/indian-express-malayalam/media/media_files/TdBUSR9IrsSpN8BmpDYC.jpg)
എഡിജിപിയ്‌ക്കെതിരെ ആരോപണവുമായി പിവി അൻവർ തിങ്കളാഴ്ചയും രംഗത്തെത്തി
കോട്ടയം: എഡിഡിപി എംആർ അജിത് കുമാറിന് എതിരെ പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. "എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കും. ഒരു മുൻവിധിയും ഉണ്ടാവില്ല. ചില പ്രശ്‌നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രശ്‌നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ല".-മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. വേദിയിൽ എഡിജിപിയും എത്തിയിരുന്നു. അതേ സമയം എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോഴും ആഭ്യന്തര വകുപ്പിനെ സമ്മർദ്ദത്തിലാക്കിയ പിവി അൻവറിനെതിരെ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പരാമർശങ്ങൾ ഉണ്ടായില്ല.
"അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്ന് വ്യതിചലിക്കതെ പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടവരാണ് പൊലീസ് സേനയിൽ ഉള്ളവർ. മുൻ കാലത്ത് മർദ്ദന ഉപകരണങ്ങൾ ആയിരുന്നു പൊലീസ്. അതിൽ നിന്നു മാറി ജനസേവകരായി പൊലീസ് മാറി. മാറ്റങ്ങൾക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. ഇവരാണ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നത്. ഇവരെ കുറിച്ച് സർക്കാരിന് വിവരമുണ്ട്. സേനയിലെ പുഴുക്കുത്തുക്കളെ സേനയിൽ നിന്നു ഒഴിവാക്കി. ഇത്തരക്കാരെ സർവീസിൽ വേണ്ട എന്ന നിലപാടാണ് സർക്കാരിനുള്ളത്."-മുഖ്യമന്ത്രി കൂട്ടിചേർത്തു.
അതേസമയം, എഡിജിപിയ്‌ക്കെതിരെ ആരോപണവുമായി പിവി അൻവർ തിങ്കളാഴ്ചയും രംഗത്തെത്തി. സോളാർ കേസ് അട്ടിമറിക്കുന്നതിന് എഡിജിപി കൂട്ടുനിന്നെന്ന് അൻവർ ആരോപിച്ചു. "കവടിയാർ കൊട്ടാരത്തിനടുത്ത് എഡിജിപി കൊട്ടാരസമാനമായ വീട് പണിയുന്നുണ്ട്. എഡിജിപിയുടെ സംഘം വിമാനതാവളത്തിൽ നിന്ന് സ്വർണം കടത്തി"- അൻവർ ആരോപിച്ചു.
അതേസമയം, സഹായം അഭ്യർഥിച്ച് പിവി അൻവർ എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ട പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്നാണ് വിവരം. നേരത്തെ സുജിത്ത് ദാസ് നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. നേരത്ത, മുഖ്യമന്ത്രി പിണറായി വിജയനുമായി പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് കൂടിക്കാഴ്ച നടത്തിയിരുന്നു. കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
ആരോപണം വന്ന വഴി
എഡിജിപി എംആർ അജിത്ത് കുമാറിനെതിരെയാണ് ഗുരുതര ആരോപണവുമായി പിവി അൻവർ ഞായറാഴ്ച രംഗത്തെത്തിയത്. എഡിജിപി എം ആർ അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്നും, സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും, മുമ്പ് കസ്റ്റംസിൽ ജോലി ചെയ്തിരുന്ന എസ് പി സുജിത് ദാസുമായി ചേർന്നാണ് ഓപ്പറേഷൻ നടത്തിയിരുന്നതെന്നുമാണ് അൻവർ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാജയമാണെന്നും അൻവർ ആരോപിച്ചിരുന്നു.
ശനിയാഴ്ച എസ്പി സുജിത്ത് ദാസുമായി നടത്തിയ ഫോൺസംഭാഷണവും അൻവർ പുറത്തുവിട്ടിരുന്നു.എസ്പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയ കേസിലെ പരാതി പിൻവലിച്ചാൽ ജീവിതകാലം മുഴുവൻ താൻ പിവി അൻവർ എംഎൽഎയോട് കടപ്പെട്ടിരിക്കുമെന്ന് എസ്പി സുജിത് ദാസ് സംഭാഷണത്തിൽ പറയുന്നുണ്ട്. മുുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തികൊടുക്കുന്നതിനാൽ അജിത് കുമാർ പോലീസിൽ സർവശക്തനാണെന്ന് ഫോൺ സംഭാഷണത്തിൽ സുജിത് ദാസ് അൻവറിനോട് പറയുന്നുണ്ട്. ഇതേ തുടർന്നാണ് ആരോപണം ശക്തമായത്.
സർക്കാർ പരിശോധിക്കും
പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആവശ്യമായ രീതിയിലുള്ള ഗൗരവത്തോടുകൂടിത്തന്നെ, എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ എല്ലാ നിലപാടുകളും സ്വീകരിക്കുമെന്ന് ഗോവിന്ദൻ വ്യക്തമാക്കി.
Read More
- പരാതി പിൻവലിക്കാൻ എംഎൽഎയെ വിളിച്ച സംഭവം;എസ്പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്
- എഡിജിപി എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ
- എഡിജിപിയ്‌ക്കെതിരെ ആരോപണവുമായി എസ്പി;വകുപ്പ് തല അന്വേഷണം നടത്തും
- ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി
- യുവാവിന്റെ പരാതി:രഞ്ജിത്തിനെതിരെ കേസെടുത്തു
- 'കാരവാനിൽ വരെ ഒളിക്യാമറ';വെളിപ്പെടുത്തലുമായി നടി രാധികാ ശരത്കുമാർ
- ലൈംഗികാതിക്രമണ പരാതി; ലോയേഴ്സ് കോണ്ഗ്രസ് നേതാവിന്റെ അറസ്റ്റു തടഞ്ഞ് കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.