scorecardresearch

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ഫീല്‍ഡുതല പഠനം ആരംഭിച്ച് ആരോഗ്യ വകുപ്പ്

ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും സംയുക്തമായാണ് ഫീല്‍ഡുതല പഠനം

ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും സംയുക്തമായാണ് ഫീല്‍ഡുതല പഠനം

author-image
WebDesk
New Update
amoebic meningoencephalitis1

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനം ആരംഭിച്ചു. കോഴിക്കോടാണ് ഫീല്‍ഡുതല പഠനം ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും. 

Advertisment

ആരോഗ്യ വുപ്പിന്റെ നേതൃത്വത്തില്‍ 2024 ഓഗസ്റ്റ് മാസത്തില്‍ കേരളത്തിലേയും ഐ.സി.എം.ആര്‍., ഐ.എ.വി., പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പഠനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ ഫീല്‍ഡുതല പഠനം.

അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കും പ്രതിരോധത്തിനും കേരളം ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദ്യം തന്നെ രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ഇടപെടലുകള്‍ ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. ആഗോള തലത്തില്‍ 99 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 24 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. മസ്തിഷ്‌കജ്വരം ബാധിക്കുന്നവര്‍ക്ക് അമീബിക്ക് മസ്തിഷ്‌ക ജ്വരം പരിശോധനകള്‍ കൂടി നടത്താന്‍ നേരത്തെതന്നെ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.  

Also Read: വിവാഹിതരായിട്ട് 7 മാസം, എല്ലാം തകർത്ത് അപകടം: ബൈക്കിൽ കാറിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം

Advertisment

രാജ്യത്തെ തന്നെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്‍പശാല നടത്തി ആദ്യമായി അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനായി പ്രത്യേകം പ്രോട്ടോകോള്‍ പുറപ്പെടുവിച്ചു. ഈ പ്രവര്‍ത്തനങ്ങളിലൂടെ നേരത്തെ രോഗം കണ്ടെത്താനും അനേകം പേരെ ചികിത്സിച്ച് ഭേദമാക്കാനും സാധിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും മൈക്രോബയോളജി വിഭാഗത്തില്‍ അമീബ കണ്ടെത്താനുള്ള സംവിധാനമുണ്ട്. 

ഇതനുസരിച്ച് ചികിത്സ തുടങ്ങാനാകും. അമീബ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് ഏത് അമീബയാണെന്ന് കണ്ടെത്താനുള്ള സ്പീഷീസ് ഐഡന്റിഫിക്കേഷനും മോളിക്യുലാര്‍ സങ്കേതത്തിലൂടെ അമീബയുടെ രോഗ സ്ഥിരീകരണവും നടത്താനുള്ള സംവിധാനം തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. തോന്നയ്ക്കല്‍ ഐ.എ.വി.യിലും ഇതിനുള്ള സംവിധാനം ഒരുക്കി വരുന്നു. 

Also Read: മോൻത ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് അടുക്കുന്നു; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമായി. 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലാര്‍ സംവിധാനം ഇവിടെ സജ്ജമാണ്. അതേ സമയം രാജ്യത്തെ ഭൂരിഭാഗം ലാബുകളിലും 3 തരം അമീബകളെ മാത്രം കണ്ടെത്താനുള്ള സംവിധാനമാണുള്ളത്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗങ്ങള്‍ ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് 'ജലമാണ് ജീവന്‍' ക്യാമ്പയിന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

അമീബിക്ക് മസ്തിഷ്‌കജ്വരം - പ്രതിരോധ മാര്‍ഗങ്ങള്‍

  • നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക. 
  • നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക.
  • ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ സൂക്ഷിക്കുക.
  • ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.
  • നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷന്‍ ചെയ്ത്, ശരിയായ രീതിയില്‍ പരിപാലിക്കണം.
  • സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.
  • തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ മൂക്കില്‍ ഒഴിക്കരുത്.
  • ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/ മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.
  • ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക
  • പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.
  • ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോള്‍ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.
  • പ്രതിരോധ ശേഷി കുറഞ്ഞ രോഗികള്‍ ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് മാത്രമേ വ്രണങ്ങള്‍ കഴുകി വൃത്തിയാക്കാന്‍ പാടുള്ളൂ.

Read More: മോൻത ചുഴലിക്കാറ്റ്: 60-ലധികം ട്രെയിനുകൾ റദ്ദാക്കി റെയിൽവേ; വിമാന സർവീസുകളും തടസപ്പെട്ടു

Kerala Health Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: