/indian-express-malayalam/media/media_files/2024/12/04/Ng4fwZYI8TxAoFBhM0KH.jpg)
ആലപ്പുഴയിലെ അപകടത്തിന്റെ ദൃശ്യം
ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച ആയുഷ് ഷാജിയുടേയും ബി.ദേവനന്ദന്‍റെയും സംസ്കാരം ഇന്ന് നടക്കും. ആയുഷിന്‍റെ സംസ്കാരം രാവിലെ 10 മണിക്ക് ആലപ്പുഴ കാവാലത്ത് നടക്കും. ദേവനന്ദിന്‍റെ സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് പാലാ മറ്റക്കരയിലെ തറവാട് വീട്ടിൽ നടക്കും. അപകടത്തിൽ മരിച്ച ശ്രീദേവ് വൽസൻ, പി.പി.മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് അബ്ദുൽ ജബ്ബാർ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചിരുന്നു. അതേസമയം, അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി 9.20 നായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഗുരുവായൂരിൽനിന്നു കായംകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വണ്ടാനത്തെ ഗവ.മെഡിക്കൽ കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്കു പോകുമ്പോഴായിരുന്നു അപകടം. കാറിൽ 11 പേരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്. 5 പേരാണ് അപകടത്തിൽ മരിച്ചത്. 6 പേർക്കു പരുക്കേറ്റു.
കളർകോട് അപകടത്തിന്റെ കാരണം വാഹനത്തിലെ അമിതഭാരമെന്നാണ് ആലപ്പുഴ ആർടിഒ വ്യക്തമാക്കിയത്. വാഹനത്തിന്റെ പഴക്കവും മഴയും അപകട കാരണമായെന്ന് ആർടിഒ പറഞ്ഞു. കാർ അമിത വേഗതയിലായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 14 വർഷം പഴക്കമുള്ള വാഹനമാണ്. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നു. റോഡിൽ വെളിച്ചക്കുറവ് ഉണ്ടായിരുന്നു. വാഹനം ഓവർലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആർടിഒ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.