/indian-express-malayalam/media/media_files/2025/08/08/litertaure-festival-2025-08-08-13-53-57.jpg)
സാർവദേശീയ സാഹിത്യോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ എഐ വീഡിയോയിൽ നിന്നുള്ള ചില ദൃശ്യങ്ങൾ
പച്ചവെള്ളം പോലെ മലയാളം പറയുന്ന ഷേക്‌സ്പിയർ, കേരളത്തിന്റെ തനതുകലകളെപ്പറ്റി ആധികാരികമായി സംസാരിക്കുന്ന സാക്ഷാൽ ഗബ്രിയേൽ ഗർസിയ മാർക്വേസ്, നാടിന്റെ ലഹരി വിരുദ്ധ പോരാട്ടത്തെ പിന്തുണച്ച് തന്റെ ചുരുട്ട് ഉപേക്ഷിച്ച് കേരളത്തിലേക്ക് വരാനൊരുങ്ങുന്ന ഷെർലക് ഹോംസ് ഇങ്ങനെ എഴുത്തിലൂടെ ലോകത്തെ വിസ്മയിച്ചവരെ പുനരാവിഷ്‌കരിക്കുകയാണ് കേരള സാഹിത്യ അക്കാദമി.
ചിങ്ങപ്പുലരിയിൽ ആരംഭിക്കുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ ലോകത്തെ വിസ്മയിപ്പിച്ച സാഹിത്യകാരൻമാരെയും കഥാപാത്രങ്ങളെയും പുനർജനിപ്പിച്ചത്. നെരുദയും ഷെർലക് ഹോസും ഹെമിംഗ്വേയുമെല്ലാം മണിമണിയായി മലയാളം പറഞ്ഞെത്തുമ്പോൾ കാണുന്നവരിലെല്ലാം കൗതുകം ഉണർത്തുകയാണ് ഈ എഐ വീഡിയോകൾ
സാഹിത്യോത്സവത്തിൽ എഐയ്‌ക്കെന്ത് കാര്യം ?
സാഹിത്യോത്സവത്തിൽ എഐയ്‌ക്കെന്ത് കാര്യം ഉണ്ടെന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാൽ ലോകം എഐയുടെ പിന്നാലെ പായുന്ന കാലത്ത് സാഹിത്യോത്സവത്തിലും നിർമിത ബുദ്ധിക്ക് ചെയ്യാനേറെ ഉണ്ടെന്നാണ് ഈ ആശയം മുന്നോട്ടുവെച്ച സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫീസറായ എൻ.ജി.നയനതാരയുടെ പക്ഷം.
Also Read: കാണാൻ കാഴ്ചകളേറെ...അറിയാം ആറൻമുളയുടെ പെരുമ
റീലുകളുടെ കാലത്ത് ചെലവു ചുരുക്കി സാഹിത്യോത്സവത്തിന്റെ സന്ദേശം എങ്ങനെയെത്തിക്കാമെന്ന ആലോചനയിലാണ് എഐ വീഡിയോയെന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് നയനതാര ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
വായനയിൽ നിന്ന് അകന്നുനിൽക്കുന്ന പുതുതലമുറയെ അവരിലേക്ക് ഇറങ്ങിചെന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക് അടുപ്പിക്കാമെന്ന ലക്ഷ്യത്തിലാണ് ഇങ്ങനെയൊരു ആശയം വിഭാവനം ചെയ്തതെന്നും നയനതാര പറഞ്ഞു.
ആശയങ്ങൾ പൂക്കുന്ന വീഡിയോകൾ
സാർവദേശീയ സാഹിത്യോത്സവത്തിന്റെ പ്രമോവീഡിയോ എന്നതിലുപരി സാമൂഹിക വിഷയങ്ങളുടെ ഉൾക്കാമ്പിലേക്ക് ഇറങ്ങുന്നതാണ് നിർമിത ബുദ്ധിയിൽ തയ്യാറാക്കിയ ഓരോ വീഡിയോകളും. മലയാള സാഹിത്യകാരന്മാരെ അവരുടെ ശബ്ദത്തിൽ പുനരാവിഷ്‌കരിക്കുന്നതിന് പരിമിതികൾ ഏറെയുണ്ട്. അവരുടെ ഭാഷ, വാക്കുകളുടെ ശൈലി എല്ലാം മലയാളികൾക്ക് സുപരിചിതമാണ്. ഈ പരിമിതി മറികടക്കുവാൻ കൂടി വേണ്ടിയാണ് വിശ്വസാഹിത്യകാരന്മാരെയും അവരുടെ കഥാപാത്രങ്ങളെയും ഉപയോഗിച്ചുള്ള എഐ വീഡിയോകൾ പുനരാവിഷ്‌കരിച്ചത്.
സ്ത്രീകൾക്ക് വേണ്ടി ചെറുകിട വായ്പാ പദ്ധതികൾ നടത്തുന്ന ഷൈലോക്ക്, തെയ്യത്തെയും മറ്റ് കേരളീയ കലാരൂപങ്ങളെയുംപ്പറ്റി വാചാലനാകുന്ന മാർക്വേസ്, ലഹരി വിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഷെർലക് ഹോംസ് ഇങ്ങനെ ഓരോ വീഡിയോയിലൂടെയും ഓരോ സന്ദേശങ്ങൾ പങ്കുവെയ്ക്കുന്നു.
Also Read:വി.എസ്.; കേരള രാഷ്ട്രീയത്തിലെ ഒറ്റയാൻ
വിശ്വസാഹിത്യകാരന്മാരെ അവതരിപ്പിക്കുന്നതിനൊപ്പം അവരുടെ കഥാപാത്രങ്ങളുടെ അടിസ്ഥാന സ്വഭാവത്തിൽ നിന്ന് മാറിയാൽ എങ്ങനെയെന്ന ചിന്തയാണ് ഇത്തരം വീഡിയോകൾക്ക് പിന്നിൽ.
ബഷീറും എംടിയും മാധവിക്കുട്ടിയും എല്ലാവരും ഉണ്ടിവിടെ
ഭാഷയുടെ അതിർവരമ്പില്ലാത്ത മലയാള സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്നതും എഐ വീഡിയോകളുടെ സഹായത്തിലാണ്. മലയാളത്തിന് എക്കാലവും ഉള്ള ബഷീർകാലത്തെയും എംടിയെന്ന പ്രപഞ്ചത്തെയുമെല്ലാം കോറിയിടുന്നത് നിർമിത സാങ്കേതിക വിദ്യയുടെ സഹായത്തിലാണ്.
ഗൃഹാതുരതയുടെ നീർമാതള ചുവട്ടിൽ നിന്നും സുധീരതയുടെ വൻകരയിലേക്ക് വളർന്ന മാധവികുട്ടിയെയും നിശബ്ദതയിൽ വാക്കുകളെ വിത്തായി വിതച്ച ബാലാമണിയമ്മയെയും രാജലക്ഷ്മിയെയുമെല്ലാം പുതുകാലത്തിന് പരിചയപ്പെടുത്തുന്നത് നിർമിത ബുദ്ധിയുടെ അനന്തസാധ്യതകളിലൂടെയാണ്. സാമൂഹിക പരിഷ്‌കരണത്തിന്റെ നെടുംതൂണുകളായ പണ്ഡിറ്റ് കെ.പി.കറുപ്പൻ, പൊയ്കയിൽ യോഹന്നാൻ തുടങ്ങിയവരെയും പുനരാവിഷ്‌കരിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യകളുടെ സന്നിവേശം
സാർവദേശീയ സാഹിത്യോത്സവത്തിന്റെ പ്രചാരണത്തിനായി ചെലവുകുറഞ്ഞ നിലവാരം പുലർത്തുന്ന പ്രചാരണ വീഡിയോയെന്ന ചിന്തയാണ് നയനതാരയെ നിർമിത ബുദ്ധി എന്ന ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്. നയനതാരയുടെ ആശയങ്ങൾക്ക് അനുയോജ്യമായ വീഡിയോകൾ സൃഷ്ടിക്കുന്നത് ഡിസൈനർ രാജേഷ് ചാലോടാണ്.
Also Read: കുറുവാ ദ്വീപ്; ഇത് തുമ്പികളുടെ പറുദീസാ...
ഒന്നിലേറെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് ഓരോ എഐ വീഡിയോകളും സൃഷ്ടിക്കുന്നത്. പിന്നീട് ശബ്ദലേഖനം നടത്തി എഡിറ്റ് ചെയ്താണ് ഓരോ വീഡിയോയും പുറത്തിറക്കുന്നത്.
പുതിയ കാഴ്ചപ്പാടുകൾ വേണം
സാഹിത്യോത്സവങ്ങളുടെ പ്രചാരണത്തിൽ പുതിയ കാഴ്ചപ്പാടുകൾ ആവശ്യമാണെന്ന് നയനതാര പറയുന്നു. "ചെലവുകുറഞ്ഞ മാധ്യമം ഉപയോഗിച്ചുള്ള സാഹിത്യോത്സവത്തിന്റെ പ്രചാരണത്തിനൊപ്പം നിർമിത ബുദ്ധിയെപ്പറ്റിയുള്ള മോശം കാഴ്ചപ്പാട് മാറ്റാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തിയത്. ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം ആവശ്യമാണ്. ഭയാശങ്കകൾ ഇല്ലാതെ മനുഷ്യനിർമിത ബുദ്ധിയെ സമീപിക്കാനാണ് ശ്രമിച്ചത്" - നയനതാര വ്യക്തമാക്കി.
ഓഗസ്റ്റ് 17 മുതൽ 21 വരെ തൃശൂരിലാണ് സാർവദേശീയ സാഹിത്യോത്സവം അരങ്ങേറുന്നത്. സാഹിത്യോത്സവം 17-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ, കുട്ടികളുടെ സാഹിത്യോത്സവം, കലാപരിപാടികൾ, നാടകങ്ങൾ തുടങ്ങി അറുപതോളം സെഷനുകളാണ് മൂന്നു വേദികളിലായി നടക്കുക. കഴിഞ്ഞ വര്‍ഷത്തെ സാഹിത്യോത്സവം ഏറെ പ്രശംസ നേടിയിരുന്നു.
Read More: വിസ്മയങ്ങൾ ഒളിപ്പിച്ച് വിഴിഞ്ഞം; ലോകത്തിന് അത്ഭുതം ഈ തുറമുഖം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.