/indian-express-malayalam/media/media_files/2024/11/29/S4XQgNLOtlYIai8lSEZq.jpg)
അഞ്ച് വർഷത്തിനിടെ ചരിഞ്ഞത് 140 നാട്ടാനകൾ
കൊച്ചി: കരിവീരനില്ലാത്ത പൂരവും ഉത്സവവും മലയാളിയ്ക്ക് സങ്കൽപ്പിക്കാനാവില്ല. എന്നാൽ, ആഘോഷങ്ങളിൽ നിന്ന് ആനകൾ അകലുകയാണ്. നാട്ടാനകളെ സംരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രത്യേക നിയമങ്ങളുള്ള കേരളത്തിൽ ആനകളുടെ മരണനിരക്ക് ഉയരുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ചരിഞ്ഞത് 140 നാട്ടാനകളാണ്. വനം വകുപ്പിന്റെ ഔദ്യോഗീക കണക്കുപ്രകാരം സംസ്ഥാനത്ത് ഇനി അവശേഷിക്കുന്നത് 381 നാട്ടാനകൾ മാത്രമാണ്.
ആയുസ്സ് കുറയുന്നു
2018 നവംബർ മുപ്പതിനാണ് സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാനങ്ങളിലെ നാട്ടാനകളുടെ കണക്കെടുക്കുന്നത്. 2018ലെ സർവേ റിപ്പോർട്ട് പ്രകാരം 521 നാട്ടാനകൾ ഉണ്ടായിരുന്നു. എന്നാൽ അഞ്ച് വർഷത്തിനിപ്പുറം വനം വകുപ്പിന്റെ കണക്കനുസരിച്ച് 381 ആനകൾ മാത്രമാണ് അവശേഷിക്കുന്നത്.
ആനകളുടെ സ്വാഭാവിക മരണം മുൻപൊക്കെ 60-62 വയസിലായിരുന്നെങ്കിൽ ഇപ്പോൾ 33-34 വയസിലാണ്. ആനകൾക്ക് നല്ല ചികിത്സ ലഭിക്കാത്തതും മരണകാരണമാകുന്നുണ്ടെന്ന് കോഴിക്കോട് ഡിഎഫ്ഒ വി പി ജയപ്രകാശ് പറഞ്ഞു.
"17 തരത്തിലുള്ള മരങ്ങളുടെ ഇല ആന കഴിക്കും. ആനയുടെ സ്വഭാവികമായുള്ള രോഗ പ്രതിരോധ ശേഷി വെള്ളത്തിൽ മുങ്ങി കിടക്കലാണ്. വെള്ളത്തിൽ മുങ്ങി കിടക്കുന്നതിലൂടെ രക്തയോട്ടം താരതമ്യേനെ വേഗത്തിലായി ആന സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കും. കാട്ടാനകൾക്ക് കിട്ടുന്ന ഇവയെല്ലാം പലയവസരങ്ങളിലും നാട്ടാനകൾക്ക് ലഭിക്കണമെന്നില്ല" വിപി ജയപ്രകാശ് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2017/01/captive-elephants.jpg)
2018 ൽ 523 ആനകൾ ഉണ്ടായിരുന്ന കേരളത്തിൽ അതേവർഷം മൂന്ന് ആനകൾ ചരിഞ്ഞു. 2019 ൽ 20 നാട്ടാനകളും 2021 ലെ കണക്കിൽ 29 ആനകളും ചരിഞ്ഞു. വർഷാ വർഷങ്ങളിൽ ഇല്ലാതായ ആനകളുടെ കണക്കുകൾ നോക്കിയാൽ അവശേഷിക്കുന്ന 381 ആനകളെ സംരക്ഷിക്കേണ്ടതും നിലനിർത്തേണ്ടതും ഏറ്റവും പ്രധാനമായിരിക്കുകയാണ്.
പലവിധ രോഗങ്ങൾ
ഹെർപീസ് വൈറസാണ് നാട്ടാനകളുടെ മരണത്തിന് കാരണമായ മറ്റൊരു പ്രധാന വില്ലൻ. പലപ്പോഴും പിടിയാനകൾ രോഗവാഹകരാകാറുണ്ട്. രോഗത്തിന് പ്രതിവിധി ഇനിയും കണ്ടെത്തിയിട്ടില്ലെന്നും ലീഡ് വൈൽഡ്ലൈഫ് മോണിറ്ററിങ് എക്‌സ്‌പേർട്ട് ഡോ. എം. ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
"തീറ്റ എടുക്കാതിരിക്കുക, കഴുത്തിലും മുഖത്തും നീരുണ്ടാകുക, നാക്കിൽ നീലനിറമുണ്ടാവുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ആരംഭം, തീവ്രം, അതിതീവ്രം എന്നിങ്ങനെ മൂന്നുരീതിയിൽ രോഗത്തെ തരംതിരിക്കുന്നു. അതിതീവ്രഘട്ടമെത്തിയാൽ ഒരുമണിക്കൂറിനകം മരണം സംഭവിക്കും. രോഗം മൂർച്ഛിച്ചാൽ ആന്തരിക രക്തസ്രാവമുണ്ടായി പെട്ടെന്ന് ആനകൾ ചരിയുന്ന സ്ഥിതിയാണ്" ഡോ. എം ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2018/03/Rukku.jpg)
ഇരണ്ടക്കെട്ട് നാട്ടാനകളുടെ മരണത്തിന് കാരണമാകാറുണ്ടെന്ന് വനം വകുപ്പ് വെറ്റിനററി സർജൻ ഡോ. അരുൺ സത്യൻ പറഞ്ഞു. "ആനയ്ക്ക് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ നൽകുന്നതുവഴി ആനയ്ക്ക് ഇരണ്ടക്കെട്ട് വരികയും, മറ്റ് അസുഖങ്ങൾ വരികയും പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ അസുഖ ബാധിതരായ നാട്ടാനകൾക്ക് ലഭിക്കുന്ന തെറ്റായ ചികിത്സയും പലപ്പോഴും അവയുടെ ആരോഗ്യം ക്ഷയിക്കാൻ കാരണമാകുന്നു" ഡോ. അരുൺ പറഞ്ഞു. ഇതിനോടൊപ്പം ഒറ്റപ്പെടലും ഭയവും മാനസിക സംഘർഷങ്ങളും കൂടിയാ കുമ്പോഴാണ് നാട്ടാനകൾ ചെറിയ പ്രായത്തിൽ തന്നെ ചരിഞ്ഞു വീഴുന്നത്.
ക്ഷയരോഗവും പലപ്പോഴും നാട്ടാനകളുടെ മരണത്തിന് കാരണമാകുന്നു. സംസ്ഥാനത്ത് അവശേഷിക്കുന്ന നാട്ടാനകളിൽ ഇരുപത് ശതമാനത്തിനും ക്ഷയരോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, മറ്റ് അസുഖങ്ങളെ അപേക്ഷിച്ച് ക്ഷയം പെട്ടന്നുള്ള മരണത്തിന് കാരണമാകുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
സംരക്ഷണം വേണം
സംസ്ഥാനത്ത് ശക്തമായ നാട്ടാന പരിപാലന ചട്ടം നിലവിലുണ്ടെങ്കിലും മരണനിരക്ക് വർധിക്കുന്നത് ആശങ്കയുണർത്തുന്നു. പീഡനവും കൃത്യതയില്ലാത്ത പരിപാലനവും ചികിത്സ രീതികളിലെ അപര്യാപ്തതയും ചുരുങ്ങിയ കാലയളവുകൊണ്ട് ആനകളുടെ എണ്ണം ചുരുങ്ങാൻ കാരണങ്ങളാണ്.
"ആനസവാരി കോടതി നിരോധിച്ചുണ്ടെങ്കിലും കേരളത്തിന്റെ പലയിടങ്ങളിലും ഇവ അനധികൃതമായി നടക്കുന്നുണ്ടെന്ന് ആനപ്രേമിയായ ഡോ. എൻ. ജയചന്ദ്രൻ പറഞ്ഞു. കൃത്യമായ ചട്ടങ്ങൾ പാലിക്കാതെ മണിക്കൂറുകളോളമാണ് നാട്ടാനകളെ സവാരിക്കായി ഉപയോഗിക്കുന്നത്. ഇവ തടയാനുള്ള നടപടികളാണ് ആദ്യം വേണ്ടത്". നിലവിലുള്ള ആനകൾ സംരക്ഷിക്കാൻ വേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രാഥമികമായ കാര്യം ഇതാണ്" ജയചന്ദ്രൻ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/09/Elephant.jpg)
2003-ലെ നിയമപ്രകാരം വനത്തിൽ നിന്ന് പിടികൂടുന്ന ആനകളുടെ സംരക്ഷണം വനം വകുപ്പിൽ മാത്രം നിഷ്പിതമാണ്. ഇതിനൊപ്പം ശക്തമായ നാട്ടാനപരിപാലന നിയവും സംസ്ഥാനത്തുണ്ട്. എന്നാൽ നിലനിൽക്കുന്ന നിയമങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പ് സംസ്ഥാനത്തുണ്ടാകുന്നില്ലെന്നാണ് വിദ്ഗധർ ചൂണ്ടിക്കാണിക്കുന്നത്. നിയമങ്ങളുടെ കൃത്യമായ പരിപാലത്തിലുടെ മാത്രമേ അവശേഷിക്കുന്നവയേയെങ്കിലും സംരക്ഷിക്കാൻ സാധിക്കു.
Read More
- ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോ?;മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ഹൈക്കോടതി
- മാര്ഗരേഖയില് ഇളവില്ല; ആന എഴുന്നള്ളിപ്പില് നിലപാട് കടുപ്പിച്ച് ഹൈക്കോടതി
- ആന എഴുന്നെള്ളിപ്പിന് ഹൈക്കോടതി മാർഗനിർദേശം; പ്രായോഗികമല്ലെന്ന് പൂരം കമ്മിറ്റികൾ
- ആന എഴുന്നള്ളത്തിന് കൂച്ചുവിലങ്ങുമായി ഹൈക്കോടതി; കർശന നിയന്ത്രണങ്ങളോടെ മാർഗ്ഗരേഖ പുറത്തിറക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us