scorecardresearch

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; ഈ മാസത്തെ മൂന്നാമത്തെ മരണം

കഴിഞ്ഞ എട്ട് ദിവസത്തിനിടെ പത്ത് പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്

കഴിഞ്ഞ എട്ട് ദിവസത്തിനിടെ പത്ത് പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്

author-image
WebDesk
New Update
amobeic11

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം

കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48കാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. കശുവണ്ടി തൊഴിലാളിയായിരുന്നു മരിച്ച സ്ത്രീ. സെപ്തംബർ 23ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. സംസ്ഥാനത്ത് ഈ മാസത്തെ മൂന്നാമത്തെ മസ്തിഷ്‌ക ജ്വര മരണമാണിത്.

Advertisment

Also Read:ശബരിമല സ്വർണ കവർച്ച; അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും

കഴിഞ്ഞ എട്ട് ദിവസത്തിനിടെ പത്ത് പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. ഈ വർഷം ഇതുവരെ 98 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 22 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. കാലിന് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ 57 കാരനായ നിർമാണത്തൊഴിലാളിയ്ക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. വാമനപുരം, വിഴിഞ്ഞം, വർക്കല സ്വദേശികൾക്കും കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചിരുന്നു.

Also Read:സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; നാലിടങ്ങളിൽ യെല്ലോ അലർട്ട്

മലപ്പുറത്തെ പാണക്കാട്, മാറഞ്ചേരി സ്വദേശികൾക്കും കോഴിക്കോട് തിരുവാങ്ങൂർ, കൊളത്തൂർ എന്നിവിടങ്ങളിലും ആലപ്പുഴയിലെ തണ്ണീർമുക്കത്തും രോഗം സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നത്. എന്നാൽ മലിനജലത്തിൽനിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല കിണർവെള്ളത്തിൽ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കയാണുണ്ടാക്കുന്നത്.

Advertisment

കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ചൂട് കൂടിയത് രോഗകാരിയായ അമീബയുടെ സാന്നിധ്യം വർധിപ്പിച്ചു. സമാനമായ ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള പരിശോധന നടത്തുന്നത് കൂടുതൽ കേസുകൾ കണ്ടെത്താൻ സഹായകമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Also Read:കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ്; വിവരം പൂഴ്ത്തിവച്ചുവെന്ന് കോൺഗ്രസ്

നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബകളാണ് പ്രധാനമായും രോഗത്തിനിടയാക്കുന്നത്. വെള്ളത്തിലൂടെ മാത്രം ശരീരത്തിലെത്തുന്ന നേഗ്ലെറിയ ഫൗലേറിയാണ് ഏറ്റവും അപകടകരം. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. ഇതൊരു പകർച്ചവ്യാധിയല്ല.

അമീബ ശരീരത്തിൽ പ്രവേശിച്ച് ഒന്നുമുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത തലവേദന, പനി, ഛർദി, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുമ്പോൾ അസഹ്യമായ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളോടെ മെനിഞ്ചൈറ്റിസ് ബാധിച്ചാണ് രോഗികളെല്ലാം ആശുപത്രിയിൽ എത്തുന്നത്. മെനിഞ്ചൈറ്റിസിനുള്ള ചികിത്സ നൽകിയിട്ടും രോഗം ഭേദമാകാത്ത സാഹചര്യത്തിലാണ് അമീബിക് മസ്തിഷ്‌കജ്വരമാണോയെന്ന് തിരിച്ചറിയാൻ സ്രവ പരിശോധന നടത്തുന്നത്.

Read More: ആശങ്ക സൃഷ്ടിച്ച് അമീബിക് മസ്തിഷ്‌ക ജ്വരം; അറിയണം മുൻകരുതലുകൾ

Kerala Health Department Kollam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: