/indian-express-malayalam/media/media_files/2024/10/26/oZGx156owssF6h8cSxPz.jpg)
ഉചിതമായ അന്വേഷണം വേണമെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു
തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിൽ അന്വേഷണത്തിനൊപ്പം ശക്തമായ നടപടിയും വേണമെന്ന് ഇടതുമുന്നണിയിൽ പൊതുവികാരം. ഉചിതമായ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
ആരോപണം ശരിയെങ്കിൽ ശക്തമായ നടപടിയുണ്ടാകണമെന്നും ഇടതുമുന്നണിയിൽ ചർച്ചക്ക് വന്നാൽ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെന്നായിരുന്നു എകെ ശശീന്ദ്രൻറെ നിലപാട്.
പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ ഉയർന്നിട്ടുള്ളത്. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നൽകുന്നില്ലെന്നതിലായിരുന്നു വിശദീകരണം.
മുഖ്യമന്ത്രി മൗനത്തിൽ
എംഎൽഎമാർക്ക് കോഴ നൽകാനുള്ള തീരുമാനം അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടി എന്ത് കൊണ്ട് എടുത്തില്ലെന്ന് ചോദ്യവും ഇടതുമുന്നണിയിൽ ഉയരുന്നുണ്ട്. അന്വേഷണമോ നടപടിയോ ഉണ്ടാകാത്തതിൽ സിപിഎമ്മിനകത്ത് തന്നെ അതൃപ്തരുണ്ട്. ഇടതുമുന്നണിയിൽ ഇനി തോമസ് കെ തോമസിനെ സഹകരിപ്പിക്കരുതെന്നും കർശന നടപടി വേണമെന്നും അഭിപ്രായമുള്ളവരുമുണ്ട്.
മന്ത്രിസ്ഥാനത്തിലെ അടിപിടിക്ക് പിന്നാലെ വീണുകിട്ടിയ അവസരം പരമാവധി മുതലാക്കാനുള്ള ശ്രമത്തിലാണ് എകെ ശശീന്ദ്രൻ വിഭാഗം. കൂറുമാറ്റ കോഴ ആരോപണം പാർട്ടി ചർച്ചചെയ്യുമെന്ന് എകെ ശശീന്ദ്രനും വ്യക്തമാക്കുന്നു. അതേസമയം, തനിക്കെതിരെ ഉയർന്ന് ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് തോമസ് കെ തോമസ് എംഎൽഎ.
എല്ലാം നിഷേധിച്ച് തോമസ് കെ തോമസ് എഴുതി നൽകിയ വിശദീകരണം മുഖ്യമന്ത്രി മുഖവിലക്കെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തുടർ നീക്കങ്ങൾക്കാണ് ആലോചനയെന്നാണ് വിവരം.
ആയൂധമാക്കി പ്രതിപക്ഷം
ഭരണപക്ഷത്തെ എംഎൽഎമാർക്കെതിരെ ഉയർന്നുവന്ന കോഴ വിവാദം രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസും യുഡിഎഫും. കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് ഉയർന്ന് വന്ന ആരോപണം എൽഡിഎഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
Read More
- എഡിഎമ്മിന്റെ മരണം; ദിവ്യ കീഴടങ്ങില്ലെന്ന് സൂചന; പ്രതിഷേധവുമായി കോൺഗ്രസ്
- സംസ്ഥാനത്ത് ഇന്നും മഴ തുടരും; 8 ജില്ലകളിൽ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിനു വിലക്ക്
- മുഖ്യമന്ത്രിയുമായി സംസാരിച്ചു; തോമസ് കെ. തോമസ് നടത്തുന്നത് പരസ്പരവിരുദ്ധ പ്രസ്താവന: ആന്റണി രാജു
- ബലാത്സംഗ പരാതി: എസ്.പി സുജിത് ദാസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി
- പി. സരിന് നിരുപാധിക പിന്തുണ; പാലക്കാട് മത്സരിക്കില്ലെന്ന് എ.കെ ഷാനിബ്
- എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.