/indian-express-malayalam/media/media_files/uploads/2018/06/binoy-viswam-.jpg)
ഫയൽ ചിത്രം
കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്. കാനം രാജേന്ദ്രൻ്റെ വിയോഗത്തോടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ പാർട്ടി ഏൽപ്പിക്കുന്നത്. കോട്ടയത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് നിർണായക തീരുമാനം. തീരുമാനം ഐക്യകണ്ഠേനയാണെന്നും സംഘാടകനെന്ന നിലയിൽ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വമെന്നും ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു.
"പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാൻ ബിനോയ് വിശ്വത്തിന് കഴിയും. മറ്റൊരു പേരും ചർച്ചയിൽ വന്നില്ല. ഡിസംബർ 28ന് ചേരുന്ന സംസ്ഥാന കൗൺസിൽ തീരുമാനത്തിന് അംഗീകാരം നൽകും. കാനം രാജേന്ദ്രന്റെ വിയോഗം കനത്ത നഷ്ടമാണ്. അദ്ദേഹം തൊഴിലാളി വർഗത്തിനായി നിലകൊണ്ട നേതാവാണ്," ഡി രാജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇത് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തമാണെന്നും കഴിവിനൊത്ത് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. "ഈ തീരുമാനത്തിന് സംസ്ഥാന കൗൺസിൽ അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരഥന്മാർ ഇരുന്ന കസേരയിൽ ഇരിക്കാൻ അവരുടെയത്ര യോഗ്യനല്ല താൻ. എന്നാൽ കഴിവിനൊത്ത് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും.
പാർട്ടി അർപ്പിച്ച കർത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കും. സിപിഐയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന അതേ അളവിൽ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും ശ്രമിക്കും. ഇടയ്ക്ക് വിമർശിക്കാറുണ്ടെങ്കിലും മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൽകിയ പിന്തുണയെ കുറിച്ച് നല്ല ബോധ്യം തനിക്കുണ്ട്. കാനത്തിന്റെ ചികിത്സയ്ക്കായി അമൃത ആശുപത്രിയും ജീവനക്കാരും നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ട്.," ബിനോയ് വിശ്വം പ്രതികരിച്ചു.
Read More related News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.