ പൂർണ പരിഹാരമാകും എന്ന് ചിലർ പ്രചരണം നടത്തിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഖഫ് നിയമ ഭേദഗതി ബിൽ പുർണ പരിഹാരം എന്നു പറഞ്ഞത് പൂർണ തട്ടിപ്പാണെന്ന് ഇപ്പോൾ വ്യക്തമായി. പുതിയ നിയമം ഭരണഘടനയുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ പറഞ്ഞ കാര്യം തന്നെയാണ് കേന്ദ്രവും ഇപ്പോൾ പറയുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
വഖഫ് നിയമം പറഞ്ഞ് ബി.ജ.പി. മുനമ്പത്തുകാരെ വഞ്ചിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് നിയമവും മുനമ്പവും തമ്മിൽ ബന്ധമില്ലെന്നു കേന്ദ്രമന്ത്രി തന്നെ സമ്മതിച്ചതോടെ കേന്ദ്ര സർക്കാരിന്റെ കള്ളി വെളിച്ചത്തായെന്നും അദ്ദേഹം പറഞ്ഞു.
Read More
- Waqf Amendment വഖഫ് നിയമഭേദഗതി; മുസ്ലീം ജനവിഭാഗത്തിനിടയിൽ പ്രചാരണവുമായി ബി.ജെ.പി.
- Waqf Amendment Bill: വഖഫ് നിയമഭേദഗതി; സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കിയേക്കും
- Waqf Amendment Bill: മുസ്ലീങ്ങളെ ഹിന്ദു ട്രസ്റ്റുകളുടെ ഭാഗമാക്കാൻ അനുവദിക്കുമോ? കേന്ദ്രത്തോട് സുപ്രീം കോടതി
- Waqf Amendment Bill: പശ്ചിമബംഗാളിലെ കലാപത്തിന് പിന്നിൽ സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രചാരണമെന്ന് പോലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.